റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മരുന്ന് മാറി നല്‍കിയെന്ന പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; സമഗ്ര അന്വേഷണത്തിന് ഉത്തരവ്
റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ തലച്ചോറിനെ ബാധിച്ച ക്യാന്‍സറിന് ചികിത്സയിലുള്ളവര്‍ക്ക് ശ്വാസകോശ ക്യാന്‍സര്‍ ബാധിതര്‍ക്കുള്ള കീമോതെറാപ്പി ഗുളികകള്‍ മാറി നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരാതിയില്‍ സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. (human rights commission on Complaint of wrong cancer medication)
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണമെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍.സി.സി. ഡയറക്ടറും സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
നവംബര്‍ 6 ന് രാവിലെ 10 ന് കമ്മീഷന്‍ ആസ്ഥാനത്ത് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തുന്ന സിറ്റിംഗില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെയും ആര്‍.സി.സി. ഡയറക്ടറുടെയും പ്രതിനിധികള്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Story Highlights : human rights commission on Complaint of wrong cancer medication
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




