അച്ചൂട്ടിയെ സ്‌നേഹിച്ചും വെറുത്തും കൂടുതല്‍ അനശ്വരനാക്കിയ കൊച്ചുരാമന്‍; മുരളിയുടെ അസാധ്യ പ്രകടനം ഒരിക്കല്‍ കൂടി തീയേറ്ററുകളില്‍
അമരത്തിലെ അച്ചൂട്ടിയില്‍ മമ്മൂട്ടിയില്ല 100 ശതമാനം അച്ചൂട്ടിയേയുള്ളൂ എന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരുന്നതിന് ഒരു കാരണം വളരെ ‘റോ’ (Raw) ആയി ആ കഥാപാത്രത്തെ അങ്ങ് അഭിനയിച്ച് അഴിച്ച് വിട്ടിരിക്കുന്നു എന്നതാണ്. ഭാഷ, ശരീരചലനങ്ങള്‍, വികാരപ്രകടനങ്ങള്‍, ഒക്കെ ഒട്ടും പോളിഷ് ചെയ്യാതെ അച്ചൂട്ടിയിലേക്ക് അഴിച്ച് വിടുകയാണ്. നിങ്ങള്‍ ആ അച്ചൂട്ടിയുടെ തീരെ പോളിഷ് ചെയ്യാത്ത, ജീവിതം പോലെ തോന്നിക്കുന്ന സ്വാഭാവിക അഭിനയത്തിന്റെ ആരാധകനായെങ്കില്‍ ഉറപ്പായും നിങ്ങള്‍ കൊച്ചുരാമന്റേയും ഫാനായിട്ടുണ്ടാകും. മുരളിയിലൂടെ കൊച്ചുരാമന്റെ ഭാഷയും വേദനയും അപമാനവും രോഷവും നൈസര്‍ഗികമായി ഒഴുകുന്നത് നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍, മുരളിയെന്ന മുത്ത് പോലൊരു അഭിനേതാവിന്റെ പ്രകടനം നിങ്ങള്‍ മിസ്സ് ചെയ്‌തെങ്കില്‍, അത് വീണ്ടും വീണ്ടും കണ്ട് പഠിക്കണമെന്നുണ്ടെങ്കില്‍ 4K ദൃശ്യമികവില്‍ ഇന്ത്യയെമ്പാടും റീറിലീസ് ചെയ്യുന്ന അമരം നിങ്ങള്‍ കാണണം. (amaram movie muralis’ achootty character analysis)
രണ്ട് മനുഷ്യര്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സ്‌ക്രീനില്‍ കാണുമ്പോള്‍ ആ സിനിമാ സന്ദര്‍ഭങ്ങളുടെ യഥാര്‍ഥ പിരിമുറുക്കം, ത്രില്ല്, വികാരതീവ്രത, എംപതി, വീറ് ഇവയൊക്കെ കാണുന്നവരുടെ ഉള്ളില്‍ കയറാന്‍ അയ്യപ്പനും കോശിയിലുമൊക്കെ നമ്മള്‍ കണ്ടിട്ടുള്ള ഒരു തന്ത്രമുണ്ട്. സംഘര്‍ഷത്തിനടിയിലും ഇരുമനുഷ്യര്‍ക്കും ഇടയിലുള്ള സ്‌നേഹത്തിന്റെ ഒരു ലെയര്‍. തനിക്കൊത്ത വില്ലന്റെ സ്‌നേഹത്താലും വെറുപ്പാലും രൂപപ്പെടുന്ന നായകന്‍. നായകന്‍ ഊതിക്കാച്ചിയെടുത്ത വില്ലന്‍. അമരത്തില്‍ അങ്ങനെയൊരു മംഗലശ്ശേരി നീലകണ്ഠന്‍- മുണ്ടക്കല്‍ ശേഖരന്‍ വില്ലന്‍-നായകന്‍ ദ്വന്ദമൊന്നുമില്ലെങ്കിലും അവരുടെ സംഘര്‍ഷത്തിന്റെ പിരിമുറുക്കം നമ്മുക്ക് അമരത്തില്‍ അനുഭവിക്കാനാകും. തെറ്റിദ്ധാരണകളും ദുരഭിമാനവും വാശിയും കൊണ്ട് അകന്നും മത്സരിച്ചും കുത്തിനോവിച്ചും ജീവിക്കുന്ന, ഉള്ളിനുള്ളില്‍ സ്‌നേഹത്താലും സൗഹൃദത്താലും ബന്ധിതരായ രണ്ട് ഒത്ത പുരുഷന്മാരെ നമ്മുക്ക് അമരത്തിലും കാണാം. സ്‌നേഹിച്ച് വെറുക്കുന്ന ഇത്തരം പുരുഷന്മാരെ സിനിമയില്‍ പിന്നീട് നമ്മള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അച്ചൂട്ടിയും കൊച്ചുരാമനും അതിന്റെ ഗോട്ട് (G.O.A.T) എന്ന് പറയാം. കാരണം അച്ചൂട്ടിയുടേയും കൊച്ചുരാമന്റേയും സംഘര്‍ഷത്തിന് രണ്ടോ മൂന്നോ നാലോ ലെയറുകളുണ്ട്. തന്റെ ബൃഹത്തായ കരിയറിലെ മികച്ചതില്‍ ഒന്നായ പ്രകടനം മമ്മൂട്ടി അച്ചൂട്ടിയ്ക്കായി നല്‍കിയെങ്കില്‍ അതിനെ മറുവശത്തുനിന്ന് ബാലന്‍സ് ചെയ്തത്, അച്ചൂട്ടിയുടെ ഒറ്റപ്പെടലിനേയും ഹൃദയവേദനയേയും വലുതാക്കി അനുഭവിപ്പിച്ചത് മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായ മുരളിയാണ്.
