Advertisement

കെപിസിസി സെക്രട്ടറിമാര്‍ 150 ആകും?; വീണ്ടും ജംബോ പട്ടിക; ഓരോ സെക്രട്ടറിമാര്‍ക്കും ഓരോ മണ്ഡലത്തിന്റെ ചുമതല; ഡിസിസി പുനസംഘടനയില്ല

October 30, 2025
Google News 2 minutes Read
KPCC may have 150 general secretaries

കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യം ഊട്ടിയുറപ്പിക്കാനായി വീണ്ടും ജംബോ കമ്മിറ്റി. പുനസംഘടയുടെ ഭാഗമായി 150 കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് ലഭ്യമാവുന്ന വിവരം. 300 പേരടങ്ങുന്ന കെപിസിസി സെക്രട്ടറിമാരുടെ പട്ടികയാണ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തിന് സമര്‍പ്പിച്ചത്. പട്ടിക ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറിമാരുടെ എണ്ണം 150 ആയി വെട്ടിച്ചുരുക്കിയിരിക്കയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അതാത് മണ്ഡലങ്ങളില്‍ ചലിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ അന്തിമ പട്ടിക ഉടന്‍ കെപിസിസി അംഗീകാരം നല്‍കി എഐസിസിയെ ഏല്‍പ്പിക്കും. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപനം ഉണ്ടാവും. ഇതോടെ കെപിസിസി പുനസംഘടന പൂര്‍ത്തിയാവും. (KPCC may have 150 general secretaries)

കോണ്‍ഗ്രസില്‍ അസംതൃപ്തരായി കഴിയുന്നവരേയും മറ്റും കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നടത്തുന്നത്. 59 അംഗ കെ പി സി സി ജന. സെക്രട്ടറിമാരുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജംബോ കമ്മിറ്റിയെന്ന ആരോപണം നിലനില്‍ക്കെയാണ് സെക്രട്ടറിമാരെ കുത്തിനിറച്ചുള്ള മറ്റൊരു സൂപ്പര്‍ ജംബോ കമ്മിറ്റി കൂടി പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നതാണ് കൗതുകം.

Read Also: ‘മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; പിഎം ശ്രീ സമരത്തിലെ വി ശിവന്‍കുട്ടിക്കെതിരായ മുദ്രാവാക്യങ്ങളില്‍ എഐവൈഎഫ്

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഹൈക്കമാന്റ്, കെ പി സി സി അധ്യക്ഷനോട് ആവശ്യപ്പെട്ടിരിക്കയാണ്. ഡി സി സി പുനസംഘടന തിരഞ്ഞെടുപ്പുവരെ നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളെ മാറ്റി നിയമിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

തിരഞ്ഞെടുപ്പുവരെ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താനുള്ള പദ്ധതികളാണ് നേതൃത്വം കൈക്കൊള്ളുന്നത്. കെ പി സി സി പുനസംഘടന, യൂത്ത് കോണ്‍ഗ്രസ് പുനസംഘടന, തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത തുടരവേയാണ് എ ഐ സി സി നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ച.

കേരളത്തില്‍ അടുത്തതവണ അധികാരത്തില്‍ വരണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാവണമെന്നും, ഗ്രൂപ്പിസം അവസാനിപ്പിച്ച് നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കിയിരിക്കയാണ്. വി ഡി സതീശനെതിരെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എ ഐ സി സി നേതൃത്വത്തെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നത്. കേരളത്തില്‍ ഗ്രൂപ്പുപോരുകള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. അധ്യക്ഷന്‍ എല്ലാവിഭാഗം നേതാക്കളോടും ആവശ്യപ്പെട്ടതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനും, കെ പി സി സി മുന്‍ഭാരവാഹികളെയടക്കം ഉള്‍പ്പെടുത്തി വിപുലമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നുമാണ് നിര്‍ദേശം.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുന്‍ കെപിസിസി ഭാരവാഹികള്‍ എന്നിവരുമായി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ചനടത്തിയിരുന്നു. ഗ്രൂപ്പുകള്‍ മാറ്റി നിര്‍ത്തി എ ഐ സി സി കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചത്. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും എ ഐ സി സി അധ്യക്ഷന്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചിരിക്കയാണ്.

കേരളത്തില്‍ നിലവില്‍ രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നിലുണ്ട്. ഇവര്‍ തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കെയാണ് എ ഐ സിസി ജന.സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ കേരളത്തില്‍ സജീവമാവുന്നു എന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ സി വേണുഗോപാല്‍ എത്തുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

കെ പി സി സി ജന.സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റുമാരേയും നിശ്ചയിച്ചതില്‍ കടുത്ത എതിര്‍പ്പുമായി വി ഡി സതീശന്‍ പക്ഷക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കെ പി സി സി അധ്യക്ഷനുമായി വി ഡി സതീശന്‍ അകല്‍ച്ച പ്രഖ്യാപിച്ചത്. ഇരുപക്ഷവും സഹകരിക്കാന്‍ തയ്യറാവാതെ വന്നതോടെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയായിരുന്നു.

കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന് പ്രഖ്യാപിച്ച വി ഡി സതീശന്‍ നേതൃത്വവുമായി അകന്നു നില്‍ക്കുന്നത് തിരിച്ചടിക്ക് വഴിയൊരുക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നേരത്തെ മുന്‍ കെ പി സി സി അധ്യക്ഷനായിരുന്ന കെ സുധാകരനുമായി നിരന്തരം പോരാടിയിരുന്ന നേതാവായിരുന്നു വി ഡി സതീശന്‍.

അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്ന കെ സുധകരനെ എ ഐ സി സി നിര്‍ബന്ധപൂര്‍വം മാറ്റുകയായിരുന്നു. കെ പി സി സി പുനസംഘടന നടത്തി പാര്‍ട്ടിയില്‍ ഐക്യമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ പുനസംഘടനയാണ് എ ഐ സി സി നിര്‍ദേശിച്ചിരുന്നത്. ഡി സി തലംമുതല്‍ പുനസംഘടനയായിരുന്നു ഹൈക്കമാന്റ് നിര്‍ദേശമെങ്കിലും എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പുനസംഘനട അനന്തമായി നീളുകയായിരുന്നു. ഒടുവില്‍ കെ പി സി സി ഭാരവാഹികളുടെ ഒരു വലിയ പട്ടിക പ്രഖ്യാപിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം തയ്യാറായി. എന്നാല്‍ ജംബോ പട്ടിക അവതരിപ്പിച്ചിട്ടും വി ഡി സതീശന്‍ കെ പി സി സി നേതൃത്വത്തെ തള്ളി. ഇതോടെ പുതിയ അധ്യക്ഷനായ അഡ്വ സണ്ണി ജോസഫുമായും വി ഡി സതീശന്‍ ഐക്യമുണ്ടാക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് നല്‍കിയത്. ഇതെല്ലാം പരിഹരിച്ച്, ശക്തമായ മുന്നേറ്റമാണ് നേതൃത്വം ഇതോടെ ലക്ഷ്യമിട്ടിരിക്കുന്നത്. സെക്രട്ടറിമാരെ പ്രഖ്യാപിക്കുന്നതോടെ പാര്‍ട്ടി മിഷനറികള്‍ സജീവമാവുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്റ്.

Story Highlights : KPCC may have 150 general secretaries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here