Advertisement

മുന്നേറ്റനിരയിൽ ഇനി പോർച്ചുഗീസ് കരുത്ത്; ടിയാഗോ ആൽവെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

October 8, 2025
Google News 2 minutes Read
kerala blasters

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ഈ കളിക്കാരൻ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ഈ 29 കാരൻ താരത്തെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്റർ ഫോർവേഡായും അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും തന്റെ മികവ് കളത്തിൽ തെളിയിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് അദ്ദേഹത്തിന് വഴി തുറന്നു.

ആൽവെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ഉണ്ടായത് ജപ്പാനിലാണ്. ജെ2 ലീഗിൽ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി അദ്ദേഹം തിളങ്ങി. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.

Read Also: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രീ-സീസൺ ക്യാമ്പ് ഗോവയിൽ ആരംഭിച്ചു

സ്പോർട്ടിംഗ് ഡയറക്ടർ, കരോളിസ് സ്കിൻകിസ്;


“ടിയാഗോയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പല ലീഗുകളിലും തന്റെ കഴിവ് തെളിയിച്ച കളിക്കാരനാണ് അദ്ദേഹം. പല റോളുകളിലും കളിക്കാനുള്ള കഴിവും ഗോൾ അടിക്കാനുള്ള മികവും ടീമിന് വലിയ ശക്തിയാകും. ഞങ്ങളുടെ മുന്നേറ്റനിരക്ക് ഇത് കൂടുതൽ കരുത്തും വേഗതയും നൽകും.”

കേരളാ ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനെ കുറിച്ച് ടിയാഗോ ആൽവെസ്:
“കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഈ പുതിയ തുടക്കത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. ഏഷ്യയിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ കിട്ടിയ നല്ല അവസരമാണിത്. കളിക്കളത്തിൽ എന്റെ നൂറ് ശതമാനം നൽകാനും കഠിനാധ്വാനം ചെയ്യാനും ഗോളുകൾ നേടാനും ഞാൻ കാത്തിരിക്കുന്നു,” ടിയാഗോ ആൽവെസ് പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ, അഭിക് ചാറ്റർജി;


ഈ സീസണിൽ ഒരു മികച്ച ടീമിനെ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, റിയാഗോയുടെ വിവിധ ആക്രമണ റോളുകളിൽ കളിക്കാനുള്ള കഴിവും യൂറോപ്പിലെയും ഏഷ്യയിലെയും പരിചയവും ഞങ്ങളുടെ കളി രീതിക്ക് ചേർന്നതാണ്. അദ്ദേഹത്തിന്റെ മികച്ച നിലവാരം, പ്രത്യേകിച്ച് കളി എപ്പോൾ വേണമെങ്കിലും മാറ്റിമറിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ടീമിന് ഗുണം ചെയ്യും. ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ ടിയാഗോ പ്രധാനിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ കളി ആരാധകർക്ക് തീർച്ചയായും ഇഷ്ടപ്പെടും.

വലത് കാൽ കൊണ്ട് കളിക്കുന്ന ടിയാഗോ ആൽവെസ് മികച്ച വേഗതയും കൃത്യമായി സ്ഥാനം കണ്ടെത്താനും കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാനും കഴിവുള്ള താരമാണ്. ഈ മികച്ച കളിമികവും വിദേശ ലീഗുകളിലെ പരിചയസമ്പത്തും ടീമിൻ്റെ ആക്രമണത്തിന് കൂടുതൽ ശക്തിയും മൂർച്ചയും നൽകും. പ്രീ-സീസൺ പരിശീലനത്തിനായി ടിയാഗോ ആൽവെസ് ഉടൻ തന്നെ ടീമിനൊപ്പം ചേരും. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റനിരയിൽ ഒരു നിർണായക താരമായിരിക്കും അദ്ദേഹം.

Story Highlights : Portuguese powerhouse now in the forward line; Kerala Blasters acquire Thiago Alves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here