Advertisement

‘മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം’; സ്പീക്കര്‍ക്ക് കത്ത് നല്‍കി വി.ഡി സതീശൻ

October 8, 2025
Google News 2 minutes Read

നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. അവരുടെ കൂട്ടത്തിലുള്ള വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്ന കാഴ്ച കണ്ടല്ലോ. സാധാരണ നിലയ്ക്ക് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടി വച്ച പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയ തോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്‍ക്കും അറിയാം – മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പുരോഗമനവാദികള്‍ ആണെന്ന് പറയുന്നവരുടെ വായില്‍ നിന്ന് വരുന്നത് ഇത്തരം പരാമര്‍ശങ്ങളാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.

എട്ട് മുക്കാല്‍ അട്ടിവച്ചതുപോലെ ഉയരക്കുറവുള്ള ഒരാളാണ് ഈ സമരത്തില്‍ തള്ളിക്കയറിയത്, അയാള്‍ക്ക് ഒരു ആരോഗ്യവും ഇല്ല, അസംബ്ലിയുടെ പ്രിവിലേജ് ഉപയോഗിച്ചാണ് അത് ചെയ്തത് എന്ന്. ഉയരം കുറഞ്ഞ ആളുകളെ കേരളത്തിലെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ. അവരോട് അദ്ദേഹത്തിനെന്താ ദേഷ്യവും അവജ്ഞയും. ഇത് ബോഡി ഷെയ്മിങ്ങാണ്. പൊളിറ്റിക്കലി ഇന്‍കറക്ടായ ഒരു വാചകമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഞാന്‍ സ്പീക്കര്‍ക്ക് കത്ത് കൊടുക്കുകയാണ്. മുഖ്യമന്ത്രി അത് പിന്‍വലിച്ച് മാപ്പ് പറയണം – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights : CM Vijayan’s comment, V.D. Satheesan submits letter to Speaker.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here