ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യും; ദേവസ്വം ഉദ്യോഗസ്ഥരടക്കം പ്രതികളായേക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെന്ന് വിവരം. കോടതി ഉത്തരവില്‍ ഉള്‍പ്പെട്ടവര്‍ കേസില്‍ പ്രതികളാകും. ദേവസ്വം ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കാനാണ് സാധ്യത. സ്വര്‍ണക്കൊള്ളയിലെ ദേവസ്വത്തിന്റെ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. (sabarimala gold theft case will register at Crime Branch headquarters)
ഇന്ന് വൈകീട്ടാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശബരിമലയില്‍ സ്വര്‍ണ മോഷണം എന്ന നിലയ്ക്കുള്ള പരാതിയാണ് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയായ പമ്പയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഘട്ടത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിന്നീട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തീരുമാനിക്കുകയായിരുന്നു.
കോടതി ഉത്തരവില്‍ ഉള്‍പ്പെട്ടവരെ പ്രതികളാക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കിയാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവര്‍ ഉള്‍പ്പെടെ സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളാകും. ദേവസ്വം ബോര്‍ഡിനെ ഉന്നതര്‍ ഉള്‍പ്പെടെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണ് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
മുരാരി ബാബുവിന്റെ പേര് മുതല്‍ ദേവസ്വം സെക്രട്ടറി ജയശ്രിയുടെ പേര് വരെ പരാമര്‍ശിച്ച് കൊണ്ടുള്ള വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. 2018ന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഈ ഉദ്യോഗസ്ഥരില്‍ ആര്‍ക്കൊക്കെ എന്തെല്ലാം റോള്‍ എന്നത് കൃത്യമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 2019ല്‍ സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണത്തെ ചെമ്പെന്ന് ബോധപൂര്‍വം രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
Story Highlights : sabarimala gold theft case will register at Crime Branch headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




