‘പൊലീസിന്റെ കയ്യും കാലും തല്ലിയൊടിക്കും, കേസ് വന്നാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും’; ഭീഷണിയുമായി മുഹമ്മദ് ഷിയാസ്
പൊലീസിനെ ഭീഷണിപ്പെടുത്തി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.കേസ് വന്നാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും.നിങ്ങൾക്കും കുടുംബവും, മക്കളും ഉണ്ടെന്ന് മറക്കരുതെന്നുമാണ് ഭീഷണി.
നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് മാർച്ച് നടത്തി സ്വസ്ഥത കളയാൻ കോൺഗ്രസിന് കഴിയും എന്നും ഡിസിസി പ്രസിഡൻറ് ഭീഷണി മുഴക്കുന്നു. ഒരുത്തനെയും തെരുവിലൂടെ നടത്തില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. പള്ളുരുത്തി പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു വിവാദ പ്രസംഗം.
അതേസമയം ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പൊലിസിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പോലീസിനെതിരെ കടുത്ത വിമർശനമാണ് പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിൽ ഉയർന്നത്. പോലീസിന്റെ എല്ലാ നടപടികളെയും ആറുമാസം കഴിഞ്ഞാൽ യുഡിഎഫ് ചോദ്യം ചെയ്യുമെന്ന് കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ്. പേരാമ്പ്ര ഡിവൈഎസ്പിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഡിവൈഎസ്പിയുടെ വീടിനുമുന്നിൽ പ്രതിഷേധം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റെ കെ പ്രവീൺ കുമാർ വ്യക്തമാക്കി.സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ആണ് ഉയർന്നത്.
എറണാകുളം തോപ്പുംപടിയിലും മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.വയനാട് കൽപ്പറ്റയിലും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.വടകര റൂറൽ എസ് പി കെ ഇ ബൈജുവിന്റെ ചേർത്തലയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കോലം കത്തിക്കാൻ എത്തിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി.
Story Highlights : Ernakulam DCC president Mohammed Shiyas threatens police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




