Advertisement

പ്രൈം വോളിബോൾ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് നാലാം തോൽവി; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ മിറ്റിയോഴ്‌സ്

October 14, 2025
Google News 2 minutes Read

ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് നാലാം തോൽവി. പൊരുതിക്കളിച്ചിട്ടും മുംബൈ മിറ്റിയോഴ്‌സിനോട് അഞ്ച് സെറ്റ് കളിയിൽ തോറ്റു. സ്‌കോർ: 7-15, 15-7, 15-13, 15-8, 15-11. തുടർച്ചയായ നാലാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 11 പോയിന്റായി. എ കാർത്തികാണ് കളിയിലെ താരം. അഞ്ച് കളി പൂർത്തിയാക്കിയ കൊച്ചി ഒമ്പതാമതാണ്. ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് കൊച്ചിക്ക് അവശേഷിക്കുന്നത്. 19ന് കാലിക്കറ്റ് ഹീറോസുമായാണ് അടുത്ത മത്സരം.

ആദ്യ സെറ്റിൽ തകർന്നുപോയ കൊച്ചി അടുത്ത രണ്ട് സെറ്റുകളിൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്. പക്ഷേ, മിന്നുന്ന ഫോമിലുള്ള മുംബൈ നിർണായക ഘട്ടത്തിൽ കളിപിടിക്കുകായിരുന്നു. മുംബൈ സെറ്റർ ഓം ലാഡ് വസന്തിന്റെ കരുത്തുറ്റ പാസുകളിലൂടെയായിരുന്നു മുംബൈയുടെ തുടക്കം. കൊച്ചിക്ക് മറുപടിയുണ്ടായില്ല. എറിൻ വർഗീസിലായിരുന്നു പ്രതീക്ഷ. പക്ഷേ, എറിന്റെ സ്‌പൈക്കുകളെ പീറ്റർ അൽസ്റ്റാദ് ഒസ്റ്റവിക് ബ്ലോക്ക് ചെയ്തതോടെ മുംബൈ ലീഡിൽ കയറി.

ഒന്നാന്തരം പ്രതിരോധവുമായിരുന്നു മുംബൈക്ക്. ഹേമന്ദിനെയും കെ അമലിനെയും ആക്രമണനിരയിലെത്തിച്ച് കൊച്ചി ഒരു കൈ നോക്കി. അതിന് ഫലവുംകിട്ടി. അമരീന്ദർപാൽ സിങിന്റെ ഒന്നാന്തരം ബ്ലോക്കുകളും തുണയായി. ഒടുവിൽ ഹേമന്ദിന്റെ സൂപ്പർ പോയിന്റിലൂടെ കൊച്ചി ഒപ്പമെത്തുകയും ചെയ്തു. രണ്ടാം സെറ്റ് കിട്ടിയതോടെ കൊച്ചി ആത്മവിശ്വാസത്തിലായി. സെറ്റർ മൗഹ്‌സിനായിരുന്നു കുന്തമുന. മികച്ച രീതിയിൽ പാസിങ് നടത്തി. അറ്റാക്കിൽ അഭിഷേകിന്റെ മികവും കൂടിയായപ്പോൾ കൊച്ചി ലീഡുയർത്തി.

മുംബൈ തന്ത്രം മാറ്റി. മുതിർന്ന ബ്ലോക്കർ എ കാർത്തികിനെയും സെറ്റർ വിപുൽ കുമാറിനെയും കളത്തിലിറക്കി. കളിയിൽ മുംബൈ മേധാധിത്തം നേടുകയായിരുന്നു പിന്നീട്. അമിത് ഗുലിയയുടെ ഒന്നാന്തരം റിസപ്ഷനുകൾ കളിയിലെ അഞ്ചാം സെറ്റിലേക്ക് നയിക്കുകയും ചെയ്തു. അഞ്ചാം സെറ്റിൽ കൊച്ചി എളുപ്പത്തിൽ വിട്ടുകൊടുത്തില്ല. അമലിന്റെ സെർവുകൾ മുംബൈയെ പരീക്ഷിച്ചു. പക്ഷേ, ശുഭം ചൗധരിയുടെ നിർണായക ബ്ലോക്കുകൾ മുംബൈക്ക് തുണയായി. ഒടുവിൽ മതിയാസ് ലോഫ്‌റ്റെൻസിന്റെ ആക്രമണ വൈഭവം മുംബൈക്ക് സെറ്റും മത്സരവും സമ്മാനിച്ചു.

Story Highlights : Prime Volleyball League: Kochi Blue Spikers suffer fourth defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here