Advertisement

‘സമാധാന നൊബേല്‍ ട്രംപിന് സമര്‍പ്പിക്കുന്നു, നന്ദി അറിയിക്കുന്നു’; ജേതാവ് മരിയ കൊറീനാ മച്ചാഡോ

October 10, 2025
Google News 4 minutes Read
I dedicate Nobel to Trump for backing our cause Maria Corina Machado

സമാധാന നൊബേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ലഭിക്കാത്തതില്‍ വൈറ്റ് ഹൗസ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ തനിക്ക് ലഭിച്ച പുരസ്‌കാരം ട്രംപിന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ച് ജേതാവ് മരിയ കൊറീനാ മച്ചാഡോ. വെനസ്വേലന്‍ ജനതയുടെ പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണ് തനിക്ക് ലഭിച്ച പുരസ്‌കാരമെന്നും തങ്ങള്‍ക്കൊപ്പം നിന്നതിന് അമേരിക്കന്‍ ജനതയോടും ട്രംപിനോടും നന്ദി അറിയിക്കുന്നുവെന്നും മരിയ കൊറീനാ മച്ചാഡോ പറഞ്ഞു. സ്വാതന്ത്ര്യം നേടുക എന്ന തന്റെ ജനതയുടെ പരമമായ ലക്ഷ്യത്തിന് തന്റെ പുരസ്‌കാരനേട്ടം കരുത്താകുന്നുണ്ടെന്ന് മരിയ എക്‌സില്‍ കുറിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും നേടാനുള്ള തങ്ങളുടെ പോരാട്ടത്തിനൊപ്പം നിന്ന അമേരിക്കയേയും, ട്രംപിനേയും, ലാറ്റിന്‍ അമേരിക്കന്‍ ജനതയേയും, ലോകത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രങ്ങളേയും നന്ദിപൂര്‍വം ഓര്‍ക്കുന്നതായും മരിയ കൊറീനാ മച്ചാഡോ എഴുതി. (I dedicate Nobel to Trump for backing our cause Maria Corina Machado)

ഗസ്സ വെടിനിര്‍ത്തലിലെ ഇടപെടല്‍ ലോകം പ്രശംസിക്കുന്നതിനിടെയും കണ്‍മുന്നില്‍ നിന്ന് സമാധാന നൊബേല്‍ വഴുതിപ്പോയതിന്റെ അതൃപ്തി വൈറ്റ് ഹൗസ് മറച്ചുവച്ചില്ല. സമാധാനത്തേക്കാള്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നത് രാഷ്ട്രീയത്തിനാണെന്ന് നൊബേല്‍ കമ്മിറ്റി തെളിയിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. സമാധാന ഉടമ്പടികളുണ്ടാക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുമായ സമാധാന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ട്രംപ് ഇനിയും തുടരും. തന്റെ ഇച്ഛാശക്തിയാല്‍ പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു മനുഷ്യസ്‌നേഹിയേയും കണ്ടെത്താനാകില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

Read Also: ട്രംപിനല്ല; സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്

ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു. ‘നൊബേല്‍ ലഭിക്കാതിരുന്നാല്‍ രാജ്യത്തിന് അത് വലിയ അപമാനമാകും’ എന്നാണ് പ്രതികരണം. ഏറ്റവുമൊടുവില്‍ ഹമാസ് -ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയായി ട്രംപ് ഉയര്‍ത്തിക്കാട്ടി. തനിക്ക് വേണ്ടി നോബെല്‍ സമ്മാനത്തിന് ലോബിയിങ് നടത്താന്‍ നോര്‍വെയിലെ ധനമന്ത്രിയായ മുന്‍ നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിനെ ട്രംപ് വിളിക്കുക പോലും ചെയ്തിരുന്നു.

സമാധാനത്തിനുള്ള നൊബേലിനായി 338 നോമിനികളെയാണ് നൊബെല്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ 244 വ്യക്തികളും 94 എണ്ണം സംഘടനകളുമാണ്. നോര്‍വെയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുത്ത അഞ്ചംഗങ്ങളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര സമിതിയിലുള്ളത്. ഈ വര്‍ഷം ജനുവരി 31-നായിരുന്നു നാമനിര്‍ദ്ദേശത്തിനുള്ള അവസാന തീയതി. ലോകരാജ്യങ്ങളുടെ സര്‍ക്കാരുകളില്‍ നിന്നും ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നിന്നോ ചരിത്രം, സാമൂഹ്യശാസ്ത്രം, നിയമം, ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളിലെ സര്‍വകലാശാല പ്രൊഫസര്‍മാരടക്കമുള്ളവരില്‍ നിന്നുമാണ് നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാറുള്ളത്. നോമിനികളുടെ പേര് നാമനിര്‍ദ്ദേശം ചെയ്തവര്‍ പ്രഖ്യാപനം വരെ രഹസ്യമായി വയ്ക്കണമെന്നാണ് നിയമം.

Story Highlights : I dedicate Nobel to Trump for backing our cause Maria Corina Machado

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here