Advertisement

ഭിന്നശേഷി അധ്യാപക നിയമനത്തിൽ പരിഹാരം ഉടനെന്ന് മന്ത്രി ശിവൻകുട്ടി; ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

October 11, 2025
Google News 2 minutes Read

ഭിന്നശേഷി അധ്യാപക നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സവവായ നീക്കവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർ‌ച്ച് ബിഷപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 13-ന് നടക്കുന്ന ചർച്ചയിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും മന്ത്രി പറഞ്ഞു.

രണ്ട് മണിയോടുകൂടിയാണ് മന്ത്രി ശിവൻകുട്ടിയും കേരള കോൺ​ഗ്രസ് നേതാവ് ജോസ്കെ മാണിയും ബിഷപ്പിനെ കാണാനെത്തിയത്. സഭയുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ഇടപെടൽ സർക്കാരിന്റ ഭാ​ഗത്ത് നിന്നുമുണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പ് നൽകി. വിഷയം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരമുണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും പ്രതികരിച്ചു.

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വലിയ തർക്കവും പോർവിളിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സർക്കാർ നിലപാടിനെയും വിദ്യാഭ്യാസ മന്ത്രിയെയും ആർച്ച് ബിഷപ്പ് രൂക്ഷമായി വിമർശിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെസിബിസി അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

Story Highlights : V Sivankutty on disability reservation aided school appointment crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here