Advertisement

മലയാള കവിതയില്‍ വിപ്ലവത്തിന്റെ വിത്ത് പാകി വയലാര്‍ രാമവര്‍മ യാത്രയായിട്ട് അരനൂറ്റാണ്ട്

October 27, 2025
Google News 3 minutes Read
DR UNMESH SIVARAMAN

വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് അരനൂറ്റാണ്ട്. മലയാളി ഒരിക്കലും മറക്കാത്ത വരികള്‍ ബാക്കി. തലമുറഭേദമില്ലാതെ അത് നിറഞ്ഞ് ഒഴുകുകയാണ്. ആലപ്പുഴയിലെ വയലാര്‍,കേവലം ഒരു സ്ഥലനാമമല്ലാതായി മാറുന്നത് 1928 മാര്‍ച്ച് 25ന് ആണ്. അന്നാണ് രാമവര്‍മയുടെ ജനനം. മലയാള കവിതയ്ക്കും ചലച്ചിത്ര ഗാനശാഖയ്ക്കും വയലാര്‍ നല്‍കിയ സംഭാവന വലുതാണ്. കുറിച്ചിട്ട വരികളിലെല്ലാം ഇന്ദ്രജാലം തീര്‍ത്തു വയലാര്‍. പ്രണയം, വിരഹം, ഭക്തി എന്നിങ്ങനെ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായിരുന്നു അവയെല്ലാം. അതിനൊപ്പം മലയാള കവിതയില്‍ വിപ്ലവത്തിന്റെ വിത്തുപാകി. കവിതയിലും പാട്ടെഴുത്തിലും വയലാര്‍ ഒറ്റയ്ക്കായിരുന്നില്ല. പി ഭാസ്‌കരനും ഒഎന്‍വിയും ഒപ്പമുണ്ടായിരുന്നു. ഒരു കാലഘട്ടത്തിന്റെ ചുരുക്കെഴുത്തായിരുന്നു മൂന്നുപേരുടെയും കൃതികള്‍. മലയാള സാഹിത്യചരിത്രത്തില്‍ പില്‍ക്കാലത്ത് ഈ മൂന്നുപേരും എങ്ങനെ അടയാളപ്പെട്ടു എന്നത് ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി എന്നിവരെ മലയാളത്തിലെ സാഹിത്യചരിത്രങ്ങള്‍ അടയാളപ്പെടുത്തിയത് എങ്ങനെയെന്നാണ് ഇവിടെ അന്വേഷിക്കുന്നത്.

ഒഎന്‍വി, വയലാര്‍, പി ഭാസ്‌കരന്‍- സാഹിത്യചരിത്രങ്ങളിലെ തിരസ്‌കൃത ഭാഷ്യങ്ങള്‍

സാഹിത്യചരിത്രം ഒരു നിര്‍മിതിയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് സാഹിത്യത്തിന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നവയാണ് സാഹിത്യചരിത്രങ്ങള്‍. സാഹിത്യരൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍, എഴുത്തുകാര്‍, പ്രമേയം എന്നിവയെ മുന്‍നിര്‍ത്തിയുള്ള വര്‍ഗീകരണമാണ് സാഹിത്യചരിത്രങ്ങളില്‍ പൊതുവില്‍ കാണുന്നത്.സാഹിത്യപരിണാമത്തെ ആവിഷ്‌കരിക്കുന്നതിനൊപ്പം സാമൂഹികമാറ്റങ്ങളുടെ പ്രതിഫലനവും സാഹിത്യചരിത്രങ്ങളുടെ വര്‍ഗീകരണ യുക്തിയെ ക്രമപ്പെടുത്ത ഒന്നാണ്. ഓരോ കാലത്തേയും സാഹിത്യസ്വഭാവവും അഭിരുചിയും ഭിന്നമാണെന്നിരിക്കേ കാലവും സാഹിത്യചരിത്ര നിര്‍മിതിയെ സ്വാധീനിക്കുന്ന ഒന്നാണ്. സാമൂഹ്യ പരിണാമത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ സാഹിത്യരചനയില്‍ ഏര്‍പ്പെട്ടവരാണ് ഒഎന്‍വിയും വയലാറും പി.ഭാസ്‌കരനും. മലയാള സാഹിത്യ ചരിത്രങ്ങള്‍ ഇവരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന അന്വേഷണം ചരിത്രമെഴുത്തിന്റെ വര്‍ഗീകരണ യുക്തിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അത്തരമൊരു അന്വേഷണമാണ് ഇവിടെ നടത്തുന്നത്.

