മൈ ഫ്രണ്ട് ട്രംപുമായി സംസാരിച്ചു, ഗസ സമാധാന പദ്ധതി വിജയത്തിന് അഭിനന്ദിച്ചു; പ്രധാനമന്ത്രി
അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സമാധാന ശ്രമത്തിലെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും അവലോകനം ചെയ്തതായും മോദി പറഞ്ഞു
“എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു, ചരിത്രപരമായ ഗസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതിയും അവലോകനം ചെയ്തു.”- മോദി എക്‌സിൽ കുറിച്ചു.
ഇസ്രയേലും ഹമാസും തന്റെ 20 പോയിന്റുകൾ ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വന്നത്.
ഇത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം ആണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം വർദ്ധിപ്പിക്കുന്നതും ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഈജിപ്തില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഹമാസും ഇസ്രയേലും ഒപ്പുവെച്ചത്. ഇരുവരും ആദ്യ ഘട്ടം അംഗീകരിച്ചതായി ട്രംപായിരുന്നു അറിയിച്ചത്. പിന്നാലെ ആദ്യ ഘട്ടം അംഗീകരിച്ചതായി ഇരുകൂട്ടരും വ്യക്തമാക്കുകയായിരുന്നു.
ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു’, നെതന്യാഹു പറഞ്ഞു.
Story Highlights : narendra modi talks with donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




