Advertisement

‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം

October 31, 2025
Google News 1 minute Read

കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന മലയാളികൾ പോലും നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖത്തറിൽ ‘മലയാളോത്സവം 2025’ന്റെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടിപോലും കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയെന്നും, കേരളത്തിലേതുപോലുള്ള റോഡുകൾ ന്യൂയോർക്കിലും ഇല്ലെന്ന് കുട്ടി വന്ന് തന്നോട് പറഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ന്യൂയോർക്കിൽ താമസിക്കുന്ന ഒരു കുടുംബം കോട്ടയം വഴി പാലക്കാട് വരെ യാത്ര ചെയ്തപ്പോഴാണ് മനോഹരമായ റോഡുകൾ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കുട്ടി റോഡിനെ അത്ഭുതത്തോടെയാണ് കണ്ടത്. പാലക്കാട്ടേക്കുള്ള യാത്രയിൽ കുതിരാൻ ടണലിലൂടെയുള്ള യാത്ര കുട്ടിയിൽ ആശ്ചര്യം ഉണ്ടാക്കിയെന്നും ന്യൂയോർക്കിലുപോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞുവെന്നും, അത് പറയാൻ വേണ്ടിമാത്രം കുട്ടിയേയും കൂട്ടി അവർ തന്റെ അടുത്ത് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത പൂർത്തിയായതോടെ റോഡുകളുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതോടൊപ്പം മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിലെ റോഡ് ഗതാഗതത്തിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നു പറഞ്ഞു. നമ്മുടെ ജലഗതാഗത രംഗത്തും വലിയ വികസനങ്ങളാണ് നടക്കുന്നത്. കോവളം മുതൽ ബേക്കൽ വരെ നീളുന്ന ജലപാതയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ലെന്ന് കരുതിയ കേരളം ഇന്ന് അടിസ്ഥാന വികസനത്തിൽ ഏറെ മുന്നേറിയിട്ടുണ്ടെന്നും കേരള വികസനം നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും, ദേശീയപാത പ്രവർത്തി തുടങ്ങാൻ പോലും സാധ്യമല്ലെന്ന് പലരും കരുതിയിരുന്നിടത്ത് ഇന്ന് അതിന്റെ പണി ഏറെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തിനിടയിൽ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അടിസ്ഥാന സൗകര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന പരാതി ഇപ്പോൾ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ലോകകേരളസഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘മലയാളോത്സവം 2025’ സംഘടിപ്പിച്ചത്.

Story Highlights : CM Pinarayi Vijayan praises Kerala’s roads in Doha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here