സമൂഹവും സാഹിത്യവും

സാമൂഹിക ജീവിതത്തിന്റെ പ്രതിനിധാനം കൂടിയാണ് സാഹിത്യം. ഒരു കൃതി രൂപംകൊള്ളുന്നത് അക്കാലത്തെ സവിശേഷമായ ഒരു നിര്‍മിതി എന്ന നിലയ്ക്കുകൂടിയാകും.സാഹിത്യചരിത്രമെഴുത്തില്‍ കൃതിയുടെ സ്വഭാവം, കര്‍തൃത്വം എന്നിവ മാത്രമല്ല പരിഗണിക്കപ്പെടുന്നത്. കൃതി രൂപപ്പെടുന്ന കാലത്തിന്റെ സവിശേഷതയും പരിഗണനാവിഷയാണ്. വ്യക്തിയുടെ നിര്‍മിതിയെന്നതിനൊപ്പം സാമൂഹിക ഇടപെടലുകളുടെ പ്രതിഫലനം കൂടിയാണ് സാഹിത്യരചന. സാഹിത്യത്തിന്റെ സാമൂഹിക ഇടപെടലെന്നോ സമൂഹത്തിന്റെ സാഹിത്യപ്രതിനിധാനമെന്നോ ഇതുകൊണ്ടര്‍ത്ഥമാക്കാം. അങ്ങനെ വരുമ്പോള്‍ ഒരു കൃതിയുടെ രൂപംകൊള്ളല്‍, സ്വാധീനം എന്നിവ മനസിലാക്കാന്‍ സാഹിത്യരചനാകാലം കൂടി പരിഗണിക്കേണ്ടിവരും.’സാഹിത്യചരിത്രം കലാകൃതികളുടെ മേന്മകള്‍ വിളംബരം ചെയ്യുന്നതൊടൊപ്പം അതിന് ജന്മം നല്‍കിയ കാലഘട്ടത്തിന്റെ സവിശേഷതകളും അനാവരണം ചെയ്യണം. അതായത് സമൂഹചരിത്രത്തിന്റെ ഭാഗമായി വേണം സാഹിത്യചരിത്രത്തെയും അഭിവീക്ഷിക്കുവാന്‍’എന്ന് രഘുകുമാര്‍ മലയാള സാഹിത്യചരിത്രങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്. സാഹിത്യചരിത്ര രചനയുടെ അടിസ്ഥാനഘടകങ്ങളിലൊന്നായിട്ടാണ് ഇവിടെ സാമൂഹികതയെ നിരീക്ഷിക്കുന്നത്.

Read Also: പൊട്ടിത്തെറിക്കുമോ സിപിഐ

മലയാള സാഹിത്യത്തില്‍ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നിവര്‍ പൊതുവെ പരിഗണിക്കപ്പെടുന്നത് വിപ്ലവ കവികളെന്നാണ് . മലയാളത്തിലെ കൂടുതല്‍ സാഹിത്യചരിത്രങ്ങളും നേരത്തേ സൂചിപ്പിച്ച വിപ്ലവപ്രയോഗം കൊണ്ടുമാത്രം ഇവരുടെ സാഹിത്യലോകത്തെ അടയാളപ്പെടുത്തുകയാണ് ചെയ്തത്. ഡോ.എം.ലീലാവതിയുടെ കവിതാസാഹിത്യചരിത്രം, എരുമേലി പരമേശ്വരന്‍ പിള്ളയുടെ മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, എന്‍.കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ, പി.കെ.പരമേശ്വരന്‍ നായരുടെ മലയാളസാഹിത്യചരിത്രം എന്നീ കൃതികള്‍ ഒഎന്‍വിയേയും വയലാറിനേയും പി.ഭാസ്‌കരനേയും എങ്ങനെയാണ് അടയാളപ്പെടുത്തിയതെന്ന് പരിശോധിക്കാം.

