ഗെറ്റ് റെഡി ഫോർ ‘ടെസ്റ്റ് ട്വന്റി’; ക്രിക്കറ്റിലെ പുതിയ ഫോർമാറ്റ്
ടെസ്റ്റ്, ഏകദിന, ടി- 20 എന്നി മൂന്ന് ക്രിക്കറ്റ് ഫോർമാറ്റുകൾക്ക് പുറമെ പുതിയ ഫോർമാറ്റ് ഔദ്യോഗികമായി അവതരിപ്പിച്ച് സ്പോർട്സ് സംരംഭകൻ ഗൗരവ് ബഹിർവാനി. ‘ടെസ്റ്റ് ട്വന്റി’എന്നറിയപ്പെടുന്ന പുതിയ ഫോർമാറ്റായ ടെസ്റ്റ് ട്വന്റി 13 മുതൽ 19 വയസ്സ് വരെ പ്രായമുള്ളവരെ ലക്ഷ്യം വച്ചുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയും ടി 20യുടെ വേഗതയും ചേരുന്നതാണ് ഈ ഹൈബ്രിഡ് ഫോർമാറ്റ്. ആകെ 80 ഓവറുകളാണ് മത്സരത്തിൽ ഉൾപ്പെടുന്നത്. അതിൽ 20 ഓവറുകൾ അടങ്ങിയ രണ്ട് ഇന്നിങ്‌സുകളും. കഴിഞ്ഞ ദിവസം സംഘാടകൻ ഗൗരവ് ബഹിർവാനിക്കൊപ്പം മാത്യു ഹെയ്ഡൻ, ഹർഭജൻ സിംഗ്, സർ ക്ലൈവ് ലോയ്ഡ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരടക്കമുള്ള ഉപദേശക സമിതിയും ചേർന്നാണ് പുതിയ ഫോർമാറ്റ് അനാച്ഛാദനം ചെയ്തത്. ടെസ്റ്റ് ട്വന്റി ചാമ്പ്യൻഷിപ്പിന്റെ ആദ്യ രണ്ട് പതിപ്പുകൾ ഇന്ത്യയിലാണ് നടക്കുക. ആദ്യ പതിപ്പ് 2026 ജനുവരിയിൽ ആരംഭിക്കും.
“ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ രാജ്യമാണ് നമ്മുടേത്. അതിനാൽ ഞങ്ങൾ ഇന്ത്യയിൽ ഇതിന് ആരംഭം കുറിക്കുന്നു. ഒരു ടൂറിംഗ് ലീഗ് എന്ന ആശയത്തോടെ തുടങ്ങുന്ന ഈ ചാമ്പ്യൻഷിപ്പ് ആദ്യ രണ്ട് വർഷം ഇന്ത്യയിൽ നടത്തും. പിന്നീട് വ്യത്യസ്ത രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നു ഇങ്ങനെയായിരുന്നു ഹിന്ദുസ്ഥാൻ ടൈംസിന്റെ ചോദ്യത്തിന് ഗൗരവിന്റെ മറുപടി.
13 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാർക്ക് ചാമ്പ്യൻഷിപ്പ് കാണാൻ താൽപ്പര്യമുണ്ടെങ്കിൽ അവരിൽ നിന്ന് പണം ഈടാക്കില്ലെന്നും, പ്രവേശനത്തിനായി ഐ ഡി കാർഡ് നൽകുമെന്നും, ഇതുവഴി സ്റ്റേഡിയങ്ങൾ നിറയും. അതിന് സമയമെടുത്തേക്കാം. എങ്കിലും ഞങ്ങൾ അങ്ങനെ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
80 ഓവറുകളിലായി നടക്കുന്ന മത്സരത്തിൽ ഓരോ ടീമിനും 20 ഓവറുകൾ വീതമുള്ള രണ്ട് ഇന്നിംഗ്‌സുകൾ ഉണ്ടാകും. ഒരു ടെസ്റ്റ് മത്സരത്തിലെന്നപ്പോലെ ഓരോ ടീമും രണ്ട് തവണ ബാറ്റ് ചെയ്യും. ടെസ്റ്റ്, ടി- 20 ക്രിക്കറ്റിന്റെ നിയമങ്ങൾ ബാധകമാകും. ഒപ്പം പുതിയ ഫോർമാറ്റിന് അനുയോജ്യമായ ചില പരിഷ്‌ക്കരണങ്ങളും.
Story Highlights : Get ready for ‘Test Twenty’; the new format in cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




