ഇന്ത്യയിലെ വനിതാ ക്രിക്കറ്റ്: ആരും ശ്രദ്ധിക്കാഞ്ഞ 2005 ൽ നിന്ന് എല്ലാവരും ശ്രദ്ധിച്ച 2025 ലേക്ക്
2017ൽ ഇംഗ്ലണ്ടിൽ വനിതകളുടെ ഏകദിന ലോക കപ്പ് ക്രിക്കറ്റിൻ്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീം മുംബൈയിൽ മടങ്ങിയെത്തിയപ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വൻ തിരക്കായിരുന്നു.പ്രതികരണം തേടിയ സ്പോർട്സ് റിപ്പോർട്ടർമാരെ ഇന്ത്യൻ നായിക മിതാലി രാജ് ഓർമിപ്പിച്ചു. “2005ലും ഞങ്ങൾ ഫൈനൽ കളിച്ചിരുന്നു.”
2005 ൽ ദക്ഷിണാഫ്രിക്കയിലും മിതാലിയായിരുന്നു നായിക.ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യൻ വനിതാ ടീമിനെ ആരും ശ്രദ്ധിച്ചില്ല.ഏതാനും ദിവസം കഴിഞ്ഞപ്പോൾ സ്പോൺസർമാരായ സഹാറ കളിക്കാർക്ക് സമ്മാനിച്ചത് 9000 രൂപയുടെ വീതം ചെക്ക്. അതിന് രണ്ടു വർഷം മുമ്പ് പുരുഷ ടീം റണ്ണേഴ്സ് അപ്പ് ആയപ്പോൾ പുനെയിൽ സഹാറയുടെ ആംബി വാലായിൽ ആഡംബര അപ്പാർട്മെൻ്റുകൾ സമ്മാനിച്ചു.വിവിധ സ്ഥാപനങ്ങൾ നൽകിയ ചെക്കുകൾ വേറെ.
2017ൽ ആകട്ടെ വനിതാ ലോക കപ്പിലെ എല്ലാ മത്സരങ്ങളും തൽസമയം സംപ്രേഷണം ചെയ്തു.ഐ.സി.സിയുടെ സാമൂഹിക മാധ്യമ പ്ളാറ്റ്ഫോഫോമുകളിൽ എത്തിയത് 10 കോടി പേർ.2022 ൽ മുപ്പത്തൊൻപതാം വയസിൽ വിരമിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ മിതാലിക്ക് 25 ലക്ഷത്തിലേറെ ആരാധകർ ഉണ്ടായിരുന്നു.വനിതാ ക്രിക്കറ്റ് ബി.സി.സി.ഐയുടെ കീഴിൽ വരും മുമ്പ് ക്രിക്കറ്റിൽ സജീവമായവരാണ് മിതാലിയും ജൂലനും.
1970 കളിൽ ഇന്ത്യയിൽ പുരുഷ ക്രിക്കറ്റ് താരങ്ങൾ നേരിട്ട യാത്രാദുരിതങ്ങളൊക്കെ 1990കളിലും ഈ നൂറ്റാണ്ടിൻ്റെ തുടക്കത്തിലും നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങൾ അനുഭവിച്ചു. 2012 ൽ ഗ്രീലങ്കയിൽ നടന്ന വനിതകളുടെ ട്വൻ്റി 20 ലോക കപ്പിനു മുന്നോടിയായി ബെംഗളുരുവിൽ വാർത്താ സമ്മേളത്തിന് എത്തിയ ഇന്ത്യൻ നായിക മിതാലി രാജ് 10 മിനിറ്റ് കാത്തിരുന്നിട്ട് ആരുമെത്തിയില്ല. ഒടുവിൽ വാർത്താ സമ്മേളനം റദ്ദാക്കിയെന്ന് ടീം മാനേജർ വിളിച്ചറിയിച്ചപ്പോൾ തല താഴ്ത്തി മടങ്ങിയ മിതാലിയെ ഓർക്കുക.ഈ സംഭവം എഴുതിയ ശശാങ്ക് കിഷോർ മേൽപറഞ്ഞ ലോക കപ്പിനു ശേഷം ശ്രീലങ്കയിൽ നിന്നു മടങ്ങിയപ്പോൾ സംഭവിച്ചതും വിശദീകരിച്ചു. ലോക കപ്പിൽ നിന്നു പുറത്തായ ഇന്ത്യൻ വനിതാ ടീം നാട്ടിലേക്ക് മടങ്ങും മുമ്പ് മിതാലി കൊളം ബോയിൽ മാധ്യമങ്ങളെ കാണാൻ എത്തി. ആകെയുണ്ടായിരുന്നത് ശശാങ്ക് കിഷോറും ഒരു കാമറാമാനും മാത്രം. പലരുടെയും ചോദ്യ ങ്ങൾക്ക് ഉത്തരം പറയുന്നതായി മിതാലിക്ക് ടിവിയിൽ അഭിനയിച്ചു കാണിക്കേണ്ടിവന്നു. ഒടുവിൽ ഇതേ മിതാലിയുടെ അഭിമുഖത്തിന് മാധ്യമ പ്രവർത്തകർ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നതും ചരിത്രം.