കവിത സമരപരിപാടി

ഡോ.എം.ലീലാവതിയുടെ കവിതാസാഹിത്യചരിത്രം അന്നത്തെ സാമൂഹികാവസ്ഥയെ മുന്‍നിര്‍ത്തിയാണ് ഒഎന്‍വിയുടെയും വയലാറിന്റെയും പി.ഭാസ്‌കരന്റെയും കവിതകളെ സമീപിക്കുന്നത്. കവിത വീണവായനയല്ല സമരപരിപാടിയാണ് എന്നും പ്രഖ്യാപിച്ച കവികളാണ് ഇവര്‍ (എം ലീലാവതി,2002:337) എന്നാണ് നിരീക്ഷണം. അന്നത്തെ സവിശേഷമായ സാമൂഹികാവസ്ഥയെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം കൂടി പരിഗണിക്കപ്പെടുന്നുണ്ട്. എങ്കിലുമത് ചരിത്ര പശ്ചാത്തലത്തിന്റെ ആഴക്കാഴ്ചയല്ല. ഉപരിപ്ലവ നിരീക്ഷണം മാത്രമാണ്.

കേരളത്തിലുണ്ടായ കര്‍ഷക-തൊഴിലാളി സമരങ്ങള്‍, സോഷ്യലിസ്റ്റ് ആശയപ്രചാരണം, കമ്യൂണിസ്റ്റ് മുന്നേറ്റം എന്നിവ കൂടി സൂചിപ്പിക്കുമ്പോഴേ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍എന്നിവരുടെ എഴുത്തിന്റെ സാമൂഹികപശ്ചാത്തലം വ്യക്തമാവുകയുള്ളൂ. ശക്തിയുള്ള വിപ്ലവഗാനങ്ങള്‍ എന്നാണ് മൂന്നുപേരുടെയും കവിതകളെ കവിതാസാഹിത്യചരിത്രം വിളിക്കുന്നത്. ഇവിടെ വിപ്ലവപ്രയോഗത്തിന്റെ പൂര്‍ണാര്‍ത്ഥം വായനക്കാര്‍ തന്നെ പൂരിപ്പിച്ചെടുക്കണം. അത് വസ്തുനിഷ്ഠമായ ചരിത്രമെഴുത്തിന്റെ രീതിയല്ല. യുക്തിഭദ്രമായി വിവരങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കേണ്ടതാണ് ചരിത്രം എന്നിരിക്കെ ഒരുപ്രയോഗത്തിന്റെ പൂര്‍ണാര്‍ത്ഥം വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നത് സാഹിത്യ ശൈലി തന്നെയാണ്. സാഹിത്യചരിത്ര രചനയില്‍ ഭാഷ കാല്‍പ്പനികമാകുന്നത് കാണാം. ‘ നിലവിലുള്ള ദുഷിച്ച വ്യവസ്ഥിതിയോട് എതിര്‍പ്പും വെറുപ്പും ഉണര്‍ത്താന്‍ വേണ്ടി മര്‍ദിതന്റെ ധൈര്യവും ദുഃഖവും മാത്രമല്ല യോദ്ധാവിന്റെ ഈറയും വീറും അദ്ദേഹത്തിന്റെ കാവ്യപ്രമേയങ്ങളായി’ ( എം ലിലാവതി,2002:345) എന്നാണ് വയലാറിന്റെ കവിതകളെ കുറിച്ചുള്ള നിരീക്ഷണം. ഒഎന്‍വിയുടെ കവിതകളെ കുറിച്ച് പറയുമ്പോള്‍ വിപ്ലവ പ്രയോഗം ആവര്‍ത്തിക്കുന്നത് കാണാം. ‘കൂടുതല്‍ ഉദ്ദീപ്തമായ വിപ്ലവവീര്യവും ലക്ഷ്യബോധവും സമന്വയിപ്പിച്ച് നിസ്വവര്‍ഗമായ ഭൂരിപക്ഷത്തിന്റെ ആത്മാവിലേക്ക് നേരേ കടന്നുചെന്നു’ (2002:345) എന്നാണ് എം ലീലാവതി എഴുതുന്നത്.

