‘ബിഹാര്‍ എഴുതിക്കൊടുക്കുമെന്നും പറയാമല്ലോ, തോല്‍ക്കുമെന്ന് ഉറപ്പാണല്ലോ’; വമ്പന്‍ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളില്‍ തമ്മിലടിച്ച് എന്‍ഡിഎയും മഹാസഖ്യവും
മഹാസഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം ഉടനടി എത്തിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തമ്മിലടിച്ച് മഹാസഖ്യവും ബിജെപിയും. തോല്‍വി ഉറപ്പിച്ചതുകൊണ്ടാണ് പ്രഖ്യാപനമെന്ന് ബിജെപി പരിഹസിക്കുമ്പോള്‍ അദാനിയുടെ പേര് പറഞ്ഞ് ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. (bihar election 2025 discussions over election promises)
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം തോല്‍വി ഉറപ്പിച്ചെന്നും മുഴുവന്‍ ബിഹാറും നല്‍കാമെന്ന് പോലും അവര്‍ പറഞ്ഞേക്കുമെന്നും ബിജെപി നേതാവ് രവി കിഷന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തോല്‍വി ഉറച്ചപ്പോള്‍ എന്തും പറയാമല്ലോ എന്നും ബിഹാര്‍ എഴുതിക്കൊടുക്കും എന്നൊക്കെ തേജസ്വിക്ക് പറയാന്‍ ബുദ്ധിമുട്ടില്ലല്ലോ എന്നും രവി കിഷന്‍ പറഞ്ഞു. തേജസ്വി യാദവ് വെറും വാക്കല്ല പറഞ്ഞതെന്നും വാഗ്ദാനങ്ങള്‍ എല്ലാ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ട്വന്റിഫോറിലൂടെ തന്നെ തിരിച്ചടിച്ചു. അദാനിക്ക് ഒരു രൂപയ്ക്ക് ഭൂമി നല്‍കാന്‍ സാധിക്കുമെങ്കില്‍ എല്ലാം സാധിക്കുമെന്നും അതുകൊണ്ട് നല്‍കിയ വാഗ്ദാനങ്ങള്‍ അസാധ്യമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ CPIM കൃത്രിമത്വം കാണിക്കുന്നു’; സാബു എം.ജേക്കബ്
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് അടക്കം പ്രമുഖര്‍ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. 1314 സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചെയ്യേണ്ടത് മൂന്ന് കോടി 75 ലക്ഷം വോട്ടര്‍മാരാണ്.
താര സ്ഥാനാര്‍ഥികള്‍ പലരുടേയും വിധിയെഴുതപ്പെടുന്നത് നാളെയാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് രാഘോപൂരില്‍ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരില്‍ നിന്നും വിജയ് കുമാര്‍ സിന്‍ഹ ലഖിസരായില്‍ നിന്നും മത്സരിക്കുന്നു.പുതിയ പരീക്ഷണവുമായി ഇറങ്ങിയ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവയില്‍ നിന്നാണ് പോരാടുന്നത്. ഗായിക മൈഥിലി ഠാക്കൂര്‍ അലിനഗറിലെ താര സ്ഥാനാര്‍ഥിയാണ്.
Story Highlights : bihar election 2025 discussions over election promises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