ഞങ്ങള്‍ സ്‌ക്രീനില്‍ നായകനും വില്ലനുമായാലും സുഹൃത്തുക്കളായാലും ആരായാലും ഞങ്ങള്‍ പരസ്പരം ഒരു ഇമോഷണല്‍ ലോക്കിലായിരിക്കുമെന്നും അത് കാണുന്നവര്‍ക്ക് അനുഭവപ്പെടുമെന്നും മമ്മൂട്ടി തന്നെ അഭിമുഖങ്ങളില്‍ മുരളിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മകളെ കല്യാണം കഴിപ്പിച്ച് തരില്ലെന്ന് അച്ചൂട്ടി തീര്‍ത്തുപറയുമ്പോള്‍ അച്ചൂട്ടിയുടെ വീട്ടുപടിക്കലിരുന്ന് അപമാനിതനാകുന്ന, ക്ലൈമാക്‌സില്‍ അച്ചൂ പൊറുക്കെടാ എന്ന് പറഞ്ഞ് കുറ്റബോധം കൊണ്ട് വേവുന്ന, ചന്ദ്രികയെ കാണാന്‍ വരുന്ന കൂട്ടരുടെ മുന്നിലിരുന്ന് ഹൃദയഭാരത്തോടെ ചോറുണ്ണേണ്ടി വരുന്ന നിമിഷത്തിലൊക്കെ കൊച്ചുരാമന് മുരളി എങ്ങനെയാണ് ജീവന്‍ കൊടുക്കുന്നതെന്ന് നോക്കിയിരുന്ന് നമ്മള്‍ വിസ്മയിച്ചുപോകും.
കടലിനോടും തൊഴിലിനോടും അരയന്‍ കാട്ടുന്ന തൊഴില്‍ നൈതികത(ethics), കടലിന്റേയും വീടിന്റേയും കാവലാളും സംരക്ഷകനുമാകുന്ന, വികാരങ്ങളെ പരമാവധി നിയന്ത്രിച്ച് ജീവിക്കാന്‍ പരിശീലിക്കുന്ന അവന്റെ സ്വഭാവം, മക്കളോടുള്ള സ്‌നേഹവും കൂട്ടുകാരനോടുള്ള ആത്മബന്ധവും തമ്മിലിടയുന്ന മുഹൂര്‍ത്തങ്ങള്‍ തുടങ്ങി മമ്മൂട്ടിയുടെ അച്ചൂട്ടി കടന്നുപോകുന്ന പല ലെയറുകളിലൂടെയും മമ്മൂട്ടിയോളം തന്നെ അലിഞ്ഞുചേര്‍ന്ന് മുരളിയും സഞ്ചരിക്കുന്നുണ്ട്. കൊച്ചുരാമനിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടി മുരളി. കടലിന്റെ ഇരമ്പങ്ങളെ ഭേദിക്കുന്ന ഉച്ച ശ്രുതിയിലുള്ള കൊച്ചുരാമന്റെ സംസാരങ്ങളും സ്ലാങും കേള്‍ക്കുമ്പോള്‍ മുരളിയിലേക്ക് ആ കഥാപാത്രം വെള്ളത്തില്‍ മഷിത്തുള്ളിയെന്ന പോലെ അനായാസം പടരുന്നത് എങ്ങനെയെന്ന് കണ്ട് നമ്മളെത്ര വിസ്മയിച്ചതാണ്. അമരം റീറിലീസിലൂടെ പുതിയ തലമുറയ്ക്ക് മുന്നില്‍ അച്ചൂട്ടിയെ മാത്രമല്ല വീണ്ടും പരിചയപ്പെടുത്തുന്നത്, കൊച്ചുരാമനെക്കൂടിയാണ്.
Story Highlights : amaram movie muralis’ achootty character analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