ഒഎന്‍വിയുടെയും വയലാറിന്റെയും പി ഭാസ്‌കരന്റെയും എഴുത്തിന്റെ പരിണാമത്തെ കവിതാസാഹിത്യ ചരിത്രം പിന്തുടരുന്നുണ്ട്. എഴുത്ത് തുടങ്ങിയ കാലവും വിപ്ലവകവിതകളിലൂടെ കടന്ന് ഒടുവില്‍ മനുഷ്യബന്ധങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് എത്തുന്നതും ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിതവും മനുഷ്യബന്ധങ്ങളുമാണ് മൂന്നുപേരുടെയും കവിതകളുടെ പൊതുസ്വഭാവം എന്ന തീര്‍പ്പിലാണ് കവിതാസാഹിത്യചരിത്രം എത്തുന്നത്. അത് സമകാലിക ദുരവസ്ഥയോടുള്ള പ്രതികരണമാണെന്നും വിശദീകരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ‘തുടുവെള്ളാമ്പല്‍പ്പൊയ്കയും ജീവിതക്കടലും’ എന്ന വര്‍ഗീകരണയുക്തിക്ക് കീഴില്‍ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നിവരുടെ കവിതകള്‍ നിലനില്‍ക്കും. ജീവിതത്തിന്റെ ഭാഗമാണ് തുടക്കത്തില്‍ സൂചിപ്പിച്ച വിപ്ലവം. അതിനുശേഷമുണ്ടാകുന്ന പരിണാമം അതിന്റെ തുടര്‍ച്ചയുമാണ്. പക്ഷേ, മൂന്നുപേരുടെയും കൃതികളെ പൊതുസ്വഭാവത്തിന് കീഴിലാക്കുമ്പോള്‍ അത് ഒരു പ്രത്യേക കാലഘട്ടത്തിലുണ്ടായ സാമൂഹികമുന്നേറ്റത്തിന്റെ സാമാന്യവത്കരണമാണ്. കേരളത്തിന്റെ സാമൂഹികജീവിതഘടനയെ മാറ്റിയ ഒരു മുന്നേറ്റത്തിന്റെ നായകസ്ഥാനത്ത് നിലനിന്നവരുടെ കൃതികള്‍ അത്തരമൊരു സവിശേഷാവിഷ്‌കാരത്തിന്റെ ഭാഗമായല്ല പരിഗണിക്കപ്പെടുന്നത്. ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും പാട്ടുകള്‍ എന്ന നിരീക്ഷണമാണ് അതിന്റെ തുടര്‍ച്ചയെന്നോണം കാണുന്നത്.

