ശബരിമല സ്വര്‍ണപ്പാളി വിവാദം; ആരോപണങ്ങളില്‍ വലഞ്ഞ് സര്‍ക്കാര്‍
ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പില്‍ ചെമ്പ് പുറത്തുവരുമോ? ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്തുമോ? തട്ടിപ്പിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ സഹായം ലഭിച്ചോ? കേവലം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച കാരണമാണോ സ്വര്‍ണപ്പാളി ചെമ്പായി മാറിയത്? 1998ല്‍ വിജയ് മല്യയുടെ നേതൃത്വത്തില്‍ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ച് പൊതിഞ്ഞ ഭാഗങ്ങള്‍ എന്തിനാണ് 2019ല്‍ വീണ്ടും സ്വര്‍ണം പൊതിയാനായി കൊണ്ടുപോയത്? ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആരാണ് ശബരിമലയില്‍ സ്‌പോണ്‍സറായി കൊണ്ടുവന്നത്? ഉദ്യോഗസ്ഥതലത്തിലും നടന്ന ഉന്നതല ഗൂഢാലോചനയില്‍ ആര്‍ക്കൊക്കെ നേരിട്ടുപങ്കുണ്ട് ? തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥതലത്തിലും മറ്റും ബാഹ്യശക്തികള്‍ക്കും ഈ തട്ടിപ്പില്‍ പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളി അറ്റകുറ്റപണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചതുതന്നെ വന്‍ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന പ്രസ്താവന മാത്രമാണ് ദേവസ്വം വകുപ്പ് മന്ത്രിയില്‍ നിന്ന് ഉണ്ടായത്. ഉണ്ണികൃഷ്ണ്‍ പോറ്റിയെ അറിയില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും നിലവിലുള്ള പ്രസിഡന്റും വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ഫോട്ടോ പ്രചരിച്ചതോടെ മന്ത്രി വി എന്‍ വാസവനും പോറ്റിയെ അറിയില്ലെന്ന പ്രസ്താവന നടത്തിക്കഴിഞ്ഞു.
ശബരിമലയുടെ പ്രസക്തി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനായി കോടികള്‍ മുടക്കി ആഘോഷപൂര്‍വ്വം സംഘടിച്ചിച്ച ആഗോള അയ്യപ്പ സംഗമം തിരിച്ചടിയായോ എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചര്‍ച്ച. സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കഴിഞ്ഞ മാസം 20ന് പമ്പയിലായിരുന്നു ആഗോള അയ്യപ്പസംഗമം നടത്തിയത്. ആഗോള അയ്യപ്പ സംഗമം വലിയ വിവാദങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിയൊരുക്കി. പെട്ടെന്നൊരു ദിവസം അയ്യപ്പ ഭക്തരെ ഒരുമിച്ച് ചേര്‍ത്ത് ആഗോള അയ്യപ്പസംഗമം നടത്താന്‍ തീരുമാനിച്ചതിനുപിന്നിലെ ഭരണകക്ഷിയുടെ ചേതോവികാരം എന്തെന്നറിയാന്‍ വലിയ ശ്രമങ്ങളുണ്ടായി. ബിജെപിയും കോണ്‍ഗ്രസും ആഗോള അയ്യപ്പസംഗമം നടത്തിപ്പിന് എതിരായിരുന്നു.
Read Also: ശബരിമല സ്വര്‍ണ മോഷണ വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യാതിഥിയായി സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആയിരുന്നു. സ്റ്റാലിന്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തില്‍ നിന്നും അദ്ദേഹം പിന്‍വലിഞ്ഞു. സമീപ സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിമാര്‍ എത്തും എന്നു പ്രഖ്യാപിച്ചെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും ഒരു മന്ത്രിമാത്രം എത്തി. പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരേ കാറില്‍ വന്നിറങ്ങിയെന്നതായിരുന്നു പരിപാടിയിലെ ഏറ്റവും പ്രധാന സംഗമം.
സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി എത്തിയ 3500ല്‍പം അയ്യപ്പ ഭക്തരെ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിച്ചുവെന്നും, വന്‍ വിജയമായിരുന്നു സംഗമമെന്നും സര്‍ക്കാരും സിപിഐഎമ്മും പരസ്യപ്രസ്താവന നടത്തി. മുഖ്യമന്ത്രി അയ്യപ്പഭക്തനാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത് വെള്ളാപ്പള്ളി നടേശനായിരുന്നു. സിപിഐഎം ജന.സെക്രട്ടറി എം എ ബേബിയും മുതിര്‍ന്ന നേതാവ് എ കെ ബാലനും മാത്രമാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞത്. മറ്റു നേതാക്കളെല്ലാം മൗനം പാലിച്ചു. സിപിഐഎം വിശ്വാസികള്‍ക്ക് എതിരല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.
ആഗോള അയ്യപ്പസംഗമത്തിന്റെ തുടര്‍ച്ചയെന്നോണം മാതാ അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ അമൃത മഠത്തിലേക്ക് അയച്ച് സ്വീകരണച്ചടങ്ങ് നടത്തി. അമൃതാനന്ദമയിയെ ആലിംഗനം ചെയ്തത് സിപിഐഎമ്മിന്റെ നയമാറ്റത്തിന്റെ സൂചനയാണെന്ന നിലയില്‍ സൂചനകള്‍ നല്‍കി. രാഷ്ട്രീയ വിരുദ്ധ ചേരിയിലുള്ളവരേയും മറ്റും ഒപ്പം നിര്‍ത്താനുള്ള തിരക്കിട്ട നീക്കങ്ങള്‍ക്കിടയിലാണ് ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ പീഠം കാണാതായതായി ആരോപണം ഉയര്‍ന്നത്. 2019ല്‍ സ്വര്‍ണപൊതിനായി കൊണ്ടുപോയ ദ്വാരപാലക ശില്‍പത്തിന് വീണ്ടും സ്വര്‍ണം പൂശാന്‍ നിര്‍ദേശിച്ചതും, ആരുമറിയാതെ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിച്ചതും സംശയത്തിന് മൂര്‍ച്ചയേറ്റി. എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാന്‍ ആഗോള അയ്യപ്പസംഗമം ഗുണകരമായെന്ന സിപിഐഎമ്മിന്റെ വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് വിവാദം കൊടുമ്പിരികൊള്ളുന്നത്.
സര്‍ക്കാരിന്റെ നാവായി നിലകൊണ്ട എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ശബരിമല വിഷയത്തില്‍ ശക്തമായ ആരോപണവുമായി രംഗത്തെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ക്ഷേത്രഭരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം.
യുവതീ പ്രവേശന വിവാദത്തില്‍ അയ്യപ്പഭക്തരുടെ എതിര്‍പ്പിനെ വളരെ ബുദ്ധിമുട്ടിയാണ് സിപിഐഎം അതിജീവിച്ചത്. ശബരിമലയില്‍ എന്തുവിലകൊടുത്തും കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നിലപാട് സ്വര്‍ണപ്പാളി തട്ടിപ്പില്‍ ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ശബരിമലയിലെ സ്വര്‍ണപ്പാളി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെ സര്‍ക്കാര്‍ പതിരോധത്തിലായി. ശബരിമല വിഷയം സഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ടുദിവസമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സ്വര്‍ണപ്പാളി വിവാദത്തെ വളരെ ലഘുവായി കണ്ട ദേവസ്വം മന്ത്രി ഇപ്പോള്‍ മറുപറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഗോള അയ്യപ്പ സംഗമത്തെ തകര്‍ക്കാനും, അതിന്റെ പൊലിമ നഷ്ടപ്പെടുത്താനുമായാണ് വിവാദമെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ ആദ്യത്തെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള ബാധ്യത പോലും സര്‍ക്കാര്‍ കാണിച്ചില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ഉണ്ണികൃഷ്ണന്‍ പോറ്റിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ ആരോപണം. നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതോടെ വകുപ്പ് മന്ത്രിയും ഭരണപക്ഷവും പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞു. രണ്ടു ദിവസമായി നിയമസഭയില്‍ പ്രതിഷേധം തുടരുന്ന യുഡിഎഫ് സമരം കുറച്ചുകൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിനെ സംബന്ധിച്ച് പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്.
Story Highlights : Sabarimala gold plated controversy explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




