‘എൻ്റെ ഇച്ചാക്കയോട് പ്രത്യേക സ്നേഹം’; സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ.മമ്മൂട്ടി, ഷംല ഹംസ, സംവിധായകൻ ചിദംബരം, ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ
“കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച നടനുള്ള പുരസ്‌കാരം നേടിയ എൻ്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം, മികച്ച നടിയായി ആദരിക്കപ്പെട്ട ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ‘മഞ്ഞുമ്മൽ ബോയ്സിന്’ വലിയൊരു കയ്യടി. ഈ വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ”.
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാർഡിന് അർഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിൻ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാർ. ജ്യോതിർമയി(ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ(പാരഡൈസ്), ടൊവിനോ(എആർഎം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
Story Highlights : Mohanlal congratulates Kerala State Film Award winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