1978ൽ ലോക കപ്പിൽ ഇന്ത്യൻ വനിതകൾ അരങ്ങേറിയപ്പോഴോ? ആദ്യ മത്സരത്തിന് ഒരു നാൾ മുമ്പാണ് നായികയായി തിരഞ്ഞെടുത്ത കാര്യം സൂസൻ ഇട്ടിച്ചെറിയയോട് പറയുന്നത്. ഒടുവിൽ വിമാനം വൈകി സൂസൻ കൊൽക്കത്തയിൽ എത്താൻ വൈകിയപ്പോൾ ഡയാന എഡുൾജി ടീമിനെ നയിച്ചു. ന്യൂസിലൻഡ് വനിതാ ക്രിക്കറ്റർമാർ ഇന്ത്യയിൽ വന്നപ്പോൾ ഷോർട് സ്കർട് ഇട്ടാണു കളിച്ചത്. ഇതോടെ ഷോർട് സ്കർട് ക്രിക്കറ്റ് എന്ന് വനിതാ ക്രിക്കറ്റിനു വിശേഷണവും ഉണ്ടായി.
ഒടുവിൽ 2025 അവസാനിക്കുന്നത് വനിതാ ക്രിക്കറ്റിനെ ഇന്ത്യ ഹൃദയത്തിലേറ്റിയാണ്.നിർണായക മത്സരങ്ങൾക്ക് 35,000ത്തിലധികം കാണികൾ. 1983ൽ കപിൽദേവിൻ്റെ ടീം ലോക കപ്പ് നേടിയ ആവേശം നാട്ടിൽ പടർന്നു.രണ്ടു മണിക്കൂർ വൈകി തുടങ്ങിയ ഫൈനൽ കാണാൻ തിങ്കളാഴ്ച പുലരും വരെ ഉറക്കമിളച്ച് ടിവിക്കു മുന്നിൽ ഇരുന്നവർ കോടികൾ. വനിതകളുടെ സമ്മാനത്തുകയിലും മറ്റ് പാരിതോഷികങ്ങളിലും കോടികളുടെ കിലുക്കം.
ഹർമൻപ്രീത് കൗർ നായിക സ്ഥാനം ലഭിക്കുമ്പോൾ തലയുയർത്തി നടന്നു മാറിയ മിതാലി രാജിനെ ഓർത്തിരിക്കും. മുപ്പത്താറുകാരിയായ ഹർമൻപ്രീതിന് ഏറെ അഭിമാനത്തോടെ ദീപശിഖ കൈമാറാം. സ്മൃതി മന്ഥനയും ജമീമ റോഡ്റിക്സും പ്രതികാ റാവലുമൊക്കെ അത് കെടാതെ സൂക്ഷിക്കും.2017 ലെ ലോക കപ്പിൽ ഹർമൻപ്രീത് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 115 പന്തിൽ നേടിയ 171 റൺസ് കണ്ട് ആവേശഭരിതയായ അസമിലെ പതിനഞ്ചുകാരി ഉമാ ഛേത്രി ഇക്കുറി ഇന്ത്യൻ ടീമിൻ്റെ സ്റ്റാൻഡ് ബൈ ആയിരുന്നു.ഉമയും സ്വപ്നം കാണുന്നു മറ്റൊരു ഹർമൻപ്രീത് ആകാൻ.
Story Highlights : How women’s cricket has developed in India, Sanil P Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




