Advertisement

കേരളാ കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും ചർച്ചയാകുന്നു; പ്രതിരോധിച്ച് ജോസഫ് വിഭാഗം

October 14, 2025
Google News 2 minutes Read
Kerala-Congress-M (1)

കേരളാ കോൺഗ്രസ് എം യുഡിഎഫിൽ തിരിച്ചെത്തുമോ? മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോൺഗ്രസ് നേതൃത്വം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മധ്യകേരളത്തിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാൻ കേരളാ കോൺഗ്രസിന്റെ വോട്ടുകൾ കൂടി അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിൽ. എന്നാൽ കോൺഗ്രസ് ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും എൽഡിഎഫിലുള്ള കേരളാ കോൺഗ്രസ് എമ്മിനെ ഇപ്പോൾ യുഡിഎഫിൽ എത്തിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.

കേരളാ കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ മന്ത്രി റോഷി അഗസ്റ്റിനും മറ്റു ചില നേതാക്കളും യുഡിഎഫിലേക്കുള്ള തിരികപ്പോക്ക് ആത്മഹത്യാപരമാണെന്ന നിലപാടുകാരാണ്. നേതാക്കൾക്കിടയിൽ ഒറ്റക്കെട്ടായ തീരുമാനം ഉണ്ടാകാതെ വന്നതോടെ തൽക്കാലം മുന്നണി മാറ്റത്തിൽ ചർച്ചയില്ലെന്ന തിരുമാനത്തിലാണ് നേതൃത്വം. ജോസ് കെ മാണിക്ക് പാല സീറ്റിൽ ഉറപ്പു ലഭിച്ചാൽ മുന്നണി മാറ്റം സാധ്യമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ സിറ്റിംഗ് എംഎൽഎയായ മാണി സി കാപ്പനെ തള്ളാൻ പറ്റാത്ത സാഹചര്യത്തിൽ ചർച്ച വഴിമുട്ടുകയായിരുന്നു. കേരളാ കോൺഗ്രസ് നേതൃത്വവുമായി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ വർഷം ആരംഭിച്ച ചർച്ചയ്ക്ക് ഇതേവരെ വ്യക്തത വന്നിട്ടില്ല.

യുഡിഎഫ് ഭരണകാലത്ത് കേരളാ കോൺഗ്രസ് എം ചെയർമാനും മന്ത്രിയുമായിരുന്ന കെ എം മാണിക്കെതിരെ ബാർ കോഴ വിവാദത്തിൽ കേസെടുത്തതോടെയാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. അന്ന് ആഭ്യന്ത്രര വകുപ്പ് കൈകാര്യം ചെയ്തിരുന്ന രമേശ് ചെന്നിത്തലയാണ് കെ എം മാണിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. ഈ അഭിപ്രായഭിന്നത വളർന്നു. കെഎം മാണിയുടെ നിര്യാണത്തോടെ കേരളാ കോൺഗ്രസ് എമ്മിലുണ്ടായ അധികാര തർക്കം രൂക്ഷമായി. പിന്നീട് കേരളാ കോൺഗ്രസ് എം പിളരുകയും പാർട്ടി ചിഹ്നം ജോസഫിന്റെ കൈവശമാവുകയും ചെയ്തു. പാലായിൽ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നൽകാൻ പി ജെ ജോസഫ് തയ്യാറാവാതെ വന്നതോടെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കേണ്ടിവന്നു.

Read Also: ബിഹാറില്‍ ഇടത് പാര്‍ട്ടികള്‍ക്കുള്ള സീറ്റ് ധാരണ ആയി; സിപിഐഎംഎല്ലിന് 25 സീറ്റുകള്‍; രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തു

ജില്ലാ പഞ്ചായത്ത് അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിൽ ഉടലെടുത്ത തർക്കം പിന്നീട് രൂക്ഷമാവുകയും കെഎം മാണിയുടെ നിര്യാണത്തോടെ പാർട്ടിയിൽ ഉടലെടുത്ത മൂപ്പിളമ തർക്കം രൂക്ഷവാവുകയും ചെയ്തതാണ് കേരളാ കോൺഗ്രസ് എം മുന്നണിയിൽ നിന്നും പുറത്തുപോവുന്നതിലേക്ക് വഴിയൊരുക്കിയത്.

കേരളാ കോൺഗ്രസിലുണ്ടായ തർക്കത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിനെ പിന്തുണച്ചു. മുന്നണിയിൽ ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് എം ഒറ്റപ്പെട്ടു. പിന്നീട് മുന്നണി നിർദേശങ്ങൾ തള്ളിയ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിൻ കണ്ണീരോടെ മുന്നണി വിട്ടത് അക്കാലത്തെ പ്രധാന വാർത്തയായിരുന്നു.

സിപിഐയുടെ എതിർപ്പുകാരണം കേരളാ കോൺഗ്രസിന് എൽഡിഎഫ് പ്രവേശനം സാധ്യമായില്ല. അഞ്ച് വർഷം മുൻപ് തദ്ദേശ തിരഞ്ഞെടുപ്പുകാലത്താണ് കേരളാ കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമാകുന്നത്. പിജെ ജോസഫ് വിഭാഗവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നായിരുന്നു ചരിത്രപരമായ ആ വേർപിരിയൽ. പാർട്ടിക്ക് അഞ്ച് എംഎൽഎമാരും രണ്ട് എംപിമാരും ഉള്ളതിനാൽ പാർട്ടിയുടെ രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചു.

ഇടതുമുന്നണിയിൽ ചേക്കേറിയെങ്കിലും പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതോടെ റോഷി അഗസ്റ്റിൻ മന്ത്രിയായി. കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ ഫ്രാൻസിസ് ജോർജിനോട് പരാജയപ്പെട്ടതോടെ ജോസ് കെ മാണിയുടെ പ്രതാപം നഷ്ടപ്പെട്ടു. യുഡിഎഫിലേക്ക് തിരികെ പോകുന്നകാര്യം ചർച്ച ചെയ്തിട്ടില്ലെന്നാണ് ജോസ് കെ മാണി തുടർച്ചയായി പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നാൽ പാലായിൽ വീണ്ടും ഒരു പരാജയം സംഭവിച്ചാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയായിമാറും. ഈയൊരു തിരിച്ചറിവിലാണ് കേരളാ കോൺഗ്രസിലെ നേതാക്കളിൽ ചിലർ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന അഭിപ്രായം പ്രകടിപ്പിക്കാൻ കാരണം. എന്നാൽ കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ കടുത്ത വിയോജിപ്പാണ് മോൻസ് ജോസഫ് പ്രകടിപ്പിക്കുന്നത്. അത്തരമൊരു രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ രണ്ടാമനായ മോൻസിന്റെ വാദം.

യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസിനെ തിരികെ കൊണ്ടുവരണമെന്നായിരുന്നു കോൺഗ്രസിലെ ചില മുതിർന്ന നേതാക്കളുടെ നിർദേശം. കേരളത്തിൽ ആദ്യമായി ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയിലേക്ക് വഴിതുറന്നതിൽ ഒരു കാരണം മധ്യകേരളത്തിൽ യുഡിഎഫിന് സീറ്റുകൾ കുറഞ്ഞതാണ്. ഇതിന് പ്രധാന കാരണം കേരളാ കോൺഗ്രസ് എം മുന്നണി വിട്ടതാണെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നു. കേരളാ കോൺഗ്രസിനൊപ്പം മറ്റൊരു പാർട്ടിയേയും മുന്നണിയിൽ തിരികെ കൊണ്ടുവരുമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.

Story Highlights : Kerala Congress M’s entry into UDF is being discussed again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here