Advertisement

പ്രൈം വോളിബോള്‍ ലീഗ് : കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പിഡോസ്

October 11, 2025
Google News 2 minutes Read

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മൂന്നാം തോല്‍വി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പിഡോസിനോട് തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വി പിണഞ്ഞത്. സ്‌കോര്‍: 15-13, 15-17, 9-15, 12-15. ബെംഗളൂരു വിജയക്കുതിപ്പ് തുടര്‍ന്നു. മാറ്റ് വെസ്റ്റാണ് കളിയിലെ താരം. ഇതുവരെ ഒരു മത്സരം മാത്രമാണ് കൊച്ചിക്ക് ജയിക്കാനായത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. സി.കെ അഭിഷേകിന്റെ മിന്നുന്ന ആക്രമണ നീക്കങ്ങളാണ് കൊച്ചിക്ക് ഗുണമായത്.

എന്നാല്‍ ബെംഗളൂരു വിട്ടുകൊടുത്തില്ല. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെ അവര്‍ തിരിച്ചെത്തി. ക്യാപ്റ്റനും സെറ്ററുമായ മാത്യു വെസ്റ്റ് സഹതാരങ്ങള്‍ക്ക് മികച്ച രീതിയില്‍ അവസരമൊരുക്കിയതോടെ കളി ബെംഗളൂരുവിന് അനുകൂലമായി. നിതിന്‍ മന്‍ഹാസാണ് ബംഗളൂരു ബ്ലോക്കര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക സൂപ്പര്‍ പോയിന്റ് സമ്മാനിച്ചത് നിതിനായിരുന്നു. ഇതിനിടെ തന്ത്രപരമായ റിവ്യൂവിലൂടെ കൊച്ചി കളി കൈവിടാതെ സൂക്ഷിച്ചു.

എറിന്‍ വര്‍ഗീസായിരുന്നു കൊച്ചിയുടെ ആയുധം. പക്ഷേ, ജോയെല്‍ ബെഞ്ചമിനും യാലെന്‍ പെന്റോസും ബെംഗളൂരുവിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സമ്മര്‍ദത്തിലായി. ഇതിനിടെ സെറ്റര്‍ ബയ്‌റണ്‍ കെറ്റുറാകിസ് പരിക്കേറ്റ് മടങ്ങിയത് കൊച്ചിയുടെ താളം തെറ്റിച്ചു. പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. കൊച്ചിയുടെ തളര്‍ച്ച മുതലാക്കി ടോര്‍പ്പിഡോസ് ആഞ്ഞടിച്ചു. പെന്റോസായിരുന്നു ആക്രമണകാരി. മറുവശത്ത് കൊച്ചി പിഴവുകള്‍ നിരന്തം വരുത്താനും തുടങ്ങി. ബെംഗളൂരു ആക്രമണനിരയില്‍ സേതു കൂടി ചേര്‍ന്നതോടെ കളി ഏകപക്ഷീയമായി മാറുകയായിരുന്നു. അരവിന്ദിനെ കളത്തിലെത്തിച്ച് കൊച്ചി തിരിച്ചടിക്കാന്‍ ശ്രമിച്ചു.

പക്ഷേ, ആ ശ്രമങ്ങള്‍ക്കൊന്നും വലിയ ആയുസുണ്ടായില്ല. ബെംഗളൂരു കൊച്ചി പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ജോയെല്‍ ബെഞ്ചമിന്റെ കരുത്തുറ്റ സ്‌പൈക്കില്‍ ബെംഗളൂരു സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. നാളെ (ഞായര്‍) രണ്ട് മത്സരങ്ങളാണ്. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും, വൈകിട്ട് 6.30നാണ് കളി. കഴിഞ്ഞ മൂന്ന് മത്സരത്തിലും കാലിക്കറ്റിന് തോല്‍വിയായിരുന്നു. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും ഏറ്റുമുട്ടും.

Story Highlights :Prime Volleyball League: Bengaluru Torpedoes defeat Kochi Blue Spikers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here