പ്രത്യയശാസ്ത്ര കവികള്‍

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഒഎന്‍വിയുടെയും വയലാറിന്റെയും പി.ഭാസ്‌കരന്റെയും കാവ്യത്തുടക്കത്തെ ക്രമപ്പെടുത്തിയതെന്നാണ് എരുമേലി പരമേശ്വരന്‍ പിള്ളയുടെ നിരീക്ഷണം. ചങ്ങമ്പുഴക്കവിതകളുടെ സ്വാധീനം മൂന്നുപേരിലുമുണ്ടെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം സാമൂഹ്യ സമസ്യകളുടെ പുതിയലോകം തുറന്നിട്ട കവികളാണ് ഇവര്‍ എന്ന നിരീക്ഷണവും അവതരിപ്പിക്കപ്പെടുന്നുണ്ട്. വയലാറിനെക്കുറിച്ച് പറയുമ്പോള്‍ പ്രാമുഖ്യം നേടുന്നത് സാഹിത്യത്തിന്റെ സാമൂഹികതയിലൂന്നിയ വീക്ഷണമാണ്. നിലനിന്നിരുന്ന നാടുവാഴി വ്യവസ്ഥ, പള്ളിമേധാവിത്വം, മതപരമായ ചൂഷണം എന്നിവയ്ക്ക് എതിരായ എഴുത്തായിരുന്നു വയലാറിന്റേതെന്ന നിരീക്ഷണവും തുടര്‍ന്ന് കാണാം. വയലാര്‍ കവിതയുടെ പില്‍ക്കാല പരിണാമങ്ങളെ കുറിച്ച് വിശദീകരിച്ച് കാണുന്നില്ല.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തെളിച്ചുകൊടുത്ത പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ സാമൂഹികവിപ്ലവത്തിന്റെ തീനാളങ്ങള്‍ പ്രോജ്ജ്വലിപ്പിക്കുന്ന കവിയായി മാറിയെന്നാണ് ഒഎന്‍വിയെ കുറിച്ചുള്ള നിരീക്ഷണം. സാഹിത്യനിര്‍മിതിയില്‍ സാമൂഹികാവസ്ഥ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നാണ് ഇവിടെ വിശദീകരിക്കുന്നത്. സാമൂഹിക നീതിക്കുവേണ്ടി പോരാടുന്ന മര്‍ദിത ജനസമൂഹത്തിന്റെ തിളയ്ക്കുന്ന ശബ്ദം അദ്ദേഹത്തിന്റെ കാതുകളില്‍ മുഴങ്ങി എന്നാണ് പിന്നീട് കാണുന്ന നിരീക്ഷണം. പില്‍ക്കാലത്ത് ഒഎന്‍വി കവിതകളിലുണ്ടാകുന്ന പരിണാമവും സൂചിപ്പിക്കുന്നുണ്ട്. കാലദേശാനുവര്‍ത്തിയായ മാനുഷികമൂല്യങ്ങളുടെ പ്രവക്താവ് എന്ന നിലയില്‍ ഒഎന്‍വി കൂടുതല്‍ ആദരണീയനാകുന്നുവെന്നാണ് സാഹിത്യചരിത്രകാരന്റെ അഭിപ്രായം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നുമാറി അടിസ്ഥാന മാനവികമൂല്യങ്ങളുടെ കവിയായി ഒഎന്‍വി മാറിയെന്നാണ് നിരീക്ഷണം. എന്നാല്‍ ഒരുകാലത്ത് ഒഎന്‍വി ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സാമൂഹികതയിലധിഷ്ഠിതമാണ്. മാനവികതയാണ് അതിന്റെയും അടിസ്ഥാനം. എന്നാലത് വര്‍ഗസമരത്തില്‍ കേന്ദ്രീകരിക്കുന്നതാണെന്ന് മാത്രം. അവിടെ നിന്ന് ആരുടെ ദുഃഖവും ദുഃഖമാണെന്നും ആരുടെ വേദനയും വേദനയാണെന്നുമുള്ള ബോധ്യമാണ് വിശാല മാനവികതയുടെ കേന്ദ്രചിന്ത. ഒഎന്‍വി മുന്നോട്ടുവച്ച മാനുഷികമൂല്യം രണ്ടുരീതിയിലാണ് വ്യത്യസ്തമാകുന്നത്. സമത്വസുന്ദരമായ സ്വപ്നം അകലെയാണെന്ന തിരിച്ചറിവാണ് ആദ്യത്തേത്. മാനുഷികമൂല്യം അധസ്ഥിതന് മാത്രമാണ് ബാധകമെന്ന ചിന്തയാണ് രണ്ടാമത്തേത്. അതുകൊണ്ട് ഇവിടുത്തെ നിരീക്ഷണങ്ങള്‍ കവിതയുടെ യഥാര്‍ത്ഥ സ്വത്വത്തെ തൊട്ടുനില്‍ക്കുന്നുണ്ടോയെന്ന് സംശയം തോന്നാം.

