ബിലാസ്പൂരിലെ ട്രെയിൻ അപകടം; മരണസംഖ്യ എട്ട് ആയി
ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.
തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്. റെയിൽവേയുടെ പ്രത്യേക രക്ഷ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചു. യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.യാത്രക്കാർക്കും ബന്ധുക്കൾക്കുമായി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പർ പ്രഖ്യാപിച്ചു.
Story Highlights : 8 Dead As Passenger Train Collides With Goods Train In Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




