സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഒടുവില്‍ കീഴടങ്ങി; ഇത് സുധാകരന്റെ സ്വീകാര്യത
ഒറ്റ ദിവസം കൊണ്ട് സിപിഐഎം നേതൃത്വം പത്തിമടക്കിയിരിക്കയാണ്. ജി സുധാകരന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനായി കച്ചകെട്ടിയിറങ്ങിയ ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ ഒരു കാര്യം തിരിച്ചറഞ്ഞിരിക്കുന്നു. സുധാകരനെ തൊട്ടാല്‍ പൊള്ളുമെന്ന്. (conflict between G sudhakaran and Alappuzha CPIM resolved)
കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹാശിസുകളോടെയും ജി സുധാകരനെതിരെ സൈബര്‍ അറ്റാക്കുകള്‍ നടത്തിയവര്‍ ഒടുവില്‍ തത്ക്കാലത്തേക്ക് പിന്‍വലിയുകയാണ്. ജി സുധാകരന്റെ വാക്കുകള്‍ക്ക് പാര്‍ട്ടി വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. സുധാകരനെ പാര്‍ട്ടി പരിപാടികളിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് നേതാക്കള്‍ നടപ്പാക്കിയത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശത്തോടെയാണ് നേതാക്കള്‍ ജി സുധാകരനെ നേരില്‍ കണ്ട് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണിച്ചത്. ഒപ്പം മന്ത്രി സജി ചെറിയാനോട് ജി സുധാകരനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരിക്കയാണ്.
തിരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനത്തില്‍ കുറ്റകരമായ അനാസ്ഥകാണിച്ചുവെന്നും, തിരഞ്ഞെടുപ്പ് ഫണ്ട് അനുവദിച്ചില്ലെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ജി സുധാകരനെ പാര്‍ട്ടി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം പരസ്യമായി താക്കീത് ചെയ്തത്. പിന്നീട് ജി സുധാകരനെതിരെ പാര്‍ട്ടി അനുഭാവികളും സോഷ്യല്‍മീഡിയ പോരാളികളും നിരന്തരമായി അധിക്ഷേപവുമായി രംഗത്തെത്തി.
Read Also: കെ പി സി സി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു; സന്ദീപ് വാര്യര്‍ ഉൾപ്പടെ 58 ജനറൽ സെക്രട്ടറിമാർ
ഒരു കാലത്ത് ആലപ്പുഴയിലെ പാര്‍ട്ടിയുടെ അവസാന വാക്കായിരുന്ന ജി സുധാകരനെ നിരന്തരമായി നേതാക്കള്‍ അവഗണിച്ചതും സുധാകരനെ പ്രകോപിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലേക്ക് സുധാകരനെ ക്ഷണിക്കാത്തതും, സംസ്ഥാന സമ്മേളനം കൊല്ലത്തു നടന്നപ്പോള്‍ ദീര്‍ഘകാലം കൊല്ലം കേന്ദ്രീകരിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിയ ഒരു നേതാവായിട്ടുകൂടി സുധാകരനെ അവഗണിച്ചതും പ്രതിഷേധത്തിന് വഴിയൊരുങ്ങി.
അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാന്‍ ജി സുധാകരന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ആലപ്പുഴയിലെ ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. എച്ച് സലാമിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സുധാകരന്‍ പ്രകോപിതനായി. സമയപരിധിയും, പ്രായപരിധിയും കാട്ടി ജി സുധാകരനെപ്പോലെ അനുഭവ സമ്പത്തുള്ള നേതാവിനെ ഒഴിവാക്കാന്‍ ശ്രമിച്ചതില്‍ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ തന്നെ കടുത്ത വിയോജിപ്പുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് സുധാകരന്‍ പാര്‍ട്ടിയുമായി യോജിച്ചുപോവണമെന്ന മന്ത്രി സജി ചെറിയാന്റെ നിര്‍ദേശം പുറത്തുവരുന്നത്. ഇതോടെയാണ് നേതൃത്വത്തിനെതിരേയും സജി ചെറിയാന് എതിരേയും അതിരൂക്ഷമായ ഭാഷയില്‍ ജി സുധാകരന്‍ പ്രതികരിച്ചത്.
പാര്‍ട്ടിയെ തുടരെ തുടരെ പ്രതിരോധത്തിലാക്കുന്ന സുധാകരനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി വേണമെന്നായിരുന്നു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം. ഇതിനിടയില്‍ തിരഞ്ഞെടുപ്പില്‍ സഹകരിച്ചില്ലെന്ന എച്ച് സലാമിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടതും കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിമാറി. 2021ലെ തിരഞ്ഞെടുപ്പില്‍ ചുമതലക്കാരനായ ജി സുധാകരന്‍ അച്ചടക്ക ലംഘനം കാണിച്ചുവെന്നും, പാര്‍ട്ടി ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചുവെന്നുമായിരുന്നു പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആര്‍ നാസറിന്റെ ആരോപണം.
സുധാകരനെതിരെ നീങ്ങുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും, തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ തിരിച്ചടിയാവുമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തിരിച്ചറിവാണ് പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് കാരണമായത്. സി എസ് സുജാതയും, ജില്ലാ സെക്രട്ടറി ആര്‍ നാസറും ജി സുധാകരന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് സമവായ ചര്‍ച്ചകള്‍ നടത്തിയത്. വിഷയത്തില്‍ പാര്‍ട്ടി ജന.സെക്രട്ടറി എം എ ബേബിയും ഇടപെട്ടതോടെ ജി സുധാകരന്‍ അയഞ്ഞു. പാര്‍ട്ടിയുടെ വേദിയില്‍ എത്തണമെന്ന നിര്‍ദേശം ജി സുധാകരന്‍ അംഗീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രക്തസാക്ഷി കുടുംബാംഗമായ ജി സുധാകരനെ നടപടിയെടുത്ത് പുറത്താക്കിയാല്‍ അത് വന്‍ തിരിച്ചടിക്ക് കാരണമാവുമെന്ന തിരിച്ചറിവാണ് ജില്ലാ കമ്മിറ്റിയുടെ പെട്ടെന്നുള്ള മനംമാറ്റത്തിനുള്ള കാരണം.
Story Highlights : conflict between G sudhakaran and Alappuzha CPIM resolved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




