Advertisement

പൊട്ടിത്തെറിക്കുമോ സിപിഐ

October 26, 2025
Google News 1 minute Read
dileep

1960 കൾക്കൊടുവിൽ കോൺഗ്രസിനൊപ്പം സിപിഐ സഖ്യമായപ്പോൾ അന്ന് സിപിഐഎം പ്രവർത്തകർ വിളിച്ച മുദ്രാവാക്യം കാലങ്ങൾക്കിപ്പുറം വീണ്ടും ഉയരുമോ? വെക്കട വലതാ ചെങ്കൊടി താഴെ, പൊക്കട വലതാ മൂവർണക്കൊടി എന്നായിരുന്നു അന്നത്തെ ആ അധിക്ഷേപ മുദ്രാവാക്യം. അതിനും മുമ്പ് 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മുകാർ വിളിച്ച മുദ്രാവാക്യം എമ്മെനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല, ചേലാട്ടച്ചു അല്ലേയല്ല എന്നായിരുന്നു. പരാമർശിച്ചത് അന്നത്തെ സിപിഐ നേതാക്കളായ എംഎൻ ഗോവിന്ദൻ നായർ, ടിവി തോമസ്. സി അച്ചുതമേനോൻ എന്നിവരെ. സിപിഐയുടെ അധിക്ഷേപം അന്ന് അതിലും കടുത്തതായിരുന്നു. പട്ടാമ്പിയിലൊരു പട്ടി കുരച്ചാൽ ഏറ്റുകുരക്കും പട്ടികളേ എന്ന അധിക്ഷേപം സാക്ഷാൽ ഇഎംഎസിനെ ഉന്നമിട്ടായിരുന്നു. കാലം പലത് പിന്നിട്ടു.

കോൺഗ്രസുമായി സഖ്യത്തിലായ കാലത്ത് സിപിഐ നേതാക്കളായ സി അച്ചുതമേനോനും പികെ വാസുദേവൻ നായരും മുഖ്യമന്ത്രിമാരായി. സിപിഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് ഇടത് ഐക്യം ശക്തിപ്പെടുത്താനും കോൺഗ്രസ് സഖ്യം അവസാനിപ്പിക്കാനും തീരുമാനിച്ചതോടെ പികെവി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സാധാരണക്കാനായി തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് കെ എസ് ആർ ടിസി ബസിൽ സ്വദേശമായ പെരുമ്പാവൂരിലെ പുല്ലുവഴിയിലേക്ക് പോയത് ചരിത്രം. അങ്ങനെ കയ്യിലിരുന്ന മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞാണ് സിപിഐ കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത്.

സിപിഐഎം മുന്നണിയുടെ ഭാഗമായതോടെ മുഖ്യമന്ത്രിക്കസേര സിപിഐയുടെ സ്വപ്നങ്ങളിൽ പോലും ഇല്ലാതായി. സിപിഐ പിളർന്നാണ് സിപിഐഎം രൂപീകരിച്ചതെങ്കിലും കേരളത്തിലെ ആൾ സ്വാധീനം കണക്കാക്കി വല്യേട്ടനായി സിപിഐഎം പെരുമാറി. മുന്നണിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമായി. പലതിനോടുമുളള സിപിഐയുടെ എതിർപ്പ് ദുർബല ശബ്ദമായി. ഏറ്റവും ഒടുവിൽ പിഎം ശ്രീയിലും സിപിഐയുടെ എതിർപ്പ് സിപിഐഎം വകവെച്ചില്ല.

ഇതിനു മുമ്പും സിപിഐ എതിർപ്പ് ഉന്നയിച്ചവയൊക്കെ സി പി ഐ എം തളളിക്കളഞ്ഞതാണ് സമീപകാല ചരിത്രം. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പൂരം കലക്കൽ ആരോപിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐയുടെ ആവശ്യം കേട്ടഭാവം നടിച്ചില്ല. തൃശൂരിലെ തോൽവിയേയും എംആർ അജിത് കുമാറിനേയും കുറിച്ചുളള സിപിഐയുടെ വിലാപം അന്തരീക്ഷത്തിൽ അലിഞ്ഞു. ഒടുവിൽ ഡിജിപിയുടെ റിപ്പോർട്ട് വന്നപ്പോഴാണ് എം ആർ അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. പാലക്കാട് എലപ്പുളളിയിലെ ബ്രൂവറി വിഷയത്തിലും സമാന തിരിച്ചടിയാണ് സിപിഐക്ക് കിട്ടിയത്.

ബ്രൂവറിക്കെതിെ പരസ്യ നിലപാട് എടുത്ത പാർട്ടിയാണ് സിപിഐ. പക്ഷേ അവർക്കറിയാത്ത വിദ്യ സിപിഐഎമ്മിനറിയാം. മുളളിനെ മുളള് കൊണ്ട് എടുക്കുക. പതിവായി എകെജി സെന്ററിൽ ചേരാറുളള എൽ ഡിഎഫ് യോഗം അത്തവണ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എംഎൻ സ്മാരകത്തിലാക്കി. നവീകരിച്ച ഓഫീസ്. അവിടെ വെച്ച് സിപിഐ കീഴടങ്ങി. എന്നിട്ടും സിപിഐ സർക്കാരിനെയോ മുന്നണിയേയോ തളളിപ്പറഞ്ഞില്ല.

