‘സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’; ജനാഭിപ്രായം അറിയാൻ സർവേ നടത്താൻ സർക്കാർ
ജനാഭിപ്രായം അറിയാൻ സംസ്ഥാന സർക്കാർ. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവേ നടത്തും. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയാണ് സർവേ സംഘടിപ്പിക്കുക.
വികസന നിർദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികൾ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങൾ മനസ്സിലാക്കി വികസനം എത്തിക്കാനുള്ള ആസൂത്രണം നടത്തുക, ക്ഷേമപരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം.
സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പിനായി നാലംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിർവാഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കുന്നതിന് ഐ & പി.ആർ.ഡി ഡയറക്ടർക്ക് ചുമതല നൽകി.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, കോഴിക്കോട് ഐ.ഐ.എം. പ്രഫസർ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ.
ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് ഭാവി വികസനത്തിന് ഉപകരിക്കുന്ന രേഖയായി പഠന റിപ്പോർട്ട് മാറ്റുകയാണ് ലക്ഷ്യം.
Story Highlights : Kerala Government to conduct survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




