ബീഹാര്‍ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ എതിരാളികൾക്കെതിരെ എഐ ദുരുപയോഗം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ബിഹാർ തെരഞ്ഞെടുപ്പിൽ എഐ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് പാർട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും, സ്റ്റാർ കാമ്പെയ്‌നർമാരും എഐ കണ്ടന്റുകൾ ലേബൽ ചെയ്യണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണമെന്നും നിർദേശമുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ ബിഹാറിൽ സീറ്റ് വിഭജന ചര്‍ച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നു. നിലവിൽ 50 കോണ്‍ഗ്രസ് സീറ്റുകളില്‍ ധാരണയായി. രണ്ട് സീറ്റുകളില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
2020-ൽ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമായിരുന്നു ജയിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ കോണ്‍ഗ്രസിന് 55 സീറ്റുകളേ നല്‍കാനാകൂ എന്നായിരുന്നു ആര്‍ജെഡിയുടെ നിലപാട്. 10 സീറ്റുകള്‍ കൂടി വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തില്‍ ചര്‍ച്ച തുടരുകയാണ്.
ചിരാഗ് പസ്വാന്‍റെ എല്‍.ജെ.പി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കുന്നു. എന്‍.ഡി.എയില്‍ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെ.ഡി.യു 107 സീറ്റിലും ബി.ജെ.പി 105 സീറ്റിലും മല്‍സരിക്കും. ശേഷിക്കുന്ന 31 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വീതിച്ചു നല്‍കാനും ആയിരുന്നു തീരുമാനം. 40 മുതൽ 54 സീറ്റ് വരെ വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍ രംഗത്തെത്തിയത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു.
Story Highlights : Election Commission warns against AI misuse in Bihar polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