സിപിഐക്ക് സിപിഐഎമ്മിനെ ഭയമാണോ. സിപിഐയുടെ ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനങ്ങൾ വരെ ഈ ചോദ്യം ഉയരാറുണ്ട്. എന്താവാം കാരണം. രണ്ടാം വരവിൽ പിണറായി അതിശക്തനായതാണോ, അതോ സിപിഐ മുന്നണി വിട്ടാൽ സിപിഐഎം മുസ്ലിം ലീഗിനെ കൂടെക്കൂട്ടി ഭരണം തുടരുമെന്ന ആധിയാണോ. മറുപടി പറയേണ്ടത് സിപിഎ നേതൃത്വമാണ്.

മുന്നണിയിലും സർക്കാരിലും നയപരമായ പാളിച്ചകളും ഏകപക്ഷീയ തീരുമാനങ്ങളും വരുമ്പോൾ തിരുത്തൽ ശക്തിയായിരുന്നു സമീപകാലം വരെ സിപിഐ. അത്തരം പഴയകാലത്തെക്കുറിച്ച് അച്ഛൻ ആനപ്പുറത്തേറിയ തഴമ്പ് പറഞ്ഞ് ആശ്വസിക്കാനാണ് സിപിഐയുടെ വർത്തമാനകാല വിധി.

ആശാൻ ആശയ ഗംഭീരൻ എന്ന് വിശേഷിപ്പിക്കുന്നത് സാക്ഷാൽ കുമാരനാശാനെയാണ്. സിപിഐക്കും ഉണ്ടായിരുന്നു ആശയ ഗംഭീരനായൊരു ആശാൻ. സന്യാസിയാകാനിറങ്ങി കമ്മ്യൂണിസം വരിച്ചൊരാൾ. വെളിയം ഭാർഗവൻ . ആശാനെന്നായിരുന്നു അദ്ദേഹത്തെ അടുപ്പക്കാർ വിളിച്ചിരുന്നത്. നായനാർ സർക്കാരിന്റെ കാലത്ത് രാജ്യസഭയിലേക്ക് സിപിഐക്ക് പറഞ്ഞുവെച്ച സീറ്റിൽ സിപിഐഎം ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് വെളിയം ഭാർഗവൻ തിരിച്ചടിച്ചത് ചരിത്രം. ഇതോടെ രാജ്യസഭാ സീറ്റിലൊന്ന് സിപിഐക്ക് നൽകാൻ സിപിഐഎം നിർബന്ധിതരായി.ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിഡിപി ബന്ധത്തിന്റെയും പൊന്നാനി സീറ്റിനേയും ചൊല്ലി ഉടക്കിയതും വെളിയം ഭാർഗവൻ സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പൊന്നാനിക്ക് പകരം വയനാട് നൽകിയാണ് അന്ന് സിപിഐഎം തലയൂരിയത്.

വെളിയത്തിനു പിന്നാലെ സെക്രട്ടറിയായ സികെ ചന്ദ്രപ്പനും സിപിഐയുടെ അന്തസ് കാത്തു. പാർട്ടിക്കെതിരെ ആര് തിരിഞ്ഞാലും ചന്ദ്രപ്പൻ ശക്തമായി പ്രതികരിക്കുമായിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളന നടത്തിപ്പ് ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏൽപ്പിച്ചെന്ന് വിമർശിച്ച സികെ ചന്ദ്രപ്പനെ അൽപ്പനെന്നായിരുന്നു പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഉളുപ്പില്ലാത്ത ഭാഷ ആർക്കും ഉപയോഗിക്കാമെന്നും ഗൗരവമുളള രാഷ്ടീയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മാന്യമായ ഭാഷയും സംസ്കാരം നിറഞ്ഞ സമീപനവുമാണ് നല്ലതെന്ന് പിണറായിയെ ഓർമിപ്പിച്ചത് സികെ ചന്ദ്രപ്പനും.

അഹങ്കരിച്ചാൽ ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന് സിപിഐഎമ്മിനെ ഇടക്കിടെ ഓർമിപ്പിക്കാനും ഇവിടെ ഒരേ ഒരു ചന്ദ്രപ്പനേ ഉണ്ടായിരുന്നുളളൂ. വിമർശനവും തിരുത്തലുമായിരുന്നു സിപിഐ പ്രതിപക്ഷത്തായിരുന്ന കാലത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രന്റെ ശൈലി. ഇതൊക്കെ ഇന്നലെകളിലെ കാര്യം, ഇന്ന് സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രസക്തമായ കാര്യം. സിപിഐ മുന്നണി വിടുമെന്ന് സിപിഐ എം പോലും കരുതുന്നില്ല. പക്ഷേ പറയാനുളളത് കരുത്തോടെയെങ്കിലും പറഞ്ഞിട്ടാകുമോ കീഴടങ്ങൽ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

Story Highlights :  CPIM CPI EXCLUSIVE 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here