Advertisement

കോണ്‍ഗ്രസില്‍ വീണ്ടും കലാപം; നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച തിരിച്ചടിയാവും

October 16, 2025
Google News 3 minutes Read
conflict in congress after youth congress new president name announcement

കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപങ്ങള്‍ അടങ്ങുന്നില്ല. സ്വന്തം ഗ്രൂപ്പിനപ്പുറം മറ്റൊന്നും ആലോചിക്കാത്ത നേതാക്കളും, അവര്‍ തമ്മിലുള്ള ചക്കളത്തിപ്പോരും കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ്. കെപിസിസി പുനസംഘടനയും ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതും സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനില്‍ എത്തിനില്‍ക്കയാണ്. ലൈംഗിക അപവാദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമായത്. (conflict in congress after youth congress new president name announcement)

സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച രാഹുല്‍ അധ്യക്ഷനായി. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കി ഉപാധ്യക്ഷനുമായി. സ്വാഭാവികമായും രാഹുല്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം ചുമതലയിലേക്ക് അബിന്‍ വരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അബിന്‍ വര്‍ക്കിയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ഭൂരിഭാഗം നേതാക്കളും എതിരായി. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിയെ പിന്തുണച്ച് രംഗത്തുവന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഓരോ നേതാക്കളും തങ്ങളുടെ അനുയായികളെ നിര്‍ദേശിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അബിന്‍ വര്‍ക്കിയെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ച് തര്‍ക്കം പരിഹരിക്കാനായി ശ്രമം. എന്നാല്‍ യൂത്തുകോണ്‍ഗ്രസ് അധ്യക്ഷനായി ഒ ജെ ജനീഷ് അപ്രതീക്ഷിതമായി എത്തിയതോടെ യൂത്ത് കോണ്‍ഗ്രസിലും സംസ്ഥാന കോണ്‍ഗ്രസിലും വലിയ ചേരിതിരിവാണ് ഉണ്ടായിരിക്കുന്നത്. അബിന്‍ വര്‍ക്കിയെ പിന്തുണച്ചും വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ ബിനു ചുള്ളിയിലിനെ വിമര്‍ശിച്ചുമാണ് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Read Also: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം, അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തന്നെ തന്റെ പിതാവിന്റെ ഓര്‍മദിനത്തില്‍ ചുമതലയില്‍ നിന്നും മാറ്റിയന്നും, ഇത് തനിക്ക് വലിയ മനോവിഷമമുണ്ടാക്കിയെന്നുമുള്ള പ്രതികരണവുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. ഇതോടെ എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തുകയായാണ്. ഇതിനിടയില്‍ കേരളത്തില്‍ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് ശക്തിപ്രാപിച്ചിരിക്കയാണെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് പുതിയ മാനം കൈവന്നിരിക്കയാണ്. അബിന്‍ വര്‍ക്കിയോട് അഭിപ്രായം ആരാഞ്ഞില്ലെന്നാണ് ഉയരുന്ന ഒരു പ്രധാന ആരോപണം. എ, ഐ ഗ്രൂപ്പുകള്‍ സംഘടിതമായാണ് പുതിയ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിനെതിരെ നീക്കം നടത്തുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നത വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. തര്‍ക്കങ്ങള്‍ പരമാവധി ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടത്തേണ്ട നേതാക്കള്‍ തന്നെയാണ് വിഷയം സങ്കീര്‍ണമാക്കുന്നത്. കെ മുരളീധരനെപ്പോലുള്ള ചുരുക്കം ചിലനേതാക്കള്‍ മാത്രമാണ് ഗ്രൂപ്പുപോരില്‍ പരസ്യ പ്രതികരണം നടത്തിയത്. കോണ്‍ഗ്രസില്‍ പഴയതുപോലുള്ള ഗ്രൂപ്പില്ലെന്നും, പത്തുവര്‍ഷമായി അധികാരത്തിന് പുറത്തിരിക്കുന്ന കോണ്‍ഗ്രസ് പരസ്പരം പോരടിച്ചാല്‍ തുടര്‍ന്നും ഭരണം ലഭിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കെ മുരളീധരന്‍. തദ്ദേശ തിരഞ്ഞെടുപ്പിലും, തൊട്ടു പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരം പിടിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആണയിടുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരങ്ങള്‍ നേതാക്കള്‍ അടുത്തറിയുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തമ്മിലുള്ള പോരാട്ടമായിരുന്നു ഇടക്കാലത്ത് സംസ്ഥാന കോണ്‍ഗ്രസിനെ ബാധിച്ചിരുന്ന രൂക്ഷമായ പ്രതിസന്ധി. കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനകത്തുണ്ടാക്കിയ കലാപം അവസാനിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. സ്ഥാനമാറ്റത്തിനെതിരെ അന്നത്തെ െപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കടുത്ത ചെറുത്തുനില്‍പ്പാണ് നടത്തിയത്. സംഘടനാ സംവിധാനം പാടെ തകര്‍ന്നതോടെയാണ് കെപിസിസി പുനസംഘടിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. ബിഹാര്‍ ഉള്‍പ്പെടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പിസിസി ഭാരവാഹികളേയും ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളേയും മാറ്റി, കമ്മിറ്റികള്‍ പു:നസംഘടിപ്പിക്കണമെന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം.

കേരളത്തില്‍ കെപിസിസി അധ്യക്ഷനേയും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരേയും മാറ്റിയതൊഴിച്ചാല്‍ പുനസംഘടനയില്‍ മുന്നോട്ടുപോവാന്‍ കെ പി സി സിക്ക് കഴിഞ്ഞില്ല. കെ സുധാകരനെ മാറ്റിയതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് പി സി സി അധ്യക്ഷനെ മാറ്റി. സ്വന്തം അനുയായിയായ അഡ്വ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോഴും കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ഒരുമാറ്റവും ഉണ്ടായില്ല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പുനസംഘന പൂര്‍ത്തിയാക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ വിശദീകരണം.ഇതോടെ കെ പി സി സി ജന. സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നീ നിയമിക്കുന്നതില്‍ തീരുമാനമാവാതെ വരികയായിരുന്നു. നിലവിലുള്ള സ്ഥിതി തുടരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. കെപിസിസി പുനസംഘടനയില്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ തല്‍ക്കാലം പുനസംഘടന മരവിപ്പിക്കാനാണ് സാധ്യത.

എല്ലാ വിഭാഗം നേതാക്കളുടേയും പിന്തുണയോടെ കേരളത്തില്‍ ഭാരവാഹി നിയമനം ഒരിക്കലും നടക്കില്ലെന്ന് ഹൈക്കമാന്റിനും ബോധ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തോടെ കേരളത്തില്‍ ഉടലെടുത്തിരിക്കുന്ന അതൃപ്തി കൂടുതല്‍ രൂക്ഷമാവാതെ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിഷേധമുയരുന്നതും ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏത് മാര്‍ഗത്തിലൂടെയും കേരളത്തില്‍ ഭരണം പിടിക്കണമെന്ന ഉറച്ച തീരുമാനത്തില്‍ ഹൈക്കമാന്റ് മുന്നേറുമ്പോഴാണ് തമ്മിലടി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.

Story Highlights : conflict in congress after youth congress new president name announcement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here