വണ്ണം കുറയുന്നില്ലേ? 70 കിലോ ശരീരഭാരം കുറച്ച ഈ യുവതിയുടെ അഞ്ച് ടിപ്‌സ് പരീക്ഷിക്കൂ
കൊച്ച് കുട്ടികള്‍ പോലും വണ്ണം കുറയ്ക്കാനെന്ന പേരില്‍ ഡയറ്റുകള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. വണ്ണം കുറയ്ക്കണമെങ്കില്‍ ഡയറ്റ് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാം. വ്യായാമങ്ങള്‍ ചെയ്യണമെന്നും അറിയാം. എല്ലാവര്‍ക്കും ഇത് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗം പേരും ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്? ഡയറ്റുകള്‍ സ്ഥിരമായി പിന്തുടരാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? വ്യായാമം ചെയ്യാന്‍ ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നത് എന്തുകൊണ്ട്? ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വളരെ സാവകാശം വേണം വണ്ണം കുറച്ചെടുക്കാനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതികഠിനമായ ഒന്നും ദീര്‍ഘകാലം നിലനിര്‍ത്താന്‍ നമ്മുക്കാകില്ലെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. (Woman who lost 70 kg reveals 5 daily habits behind her transformation)
70 കിലോ ശരീരഭാരം കുറച്ച് ഇന്റര്‍നെറ്റിനെയാകെ വിസ്മയിപ്പിച്ച കേറ്റ് ഡാനിയേല്‍ പറയുന്നതും ചെറിയ മാറ്റങ്ങളുടെ ശക്തിയെക്കുറിച്ചാണ്. ഭക്ഷണവുമായുള്ള നമ്മുടെ സങ്കീര്‍ണമായ ബന്ധത്തെ മനസിലാക്കാനും വണ്ണം കുറയ്ക്കാനുമുള്ള കേറ്റിന്റെ അഞ്ച് ശീലങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അത് എന്തൊക്കെയെന്ന് പരിശോധിക്കാം.
ശരീരത്തെ ഒരു വേസ്റ്റ് കൊട്ടയായി കാണരുത്
ഹോട്ടലില്‍പ്പോയി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബാക്കി വരുമ്പോള്‍ പൈസ കൊടുത്ത് വാങ്ങിയതല്ലേ കളയണ്ടല്ലോ എന്ന് ഓര്‍ത്ത് വയര്‍ നിറഞ്ഞിട്ടും വീണ്ടും ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണോ? വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം കളയാന്‍ മനസ് വരാത്തതിനാല്‍ മാത്രം വേണ്ടെങ്കില്‍പ്പോലും അതെടുത്ത് കഴിക്കാറുണ്ടോ? നിങ്ങള്‍ ഇത്തരത്തില്‍ ഒരു വേസ്റ്റ് കൊട്ടയായി മാറരുതെന്നാണ് കേറ്റിന്റെ ഉപദേശം. ഭക്ഷണം മതി എന്ന് തോന്നിയാല്‍ അവിടെ നിര്‍ത്തുക
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
രാവിലെ വിശക്കുന്നില്ല, അപ്പോള്‍ അത്ര കലോറി കുറയുമല്ലോ എന്ന് കരുതി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മണ്ടത്തരമാണെന്ന് കേറ്റ് പറയുന്നു. ഒരു ദിവത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അത്. പരമാവധി പ്രോട്ടീന്‍ ഉള്‍പ്പെടുത്തി നല്ല രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കണം.
Read Also: തേന്‍ ചൂടാക്കി ഉപയോഗിക്കരുതെന്ന് വെറുതെ പറയുന്നതല്ല; കാരണങ്ങള്‍ ഇതൊക്കെയാണ്
വ്യായാമം ഒരു ശിക്ഷയല്ല
വ്യായാമത്തെ എന്തെങ്കിലും വലിയ പണി ആയിട്ടോ ശരീരത്തിനുള്ള ശിക്ഷയായോ കാണരുത്. ഡാന്‍സ് ചെയ്യുന്നത്, നടക്കാന്‍ പോകുന്നത്, സ്‌ട്രെച്ച് ചെയ്യുന്നത്, നന്നായി കാര്‍ഡിയോ ചെയ്ത് വിയര്‍ക്കുന്നത് ഒക്കെ ശരീരത്തിനും മനസിനുമുള്ള ഒരു സമ്മാനമായി കാണണം. മടിയെക്കുറിച്ച് സ്വയം ചിന്തിച്ച് തുടങ്ങുന്നതിന് മുന്‍പ്, ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ വ്യായാമം ചെയ്ത് തുടങ്ങിയിരിക്കണം.
ചെറുതില്‍ നിന്ന് തുടങ്ങുക
വലിയ ടാര്‍ജെറ്റൊന്നും വച്ച് തുടങ്ങാതെ ചെറിയ മാറ്റങ്ങളില്‍ നിന്ന് തുടങ്ങുക. നമ്മുക്ക് ചെയ്യാനാകാത്ത കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്ത് അത് നടക്കാതെ വരുന്നതിനേക്കാള്‍ നല്ലതാണ് നമ്മുക്ക് വളരെ കൂളായി ചെയ്യാന്‍ പറ്റുന്ന ചെറിയ മാറ്റങ്ങളില്‍ നിന്ന് തുടങ്ങുന്നത്. അവിടെ നിന്ന് പതുക്കെ മുന്നേറാനാകും.
ഭക്ഷണങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
എന്തെല്ലാം കഴിക്കണം, ഏതൊക്കെ നേരത്ത് കഴിക്കണം എന്ന് പ്ലാന്‍ ചെയ്യുന്നത് ഒരു സെല്‍ഫ് കെയര്‍ പ്രവൃത്തിയായിട്ട് കരുതുക. ഇത് ചില ഭക്ഷണങ്ങളോടുള്ള അമിതമായ കൊതി( ക്രേവിങ്‌സ്) കുറയ്ക്കാന്‍ സഹായിക്കും.
Story Highlights : Woman who lost 70 kg reveals 5 daily habits behind her transformation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




