Advertisement

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി; മറ്റൊരു ഉത്തരവിറക്കി ബോര്‍ഡ് സെക്രട്ടറി ജയശ്രീ

October 12, 2025
Google News 2 minutes Read

സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് തീരുമാനം ബോര്‍ഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവ് ട്വന്റിഫോറിന്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീയാണ് ഉത്തരവ് തിരുത്തിയത്. ദവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പും ട്വന്റിഫോറിന് ലഭിച്ചു.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമശിക്കുന്ന ഉദ്യോഗസ്ഥരില്‍ മൂന്നാം പേരുകാരിയാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന ജയശ്രീ. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ ഉത്തരവ് തിരുത്തി മറ്റൊരു ഉത്തരവ് ഇറക്കിയതിന്റെ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഭക്തന്‍ സ്വര്‍ണപ്പാളി നവീകരണവുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ നല്‍കിയിട്ടുണ്ട്. അതില്‍ ഇക്കാര്യങ്ങള്‍ പഠിച്ച് അത് പരിശോധിച്ച് ശാസ്ത്ര വിധി പ്രകാരം തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ആളുകളുടെ സാന്നിധ്യത്തില്‍ കൈമാറണം എന്നുള്ളതായിരുന്നു 2019ലെ ഉത്തരവ്. ഏന്നാല്‍ ആ ഉത്തരവ് ജയശ്രീയുടെ പക്കല്‍ എത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ബാംഗ്ലൂരിലേക്ക് ഇത് കൊടുത്തയക്കണം എന്നായി. ദേവസ്വം ബോര്‍ഡ് യോഗം ഒരു തീരുമാനം എടുക്കുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി അത് ഉത്തരവായി പുറത്തിറക്കിയപ്പോള്‍ ഉണ്ണികൃഷ്്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി സൗകര്യമൊരുക്കുന്ന തരത്തിലേക്കുള്ള ഉത്തരവായി.

ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തുന്നതിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ദേവസ്വം മാന്വലും ദേവസ്വം ചട്ടങ്ങളും നിലനില്‍ക്കേ ദ്വാരപാലക ശില്‍പങ്ങളുടെ ഭാഗങ്ങള്‍ 49 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ഇപ്രകാരം ചെയ്ത വിവരം ദേവസ്വം ബോര്‍ഡിന്റെ അധികാരികള്‍ അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യപ്രകാരമാണ് ഇപ്രകാരം ചെയ്തത് എന്നും കരുതാന്‍ കഴിയില്ല. 2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദ്ദേശമോ ഉണ്ടോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ദ്വാരപാലക ശില്‍പ്പ പാളികള്‍ നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ ഇടയായത് 2019ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി വേണം എന്നും പറയുന്നുണ്ട്.

Story Highlights : Sabarimala Gold Theft: Board secretary revised the 2019 Devaswom Board decision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here