Advertisement

ദേശീയപാതയോരത്ത് മലയിടിഞ്ഞ് ദുരന്തം, വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

October 27, 2025
Google News 1 minute Read

ദേശീയപാതാ അതോറിറ്റിയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതയുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ചതായി പരാതിയുയർന്ന സാഹചര്യത്തിൽ അപകടത്തിന്റെ കാരണങ്ങളെകുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇവർ ദേശീയപാതാ അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം അദ്ദേഹത്തെയും ഉൾപ്പെടുത്തി അപകടമുണ്ടായ സ്ഥലവും അപകടഭീഷണിയുള്ള സ്ഥലങ്ങളും സന്ദർശിക്കണം.

ദേശീയപാതാ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസധനം നൽകുന്നത് ജില്ലാ കളക്ടർ പരിശോധിക്കണം.

അപകടത്തിൽ പരിക്കേറ്റവർക്കും ധനസഹായം നൽകാനുള്ള സാധ്യത പരിശോധിക്കണം. ദുരന്തനിവാരണനിധിയിൽ നിന്ന് സഹായം അനുവദിക്കുന്നത് പരിഗണിക്കണം. ഇല്ലെങ്കിൽ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സഹായധനം ലഭിക്കാനുള്ള സാധ്യതയും പരിശോധിക്കണം. അപകടമേഖലയിലുള്ള ജനങ്ങളെ പൂർണമായി പുനരധിവസിപ്പിക്കണം.

വിദഗ്ദ്ധ സംഘം സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടും ഇതിനൊപ്പം ഹാജരാക്കണം. എൻ.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.

ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ (ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൻ.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയറക്ടർ എന്നീ ഉദ്യോഗസ്ഥർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ ആവശ്യപ്പെട്ടു.

Story Highlights : Human Rights Commission landslide disaster on national highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here