സാമൂഹികനീതിക്കായി ശബ്ദമുയര്‍ത്തിയ കവിയെന്നാണ് എരുമേലി പരമേശ്വരന്‍ പിള്ള പി.ഭാസ്‌കരനെ കുറിച്ച് എഴുതുന്നത്. ചുടുകണ്ണീരില്‍ അഗ്‌നിനാളം കൊളുത്തിയ കവി കാലം മാറിയതോടെ മറ്റൊരു ജീവിതദര്‍ശനത്തിന്റെ വക്താവായെന്നും നിരീക്ഷിക്കുന്നുണ്ട്. എന്നാലത് സാഹിത്യപരിണാമത്തിന്റെ ആഴക്കാഴ്ചയല്ല. ജീവിതബോധത്തിന്റെ തീക്ഷണജ്വാലകള്‍ എന്ന തലക്കെട്ടിലാണ് ഒഎന്‍വിയെയും വയലാറിനെയും പി.ഭാസ്‌കരനെയും പരിഗണിക്കുന്നത്. തീക്ഷണം, ജ്വാല എന്നീ പ്രയോഗങ്ങളെല്ലാം ചടുലതയുടെ കൂടി അടയാളമാണ്. എന്നാല്‍ തീവ്രമായ വിപ്ലവാഭിനിവേശം പ്രകടിപ്പിക്കുകയും പില്‍ക്കാലത്ത് അതെല്ലാം കെട്ടടങ്ങുകയും ചെയ്തവര്‍ എന്ന നിരീക്ഷണം അവതരിപ്പിക്കുമ്പോള്‍ മുന്‍പ് സൂചിപ്പിച്ച തലക്കെട്ടിന് കീഴില്‍ നിലനില്‍ക്കുമോ ഇവരുടെ കവിതകളെന്ന സംശയം ഉയരുന്നുണ്ട്.

കവിതയിലെ വിപ്ലവഗന്ധം

സാമൂഹിക വിപ്ലവത്തിന്റെ ഗന്ധം പരത്തിയ കവികളെന്നാണ് ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നിവരെ കൈരളിയുടെ കഥയില്‍ വിശേഷിപ്പിക്കുന്നത്. സാഹിത്യം എങ്ങനെയാണ് അതത് കാലഘട്ടങ്ങളുടെ കണ്ണാടിയാകുന്നത് എന്ന് പറഞ്ഞുറപ്പിക്കുകയാണിവിടെ. സാമൂഹികമുന്നേറ്റമാണ് മൂന്ന് കവികളുടെയും ലക്ഷ്യമെന്ന നിരീക്ഷണം പിന്നാലെയുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ രൂപംകൊള്ളലും അതു നിര്‍വഹിച്ച സാമൂഹിക ഉത്തരവാദിത്തവും ഇവിടെ പരിഗണനാവിഷയമാണ്. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടതിനെ കുറിച്ചും അതിന്റെ സ്വാധീനം സാഹിത്യത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. സാമൂഹിക വിപ്ലത്തിന്റെ ഗന്ധം അവിടെയൊക്കെ നേര്‍ത്തതായിരുന്നു എന്നാണ് കൈരളിയുടെ കഥയിലെ നിരീക്ഷണം. കവിതയുടെ ലാളിത്യം, സംഗീതാത്മകത എന്നിവയും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ഒഎന്‍വിയുടെയും വയലാറിന്റെയും പി.ഭാസ്‌കരന്റെയും കവിതകളെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവയുടെ ആന്തരിക വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും തിരസ്‌കരിക്കപ്പെടുന്നുണ്ട്. ചങ്ങമ്പുഴക്കവിതകളോടുള്ള താരതമ്യവും ഇവിടെ കാണാം. രൂപ-ഭാവ ശില്‍പ്പങ്ങളില്‍ മൂന്നുപേരും ചങ്ങമ്പുഴക്കവിതകളെ പിന്തുടരുന്നുവെന്നാണ് കൈരളിയുടെ കഥയിലെ നിരീക്ഷണം. കവി കാണേണ്ടത് ജീവനുള്ള മനുഷ്യനെയാണെന്ന് വ്യക്തമാക്കുന്ന സാഹിത്യചരിത്രകാരന്‍ വര്‍ഗബോധത്തിലൂന്നിയ മനുഷ്യക്കാഴ്ചയല്ല വേണ്ടതെന്നും കൂട്ടിച്ചേര്‍ക്കുന്നു. സാമൂഹിക വിപ്ലവത്തിന്റെ ഗന്ധം കവിതയില്‍ എത്തിച്ചവര്‍ എന്ന നിലയ്ക്കാണ് ഇവിടെ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നിവരുടെ കവിതകളെ വിലയിരുത്തുന്നത്.

