സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഉച്ചയ്ക്കു ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Story Highlights : Heavy rains likely in Kerala for next five days; Yellow alert in 10 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




