Advertisement

സിപിഐഎം ക്രിമിനലുകളും സിപിഐഎമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്ന് ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചു; വി ഡി സതീശൻ

October 10, 2025
Google News 1 minute Read

ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചത് സി.പി.ഐ.എം ക്രിമിനലുകളും സി.പി.എമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിരവധി യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വർണ്ണക്കവർച്ചയും സ്വർണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിൻ്റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.പി.ഐഎമ്മിനു വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എ.കെ.ജി സെൻ്ററിൽ നിന്നല്ലെന്നത് ഓർക്കണം. ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ട. പേരാമ്പ്ര സി.കെ.ജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നിങ്ങൾക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും മറക്കരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു. സിപിഐഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണം. എങ്ങനെയും കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഐഎം നേതൃത്വം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഭഗവാന്റെ സ്വര്‍ണത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനാകെ ഹാലിളകിയിരിക്കുകയാണ്. ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും തെല്ലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത സിപിഐഎം നാടാകെ അക്രമം അഴിച്ചുവിടാന്‍ പൊലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാഫിക്കെതിരായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സിപിഐഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമരാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദേഹത്ത് പൊടിഞ്ഞ ചോരയക്ക് കോണ്‍ഗ്രസ് കണക്കു ചോദിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായത് സിപിഎമ്മും പോലീസും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും അതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രതികരിച്ചു. ഷാഫി പറമ്പിലിനും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസുത്രണം ചെയ്തത്. പോലീസ് അത് നടപ്പിലാക്കുകയായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ പണിയാണ് ഇപ്പോള്‍ കേരള പൊലീസിന്. മനപൂര്‍വ്വം നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമം.

ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിനെ ഏതുവിധേനയും രാഷ്്ട്രീയമായും കായികമായും ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ നേരത്തെ തന്നെ സിപിഐഎം നടത്തിയിരുന്നു. വ്യാജ ആരോപണങ്ങളും കയ്യേറ്റശ്രമങ്ങളും നിരവധി തവണ ഷാഫി പറമ്പിലിന് നേരെ സിപിഐഎം നടത്തി. ജനാധിപത്യ രീതിയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരിലാണ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് സിപിഎം കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Story Highlights : v d satheeshan against shafi parambil attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here