Advertisement

ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിൻ്റെ സല്യൂട്ട്; ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ മോഹൻലാലിന് കരസേനയുടെ ആദരം

October 7, 2025
Google News 2 minutes Read
mohanlal

ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെയും,രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന്റെയും പശ്ചാത്തലത്തിൽ നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.

“ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.

2009-ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെൻ്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

Read Also: ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

കൂടിക്കാഴ്ചയിൽ ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും, ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും മോഹൻലാൽ കരസേനാ മേധാവിക്ക് ഉറപ്പ് നൽകി. “പുതുതലമുറയെ സൈന്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾ മുന്നിലുണ്ട്,” അദ്ദേഹം അറിയിച്ചു.

കരസേനാ മേധാവിയിൽ നിന്ന് ലഭിച്ച ഈ അഭിനന്ദനം രാജ്യസേവനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ തനിക്ക് കൂടുതൽ പ്രചോദനമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയ്ക്ക് പുറമെ രാജ്യത്തിന്റെ സേനാരംഗത്തും മോഹൻലാൽ വഹിക്കുന്ന പങ്ക് ഈ ആദരവോടെ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.

Story Highlights : Army salutes Lieutenant Colonel; Mohanlal honored by Army after winning Phalke Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here