അന്ന് നയതന്ത്ര ബാഗേജ് സ്വര്‍ണ കടത്ത്; ഇന്ന് ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം; സര്‍ക്കാരിനെ പിന്തുടരുന്ന സ്വര്‍ണ വിവാദങ്ങള്‍
ഒന്നാം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ നടന്ന സ്വര്‍ണ കടത്ത്. കേരളം ഏറെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. 2020ല്‍ യുഎഇ കോണ്‍സുലേറ്റ് ഓഫീസിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്, മുന്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ്, ഐഎഎസുകാരനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ എന്നിവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസായിരുന്നു അത്.
യുഎഇയില്‍ നിന്നും നയതന്ത്രബാഗേജ് വഴി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് അയച്ച 30 കിലോഗ്രാം സ്വര്‍ണം കസ്്റ്റംസ് പിടികൂടുകയായിരുന്നു. കസ്റ്റംസ് പിടികൂടിയ സ്വര്‍ണം വിട്ടു കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ ഇടപെട്ടതാണ് വിവാദങ്ങളുടെ തുടക്കം.സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ കരാര്‍ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനിയടക്കം വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട സംഭവമായിരുന്നു സ്വപ്നാ സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ കടത്ത് കേസ്.
സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിച്ച കേസായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉണ്ടായി.
കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്രബാഗിലെ സ്വര്‍ണക്കടത്ത് വിവാദം പിന്നീട് മന്ത്രിതലത്തിലും ആരോപണങ്ങള്‍ക്ക് വഴിയൊരുങ്ങി. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെടി ജലീല്‍, സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ആരോപണ നിഴലില്‍ അകപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റു ചെയ്യപ്പെട്ടതോടെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസുവരെ എത്തി. കേരളത്തെ പിടിച്ചു കുലുക്കിയ നിരവധി ആരോപണങ്ങള്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ട സ്വപ്ന സുരേഷിനെ എന്‍ഐഎ സംഘം പിന്നീട് അറസ്റ്റു ചെയ്തു.
സ്വപ്ന സുരേഷ് പിന്നീട് രാഷ്ട്രീയ കേരളത്തെ പ്രതിരോധത്തിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി. ഇതെല്ലാം പ്രതിപക്ഷത്തിന് ലഭിച്ച മൂര്‍ച്ചയേറിയ ആയുധങ്ങളുമായി.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് പുറത്തുവന്ന് അഞ്ച് വര്‍ഷം തികയുമ്പോഴാണ് സ്വര്‍ണവുമായി ബന്ധപ്പെട്ട പുതിയ വിവാദം സര്‍ക്കാരിനെ വേട്ടയാടുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളിയാണ് പുതിയ തലവേദന.
1998ല്‍ മദ്യരാജാവിന്റെ സ്വര്‍ണം ഉപയോഗിച്ച് ശബരിമലയില്‍ ശ്രീകോവിലും ദ്വാരപാലക ശില്‍പവും മറ്റും സ്വര്‍ണം പൂശുന്നതിന് വന്‍ എതിര്‍പ്പുകളുയര്‍ന്നു. ഇത്തരം എതിര്‍പ്പുകള്‍ പരിഹരിച്ചാണ് ദേവസ്വം ബോര്‍ഡ് വിജയ് മല്യയില്‍ നിന്നും 30.3 കിലോ സ്വര്‍ണം കൈപ്പറ്റിയത്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സ്വര്‍ണപാളികളാണ് ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയിരിക്കുന്നത്. കേരള ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് അന്വേഷണം ശക്തിപ്രാപിച്ചത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല വീണ്ടും വിവാദങ്ങളില്‍ അകപ്പെട്ടത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പുതിയ വിവാദത്തിലെ പ്രതിനായകന്‍. സ്പോണ്‍സറെന്ന പേരില്‍ ശബരിമലയില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢസംഘത്തിന്റെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ് സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്‍ ദേവസ്വം അധ്യക്ഷനും അറിയില്ല, നിലവിലുള്ള അധ്യക്ഷനും അറിയില്ല. ദേവസ്വം മന്ത്രിക്കും അറിയില്ല. എന്നാല്‍ ഇവരൊക്കെയുമൊത്തുള്ള ഫോട്ടോകളും ഉണ്ട്.
കേരളത്തില്‍ നടന്നിരിക്കുന്ന വന്‍ കൊള്ളയാണ് ശബരിമലയിലേത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചില ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തില്‍ പ്രതിസ്ഥാനത്ത് എത്തുന്നത്. പട്ടിക വലുതാകുമോ, വിശ്വാസി സമൂഹം വിവാദം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റി വന്‍ തട്ടിപ്പുകള്‍ നടത്തിയെന്ന് സൂചന ലഭിച്ചിട്ടും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ പ്രതിപക്ഷം ആരോപണവുമായി രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. സ്വര്‍ണപ്പാളിയില്‍ തട്ടിപ്പുനടത്തിയത് ആരൊക്കെയെന്ന് വെളിപ്പെടുന്നതോടെ കേരള രാഷ്ട്രീയം വീണ്ടും തിളച്ചുമറിയും.
Story Highlights : Gold controversies following the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




