ആരാധിക്കാനും പുകഴ്ത്താനും ആളില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയോ? നിങ്ങളിലൊരു നാര്‍സിസിസ്റ്റുണ്ടോ?
മറ്റുള്ളവരോടുള്ള അനുഭാവവും സഹാനുഭൂതിയും തീരെക്കുറവും തന്നോട് തന്നെയുള്ള സ്‌നേഹവും ആരാധനയും വളരെക്കൂടുതലുമുള്ളവരെ നാര്‍സിസിസ്റ്റുകള്‍ എന്ന് വിളിക്കാറുണ്ട്. വിമര്‍ശങ്ങളെ ശരിയായി നേടാന്‍ അറിയാത്ത, ചുറ്റുമുള്ളവരെ സദാ കുറ്റപ്പെടുത്തുന്ന, സ്വന്തം വളര്‍ച്ചയ്ക്കായി മറ്റുള്ളവരെ ഉപയോഗിക്കുന്ന, ചൂഷണം ചെയ്യുന്ന നാര്‍സിസ്റ്റുകളുമായി സമരസപ്പെട്ട് പോകാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടാറ്. നിങ്ങളോ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലുമോ നാര്‍സിസ്റ്റുകളാണോ? ഇക്കൂട്ടര്‍ക്ക് തീരെ സഹിക്കാന്‍ പറ്റില്ലെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്ന ഈ നാലുകാര്യങ്ങള്‍ മുന്‍നിര്‍ത്തി അത് പരിശോധിക്കാം. (4 Things Narcissists Are Deathly Scared Of)
- എത്ര പ്രകോപിപ്പിച്ചാലും ശാന്തരായി നില്‍ക്കുന്നവര്‍
നാര്‍സിസിസ്റ്റുകള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് അതിവൈകാരിക പ്രതികരണം ആഗ്രഹിക്കുന്നവരും അതൊരു അവസരമായി കാണുന്നവരുമാകും. പരിഹസിച്ചാലും അപമാനിച്ചാലും വ്യക്തിഹത്യ ചെയ്താലും അതിലൊന്നും ബാധിക്കപ്പെടാത്തതുപോലെ നില്‍ക്കുന്ന നല്ല മനസാന്നിധ്യമുള്ള ശാന്തരായ മനുഷ്യര്‍ നാര്‍സിസ്റ്റുകള്‍ക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതയും ഇച്ഛാഭംഗവും ചില്ലറയല്ല. തന്റെ അടുത്ത് നില്‍ക്കുന്ന ആളുടെ വികാരങ്ങളില്‍ തനിക്കുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നും തനിക്ക് ആധിപത്യം പുലര്‍ത്താനാകുന്നില്ലെന്നും അറിയുന്നത് നാര്‍സിസിസ്റ്റിന് സഹിക്കാന്‍ കഴിയില്ല. ഇത്തരം അവസ്ഥകളിലൂടെ നിങ്ങള്‍ കടന്നുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാം.
Read Also: ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ
- ആത്മവിശ്വാസത്തോടെ വെല്ലുവിളിക്കുന്നവരെ
താനുണ്ടാക്കിയ നല്ലൊരു സെല്‍ഫ് ഇമേജിന്റെ തടവറയിലാണ് നാര്‍സിസിസ്റ്റ് ജീവിക്കുന്നത്. അതിന് ഇളക്കം തട്ടുന്ന വിധത്തില്‍ ആത്മവിശ്വാസത്തോടെ ആരെങ്കിലും വെല്ലുവിളിക്കുകയോ തറപറ്റിക്കുയോ ചെയ്താല്‍ നാര്‍സിസിസ്റ്റ് സഹിക്കില്ലെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ 2013ല്‍ മാര്‍ക്കസ് മുക്, ആന്‍ഡ്രൂ മാറ്റ്‌സ്, എലിസ പോര്‍ത്ത്, ജുട്ടാ സ്റ്റാള്‍ മുതലായവര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
- ഒരു ഗ്രൂപ്പിനിടയിലെ ശ്രദ്ധാ കേന്ദ്രമായില്ലെങ്കില്‍, ആരും വിലവച്ചില്ലെങ്കില്‍
ആരാധിക്കാനും പുകഴ്ത്താനും തങ്ങള്‍ക്ക് അടിച്ചമര്‍ത്താനായി നിന്നുതരാനും ആളുണ്ടാകുന്നതാണ് ഒരു നാര്‍സിസിസ്റ്റിന്റെ ഊര്‍ജം. നമ്മെക്കുറിച്ച് നല്ലത് കേള്‍ക്കുന്നത് ഒരു പരിധിവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആളുകള്‍ പുകഴ്ത്തുന്നത് അവസാനിപ്പിച്ചാല്‍, മറ്റുള്ളവരുടെ സമ്മിതിയോ വാലിഡേഷനോ പെട്ടെന്ന് നിലച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് പോലും പരുങ്ങലിലെന്ന് തോന്നും ഒരു നാര്‍സിസിസ്റ്റിന്. കൂടുതല്‍ ശ്രദ്ധയും കൂടുതല്‍ പരിഗണനയും കൂടുതല്‍ സമ്മിതിയും അന്വേഷിച്ച് നടക്കുന്തോറും നാര്‍സിസിസ്റ്റ് കൂടുതല്‍ കൂടുതല്‍ അരക്ഷിതര്‍ അഥവാ ഇന്‍സെക്യുയര്‍ ആകും. ഒരു ഗ്രൂപ്പില്‍ ആരും തങ്ങളെ വിലവയ്ക്കാത്തത് ഒരു നാര്‍സിസിസ്റ്റിനെ സംബന്ധിച്ചിടത്തോളം മരണതുല്യമാകും.
- സ്‌നേഹ ബന്ധത്തില്‍ സത്യസന്ധത പ്രതീക്ഷിക്കുന്നവരെ
സ്‌നേഹ ബന്ധത്തില്‍ സത്യസന്ധരായവരും തിരികെ സത്യസന്ധതയും ആത്മാര്‍ഥതയും പ്രതീക്ഷിക്കുന്നവരുമായ ആളുകളെ നാര്‍സിസിസ്റ്റിന് സ്വല്‍പ്പം ഭയമാണ്. ഉത്തരവാദിത്തവും അനുഭാവവും ആത്മാര്‍ഥതയും വേണ്ടതിനാല്‍ തന്നെ ചില യഥാര്‍ഥ സ്‌നേഹബന്ധങ്ങളെ ഇവര്‍ക്ക് ഭയമാണ്. എങ്ങാനും തന്റെ ഏറ്റവും ദുര്‍ബലമായ വശം വെളിപ്പെടുമോ എന്ന് ഇവര്‍ക്ക് ആശങ്കയുണ്ട്. സത്യസന്ധരും അക്കൗണ്ടബിളും ആകാത്തതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇവര്‍ക്ക് ഒരേ പോലെ അസ്വസ്ഥതയും ഭയവും ഉണ്ടാക്കുന്നു.
Story Highlights : 4 Things Narcissists Are Deathly Scared Of
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




