‘സിപിഐഎം പൊലീസ് അക്രമത്തെ ന്യായീകരിക്കുന്നതില്‍ സഹതാപം, പുഷ്പനെക്കുറിച്ച് വാതോരാതെ സംസാരിച്ചവര്‍ക്ക് ഇപ്പോള്‍ ചോരയെന്ന് പറയുമ്പോള്‍ പരിഹാസം’: രാഹുല്‍ മാങ്കൂട്ടത്തില്‍
മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളേയും സംസ്ഥാനത്തെ പൊലീസ് ചോരയില്‍ മുക്കി കുളിപ്പിച്ചാലും അയ്യപ്പന്റെ പൊന്നെവിടെയെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അയ്യപ്പന്റെ സ്വര്‍ണമെവിടെയെന്നും അത് ആര്‍ക്കാണ് വിറ്റതെന്നും എത്ര കോടിക്കാണ് വിറ്റതെന്നും അവസാനശ്വാസംവരെ ചോദിച്ചുകൊണ്ടേ ഇരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. അയ്യപ്പന്റെ പൊന്ന് കട്ടവന്മാരെ വെറുതെ വിടാന്‍ തങ്ങള്‍ ഉദ്ദേശിക്കുനന്നില്ല. ആശുപത്രിയിലേക്ക് കയറുന്നതിന് മുന്‍പ് പോലും ഷാഫി പറമ്പില്‍ പ്രതികരിച്ചതും അദ്ദേഹത്തെ തല്ലിയതിനെക്കുറിച്ചല്ല അയ്യന്റെ പൊന്ന് കട്ടതിനെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Rahul Mamkoottathil on police attack against shafi parambil)
ഷാഫിക്ക് പൊലീസ് മര്‍ദനമേറ്റില്ലെന്ന റൂറല്‍ എസ്പിയുടെ വാദത്തെ രാഹുല്‍ പൂര്‍ണമായി തള്ളി. ബൈജു എന്ന നൊട്ടോറിയസ് ക്രിമിനല്‍ കള്ളം പറഞ്ഞത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹം റൂറല്‍ എസ് പിയുടെ പണിയെടുത്താല്‍ മതി സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പണി കൂടിയെടുക്കേണ്ട. ഇനി അതല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുന്നതുപോലെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാരിനോടുള്ള ഉപകാരസ്മരണയുമായി മെക്കിട്ട് കേറാമെന്ന് ആരും കരുതേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
സിപിഐഎം നേതാക്കള്‍ പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു. പുഷ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹമേറ്റ മര്‍ദനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ പൊലീസ് ആക്രമണത്തില്‍ പരുക്ക് പറ്റിയെന്നും ചോര വന്നെന്നുമെല്ലാം കേള്‍ക്കുമ്പോള്‍ പരിഹാസമാണ്. അയ്യപ്പന്റെ പൊന്ന് കട്ടത് മറയ്ക്കാനാണ് പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നതെങ്കില്‍ അത് വെറുതെയാണ് ഈ നാട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Rahul Mamkoottathil on police attack against shafi parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




