Advertisement

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ അനുവദിച്ച ഫണ്ട് തട്ടിയെടുത്തെന്ന പരാതി; സിപിഐ നേതാവ് പ്രതിയായ കേസില്‍ ഇഡി ഇടപെടല്‍

6 days ago
Google News 3 minutes Read
ED action in attappadi divasi house project fund scam

അട്ടപ്പാടി ഭൂതിവഴി ഉന്നതിയിലെ ആദിവാസി ഭവന നിര്‍മാണ ഫണ്ട് തട്ടിപ്പുകേസില്‍ ഇഡി ഇടപെടുന്നു. സിപിഐ നേതാവും നിലമ്പൂര്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി എം ബഷീര്‍ ഒന്നാം പ്രതിയായ കേസിലാണ് ഇഡിയുടെ ഇടപെടല്‍. രേഖകളുമായി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. (ED action in attappadi divasi house project fund scam)

2015-2016 കാലത്താണ് തട്ടിപ്പിന്റെ തുടക്കം. ഇക്കാലത്താണ് അട്ടപ്പാടി ഭൂതിവഴിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി അട്ടപ്പാടി ആദിവാസി ക്ഷേമപദ്ധതിയില്‍പ്പെടുത്തി കരാര്‍ ഉണ്ടാക്കുന്നത്. കരാറുകാരനായി പിഎം ബഷീര്‍ അബ്ദുള്‍ ഗഫൂരും എന്നയാളുമെത്തി. എന്നാല്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള വീട് നിര്‍മാണം പൂര്‍ത്തിയായില്ല. എങ്കിലും കരാറുകാര്‍ നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് ഉയര്‍ത്തിക്കാട്ടിയാണ് കുടുംബങ്ങള്‍ ആദ്യമായി പരാതി പറയുന്നത്. തങ്ങള്‍ക്ക് ലഭിച്ചത് ചോര്‍ന്നൊലിക്കുന്ന വീടാണെന്ന് കാട്ടി ഈ കുടുംബങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ പിന്നാലെ ഇവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഓരോ കുടുംബത്തിനും 1,28,500 രൂപ വീതം നല്‍കുകയും ചെയ്തു. വീടിന്റെ പണിയുടെ പേരുപറഞ്ഞ് ഈ തുകയും ബഷീര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നുമാണ് ഏഴ് കുടുംബങ്ങളുടെ പരാതി.

Read Also: “ആദ്യ ചിത്രം ഓടാത്തതിനാൽ അവസരം കിട്ടാൻ സമയമെടുത്തു, ചെന്ന് കാണാത്ത താരങ്ങളില്ല” ; രാഹുൽ സദാശിവൻ

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എടുത്ത മൂന്ന് കേസുകളിലും പിഎം ബഷീറാണ് ഒന്നാം പ്രതി. പരാതിക്കാരിയായ കലാമണിയോട് നാലാം തീയതി രാവിലെ 10.30 മണിക്ക് കോഴിക്കോട് ഇഡി ഓഫിസില്‍ രേഖകളുമായി ഹാജരാകണമെന്നാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്. അട്ടപ്പാടി അഗളി പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍, മറ്റൊരു കരാറുകാരനായ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.

Story Highlights : ED action in attappadi divasi house project fund scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here