ചങ്ങമ്പുഴയുടെ ഗന്ധം

പി കെ പരമേശ്വരന്‍ നായരുടെ മലയാളസാഹിത്യചരിത്രത്തില്‍ എത്തുമ്പോള്‍ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നിവര്‍ ചങ്ങമ്പുഴക്കവിതകളുടെ തടവിലാണെന്ന നിരീക്ഷണമുണ്ട്. ചങ്ങമ്പുഴയ്ക്ക് ശേഷമുള്ള കവികളെന്ന് വിലയിരുത്തുകയും താരതമ്യം തുടരുകയുമാണ് ചെയ്യുന്നത്. ചങ്ങമ്പുഴക്കവിതകളിലെ അതിവൈകാരികത മൂന്നു കവികളെയും സ്വാധീനിച്ചെന്നാണ് നിരീക്ഷണം. പി.ഭാസ്‌കരന്റെ കവിതകളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ സാമൂഹിക പശ്ചാത്തലം വിഷയമാകുന്നതേയില്ല. ചങ്ങമ്പുഴക്കവിതകളുമായുള്ള താരതമ്യം മാത്രമാണ് ഇവിടെ പ്രകടമാകുന്നത്. കവിത പടിപടിയായി വികാരോത്തേജകമാകുന്നുവെന്ന നിരീക്ഷണത്തോടെയാണ് അത് അവസാനിക്കുന്നത്.

സാമൂഹിക പശ്ചാത്തലം, കാലം എന്നിവയെ മുന്‍നിര്‍ത്തിയാണ് വയലാറിന്റെ കവിതകളെ വിലയിരുത്തുന്നത്. കവിതയുടെ ജനകീയതയും വൈകാരികതയും ഇവിടെ പരിഗണനാവിഷയമാണ്. പക്ഷേ അതും ചങ്ങമ്പുഴക്കവിതകളോടുള്ള താരതമ്യത്തിനാണ് ഉപയോഗിക്കുന്നത്. ‘കവിത കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള യുവകവികളുടെ ഉത്സാഹം വര്‍ദ്ധിച്ചു വരികയാണ് ‘ (പി.കെ.പരമേശ്വരന്‍ നായര്‍, 1998:262), ‘ പ്രാധാന്യം വികാരനിര്‍ഭരവും ഉദ്‌ബോധകവുമായ പ്രതിപാദനത്തിനാണ് ‘( പി.കെ.പരമേശ്വരന്‍ നായര്‍, 1998:263) എന്നീ നിരീക്ഷണങ്ങള്‍ക്ക് പിന്നില്‍ ചങ്ങമ്പുഴക്കവിതകളോടുള്ള താരതമ്യം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വൈകാരികതയും ജനകീയതയും ചങ്ങമ്പുഴക്കവിതകളോട് ചേര്‍ത്തുവെയ്ക്കുന്നവയാണ്. കവിതയുടെ സമൂഹികത, കാലപരിഗണന എന്നിവ ഇവിടെയും പരിഗണിക്കപ്പെടുന്നതേയില്ല. ഒഎന്‍വിയുടെ കവിതകളെക്കുറിച്ചുള്ള നിരീക്ഷണവും മുന്‍പ് സൂചിപ്പിച്ചതില്‍ നിന്ന് ഭിന്നമല്ല. വയലാറിനെപ്പോലെ ഒഎന്‍വിയും സാമാന്യജനങ്ങള്‍ക്ക് ഉത്തേജകമായ രീതിയില്‍ കവിതയെഴുതുന്നുവെന്ന് വിലയിരുത്തുമ്പോള്‍ ജനകീയതയ്ക്ക് തന്നെയാണ് പ്രാമുഖ്യമെന്ന് കാണാം. സാമൂഹിക മുന്നേറ്റങ്ങളുടെ ചാലകശക്തിയായി ഇവിടെ കവിത മാറുന്നില്ല. മൂന്നുപേരുടെയും കവിതകള്‍ മുന്നോട്ടുവച്ച വിപ്ലവാത്മകതയെ സാഹിത്യചരിത്രകാരന്‍ പരിഗണിക്കുന്നില്ല. ചങ്ങമ്പുഴക്കവിതകളോടുള്ള താരതമ്യം മാത്രമാണ് ഇവിടെയുള്ളത്.

