പഴയ സ്വര്‍ണ്ണപ്പാളി എവിടെപ്പോയെന്ന് അറിയില്ല; ബംഗളൂരുവില്‍ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി; ശില്‍പി എളവള്ളി നന്ദന്‍
ശബരിമലയിലെ പഴയ സ്വര്‍ണ്ണപ്പാളി എവിടെപ്പോയെന്ന് അറിയില്ലെന്ന് പുതിയ വാതില്‍ നിര്‍മ്മിച്ച ശില്‍പി എളവള്ളി നന്ദന്‍. പഴയ സ്വര്‍ണം പൊതിഞ്ഞ വാതിലില്‍ നിന്ന് സ്വര്‍ണ്ണപ്പൂട്ട് മാത്രമാണ് എടുത്തത്. ബാക്കി സ്വര്‍ണപ്പാളി എന്തു ചെയ്തുവെന്ന് തനിക്ക് അറിയില്ല. എളവള്ളിയില്‍ വച്ച് വാതില്‍ നിര്‍മ്മിക്കാം എന്ന് അറിയിച്ചിട്ടും ബംഗളൂരുവില്‍ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി. വിവാദങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും വിളിച്ചെന്നും എളവള്ളി നന്ദന്‍ പറഞ്ഞു.
വാതില്‍ ഇണക്കാന്‍ പോയ സമയത്ത് ദേവസ്വത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പൊലീസും ഉണ്ടായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉണ്ടായിട്ടും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചത് പോറ്റിയാണ്. അന്ന് തങ്ങള്‍ തങ്ങിയത് പോലീസ് സ്റ്റേഷനില്‍ – അദ്ദേഹം പറഞ്ഞു.
പണി ചെയ്തത് ബാംഗ്ലൂര്‍ ഉള്ള ശ്രീരാമപുരത്ത് അമ്പലത്തില്‍ വച്ചിട്ടാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് അവിടെ ചെയ്യാമെന്ന് പറഞ്ഞത്. ഇവിടെ വച്ച് ചെയ്യാവുന്നതേയുള്ളു. ദ്വാരപാലക ശില്‍പ്പത്തിന്റെ വിഷയം പുറത്ത് വരുന്നതിന് നാല് ദിവസം മുന്‍പ് വിളിച്ചിരുന്നു. ശബരിമല വാതിലിന് അടിയില്‍ ചെമ്പിന്റെ പാളി എലി കടക്കാതിരിക്കാന്‍ വച്ചിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇല്ലെന്നും വാതില്‍ വച്ച ശേഷം വാതിലുമായി തനിക്ക് ബന്ധമൊന്നുമില്ലല്ലോ എന്നും മറുപടി നല്‍കിയതായും എളവള്ളി നന്ദന്‍ വ്യക്തമാക്കി. ഇക്കാര്യം ചാനലില്‍ പറഞ്ഞ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും വിളിച്ചു. നന്ദകുമാറെ അന്ന് വിളിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല, വാതിലില്‍ മുള്ളാണി അടിച്ചിട്ടുണ്ടോ എന്ന് ചോദിക്കാനായിരുന്നു അന്ന് വിളിച്ചതെന്നും പറഞ്ഞു – അദ്ദേഹം വ്യക്തമാക്കി.
Story Highlights : Elavally Nandakumar about Sabarimala gold controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




