തിരുവനന്തപുരം ഇക്ബാൽ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; പൊലീസ് ലാത്തി വീശി
തിരുവനന്തപുരം പെരിങ്ങമ്മലയിലെ ഇക്ബാൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി എസ്.എഫ്.ഐ. കെ.എസ്.യു. വിദ്യാർഥികൾ തമ്മിൽ കടുത്ത സംഘർഷം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു. വിജയിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കെ.എസ്.യു.വിന്റെ വിജയാഘോഷത്തിനിടെയുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികളാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെടുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ലാത്തി വീശുകയും ചെയ്തത്. സംഘർഷത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇരുവിഭാഗത്തിലേയും ഏതാനും വിദ്യാർഥികൾക്ക് പരിക്കേറ്റതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയോര മേഖലയിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പെരിങ്ങമ്മല ഇക്ബാൽ കോളജ്. കൂടുതൽ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കോളജ് പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights : Clashes break out during union elections at Iqbal College, Thiruvananthapuram; Police resort to lathicharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