വിപ്ലവത്തിന്റെ വിളിയെന്നാണ് ഒഎന്‍വിയുടെയും വയലാറിന്റെയും പി.ഭാസ്‌കരന്റെയും കവിതകളെ കല്‍പ്പറ്റയുടെ മലയാളസാഹിത്യചരിത്രം വിശേഷിപ്പിക്കുന്നത്. സാമൂഹിക മുന്നേറ്റത്തിനൊപ്പം നിന്ന കവിതകളെന്നാണ് നിരീക്ഷണം. കവിതകളുടെ പേരുകള്‍ മാത്രം പറഞ്ഞുപോകുന്നു. ആവുന്നത്ര ഉച്ചത്തില്‍ പാടിയ കവികളെന്നാണ് മൂന്നുപേരെക്കുറിച്ചുമുള്ള വിലയിരുത്തല്‍. സംഗീതത്തിന്റെയും നവമാനവികതയുടെയും സുഗന്ധം പുരണ്ട കവിതകളെന്നും കല്‍പ്പറ്റ പറയുന്നുണ്ട്. സമ്പൂര്‍ണ മലയാള സാഹിത്യചരിത്രമാകട്ടെ ഒഎന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍ എന്നീ പേരുകള്‍ പരാമര്‍ശിച്ച് കടന്നുപോവുകയാണ്. കവിതയുടെ സാമൂഹിക പശ്ചാത്തലം പരിഗണിക്കുന്നതേയില്ല. സംസ്‌കാരിക മുന്നേറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രവുമുണ്ട്. എന്നാല്‍ കേരളത്തിന്റെ സാമൂഹിക പരിതസ്ഥിതി, ജന്മി-കുടിയാന്‍ ബന്ധം, നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്നിവയൊക്കെ മൂന്നുപേരുടെയും കവിതകളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.

ചുരുക്കത്തില്‍ സമഗ്രതയിലൂന്നിയല്ല സാഹിത്യചരിത്രങ്ങള്‍ ഒഎന്‍വിയുടെയും വയലാറിന്റെയും പി.ഭാസ്‌കരന്റെയും കവിതകളെ വിലയിരുത്തുന്നത്. എഴുത്തിന്റെ തുടക്കവും പില്‍ക്കാല പരിണാമവും പൂര്‍ണമായി ആവിഷ്‌കരിക്കാന്‍ സാഹിത്യചരിത്രങ്ങള്‍ക്ക് കഴിയുന്നില്ല. വിപ്ലവത്തിന്റെ കവികളെന്ന പൊതുവിശേഷണത്തിലേക്ക് കൊണ്ടുവരുമ്പോള്‍ മൂന്നുപേരുടെയും കവിതകളുടെ ആഭ്യന്തര വൈവിധ്യങ്ങള്‍ പരിഗണനയ്ക്ക് പുറത്താകുന്നുണ്ട്. വിപ്ലവത്തിന്റെ കവികള്‍, ചങ്ങമ്പുഴയുടെ പിന്മുറക്കാര്‍ , വിശാല മാനവികതയുടെ വക്താക്കള്‍ എന്നിങ്ങനെയാണ് ഒഎന്‍വിയെയും വയലാറിനെയും പി.ഭാസ്‌കരനെയും സാഹിത്യചരിത്രങ്ങള്‍ പരിഗണിക്കുന്നത്. ഈ മൂന്നുനിരീക്ഷണങ്ങളും ഒറ്റ തിരിഞ്ഞാണ് നില്‍ക്കുന്നതെന്നതാണ് സാഹിത്യചരിത്രരചനയെ പ്രശ്‌നവത്കരിക്കുന്നത്. സാഹിത്യചരിത്ര രചനയുടെ വര്‍ഗീകരണയുക്തി മൂന്നുപേരുടെയും കവിതകളുടെ വ്യത്യസ്തതകളെ സ്പര്‍ശിച്ച് പോകുന്നില്ലെന്ന് വേണം കരുതാന്‍.

Story Highlights : Remembering Vayalar Ramavarma 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here