നാളെ തീയേറ്ററുകളില്‍ കാര്‍ത്തികേയന്റെ പൂരം; രാവണപ്രഭു റീറിലീസിന് മണിക്കൂറുകള്‍ മാത്രം
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭു റീറിലീസ് നാളെ. കേരളത്തിലെ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. അതിശക്തനായ നായകന്‍, മംഗലശ്ശേരി നീലകണ്ഠന്‍. മംഗലശ്ശേരി നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയന്റെ കഥയാണ് രാവണപ്രഭു പറയുന്നത്.
രാവണപ്രഭു 4കെ മികവില്‍ എത്തുമ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും. കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ട്രെയിലര്‍ മോഹന്‍ലാല്‍ ആരാധകരെ ഹരംകൊള്ളിക്കുന്നതായിരുന്നു. കാര്‍ത്തികേയന്റെ മാസ് ഡയലോഗുകളും, നീലകണ്ഠന്റെ വൈകാരിക പ്രകടനങ്ങളുമടങ്ങുന്ന ട്രെയിലര്‍ ഇതിനകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.
റീറിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമകളില്‍ ഏറെ ശ്രദ്ധേയമായിരുന്നത് ഛോട്ടോ മുംബൈ ആയിരുന്നു. സ്ഫടികവും ശ്രേദ്ധേയമായി. തീയേറ്ററില്‍ തിരിച്ചടി കിട്ടിയ ദേവദൂതന്‍ 4കെ മികവോടെ വീണ്ടും പ്രദര്‍ശനത്തിയപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 2001ല്‍ റിലീസ് ചെയ്ത ദേവാസുരം 24 വര്‍ങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുമ്പോള്‍ അതൊരു ചരിത്രമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
മോഹന്‍ലാല്‍ എന്ന നടനെ മാസ് നായകനാക്കി മാറ്റിയ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമെന്ന നിലയില്‍ രാവണപ്രഭു വലിയൊരു ദൃശ്യവിരുന്നായിരുന്നു. മംഗലശ്ശേരി നീലകണ്ഠന്റെ ബദ്ധശത്രുവായിരുന്ന മുണ്ടക്കല്‍ ശേഖരനുമായുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് ദേവാസുരത്തിന്റെ കഥ പുരോഗമിച്ചത്. ഒരു കൈ നഷ്ടപ്പെട്ട മുണ്ടക്കല്‍ ശേഖരനാണ് രാവണപ്രഭുവിലെത്തിയത്. ദേവാസുരത്തില്‍ സെന്റിമെന്റ്സിനായിരുന്നു പ്രാധാന്യമെങ്കില്‍ രാവണപ്രഭു കുറച്ചുകൂടി മാസായാണ് ഒരുക്കിയിരുന്നത്.
നീലകണ്ഠന്റെയും ഭാനുമതിയുടെയും വിവാഹദിനത്തില്‍ നീലകണ്ഠന്റെ സുഹൃത്തുക്കളിലൊരാളായ കുഞ്ഞനന്തനെ മുണ്ടക്കല്‍ ശേഖരന്‍ കൊലപ്പെടുത്തുന്നു. ഇതിന്റെ പേരില്‍ ജയിലില്‍ കിടന്നതിന്റെ സ്മരണകള്‍ വര്‍ത്തമാനകാലത്തും മുണ്ടക്കല്‍ ശേഖരനെ വേട്ടയാടുന്നുണ്ട്. തന്റെ വലംകൈ വെട്ടിമാറ്റിയ നീലകണ്ഠനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നു. തന്റെ സഹായികളിലൊരാളായ ഹൈദ്രോസിന്റെ മകള്‍ സുഹറയുടെ പഠനച്ചെലവിനായി മംഗലശ്ശേരിയുടെ ആധാരം നീലകണ്ഠന്‍ ബാങ്കില്‍ പണയപ്പെടുത്തുന്നു. ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് മംഗലശ്ശേരിയുടെ അടിത്തറയിളക്കാന്‍ ശേഖരന്‍ തീരുമാനിക്കുന്നു. ഇതാണ് രാവണപ്രഭുവില്‍ കാര്‍ത്തികേയന്‍-മുണ്ടക്കല്‍ ശേഖരന്‍ പോരാട്ടങ്ങളുടെ തുടക്കം.
മംഗലശേശരി നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനുമായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം ആരേയും അത്ഭുതപ്പെടുത്തും. ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരക്സാരം നേടിയ ആ മഹാനടന്റെ ഏറ്റവും ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളായിരുന്നു ദേവാസുരവും, രാവണപ്രഭുവും. രാവണപ്രഭു കൂടുതല്‍ ദൃശ്യമികവോടെ എത്തുന്നത് പുതിയ തലമുറയിലെ പ്രേക്ഷര്‍ക്ക് മികച്ച അനുഭവമായി മാറും.
തമിഴ് താരം നെപ്പോളിയന്‍ അവതരിപ്പിക്കുന്ന മുണ്ടക്കല്‍ ശേഖരന്‍ അതിഗംഭീര വില്ലനായിരുന്നു. മംഗലശേരി നീലകണ്ഠനേയും കാര്‍ത്തികേയനേയും കരുത്തരായ കഥാപാത്രമാക്കി മാറ്റുന്നത് പ്രതിനായക വേഷത്തിലെത്തിയ നെപ്പോളിയന്‍ തന്നെ. ശേഖരന്റെ മകളും ഡോക്ടറുമായ ജാനകിയായി എത്തുന്നത് വസുന്ധരാ ദാസാണ്. മംഗലശ്ശേരി നീലകണ്ഠന്റെ ജീവിത സഖിയായ ഭാനുമതിക്ക് ജീവന്‍ നല്‍കിയ രേവതി അടക്കം വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. മലയാള സിനിമ ഒരിക്കലും മറക്കാത്ത ചില കഥാപാത്രങ്ങള്‍ ഈ ചിത്രം ജീവന്‍ നല്‍കിയിരുന്നു.
ഇന്നസെന്റ് വാര്യരായി ജീവിക്കുന്ന ചിത്രങ്ങളായിരുന്നു ദേവാസുരവും രാവണപ്രഭുവും. മംഗലശ്ശേരി നീലകണ്ഠന്റെ നിഴലായി ജീവിച്ച വാര്യര്‍.
വിജയരാഘവന്‍, സിദ്ദിഖ്, സായികുമാര്‍, എന്‍ എഫ് വര്‍ഗീസ്, മനോജ് കെ ജയന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മധുപാല്‍, അഗസ്റ്റിന്‍, സുകുമാരി, നളിനി, മഞ്ജുപിള്ള തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ആകാശ ദീപങ്ങള്‍ സാക്ഷി…..വന്ദേമുകുന്ദഹരേ..തുടങ്ങിയ ആറ് ഗാനങ്ങള്‍ മലയാളികള്‍ കഴിഞ്ഞ 24 വര്‍ഷമായി പാടിക്കൊണ്ടിരുന്നവയാണ്.
Story Highlights : Mohanlal’s ‘Ravanaprabhu’ returns in 4K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




