സ്വര്‍ണപ്പാളി വിവാദം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വിശ്വാസ സംഗമം സംഘടിപ്പിക്കും
ശബരിമല സ്വർണ്ണ മോഷണ വിവാദം ആളിക്കത്തുന്നതിനിടെ കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. ഇതേസമയത്തു തന്നെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്യോതി തെളിക്കും.
സ്വർണ്ണ മോഷണ വിവാദത്തിൽ തുടർ സമരങ്ങളിലൂടെ നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിശ്വാസ സംഗമത്തിന് പിന്നാലെ ഈ മാസം 14 മുതൽ കോൺഗ്രസിന്റെ മേഖലാജാഥകൾ ആരംഭിക്കും.നാല് മേഖലകളിൽ നിന്നുള്ള ജാഥ ഈ മാസം 18ന് പന്തളത്ത് സമാപിക്കും.
അതേസമയം സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. കൊല്ലത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പി കെ കൃഷ്ണദാസും ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരൻ, അഡ്വ. എസ്. സുരേഷ്, ഇടുക്കിയിൽ പി സുധീർ, കോട്ടയത്ത് അനൂപ് ആന്റണി, സി കൃഷ്ണകുമാർ, എറണാകുളത്ത് വി മുരളീധരൻ, തൃശൂരിൽ സി.കെ. പത്മനാഭൻ, പാലക്കാട് – ബി ഗോപാലകൃഷ്ണൻ, മലപ്പുറം – കെ കെ അനീഷ് കുമാർ, വയനാട് – എം ടി രമേശ്, കോഴിക്കോട് – കെ സുരേന്ദ്രൻ, കണ്ണൂർ – വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കാസർഗോഡ് – എ പി അബ്ദുള്ളക്കുട്ടി എന്നീ നേതാക്കൾ മാർച്ച് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുക.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു.ശബരിമല സ്വർണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോർഡ് പ്രസിഡൻറ്റും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
Story Highlights : Gold plate controversy Congress state-wide protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




