ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തൃശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം വി ഗീതയുടേതാണ് ഉത്തരവ്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പോലീസിനും റെയിൽവേക്കും നിർദേശം നൽകി.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറോടും, സതേൺ റെയിൽവേ ഡിവിഷണൽ മാനേജരോടുമാണ് റിപ്പോർട്ട് തേടിയത്. തിങ്കളാഴ്ച പുലർച്ചയാണ് ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളം നേരം മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ യുവാവിനെ കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്. നടുക്കുന്ന സംഭവം ട്വന്റിഫോർ പുറത്തുവിട്ടതോടെ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലന്ന് റെയിൽവേ കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താൻ റെയിൽവേ ഉദ്യോഗസ്ഥർ ഏകോപനത്തോടെ പ്രവർത്തിച്ചുവെങ്കിലും രാത്രി സമയമായതിനാൽ ആംബുലൻസ് എത്തിക്കാൻ വൈകിയെന്നാണ് റെയിൽവേ പറയുന്നത്.
Story Highlights : Human Rights commission Suo moto in man collapsed died in Thrissur railway platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




