‘ശബരിമലയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പാകപ്പിഴ സംഭവിച്ചു’; മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ
ശബരിമലയിലെ ക്ഷേത്രം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച് തിരുവാഭരണം കമ്മീഷണർ 2019ല്‍ ദേവസ്വം ബോർഡ് പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന്. ശബരിമലയിൽ ദേവസ്വം മാന്വല്‍ പാലിക്കുന്നില്ലെന്നും ഉരുപ്പടികളുടെ രജിസ്ട്രറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് അയച്ച കത്തിലാണ് പരാമർശം ഉണ്ടായിരുന്നത്. കത്തില്‍ ദേവസ്വം ബോർഡ് തുടർനടപടികള്‍ എടുത്തില്ലെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
വരവു സാധനങ്ങളുടെ കൂടുതൽ കുറവ് സ്റ്റേറ്റ്‌മെൻ്റുകൾ മാസത്തിലൊരിക്കലോ, 6 മാസത്തിലൊരിക്കലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ മേൽ ഓഫീസിലേക്ക് അയക്കാറില്ല. നിയമമനുസരിച്ച് മേൽ ഓഫീസുകളിൽ നിന്നും ക്ഷേത്രങ്ങളിലെ വിലപിടിച്ച ഉരുപ്പടികളിന്മേൽ നടത്തേണ്ട എണ്ണപ്പടി പരിശോധന നടക്കുന്നില്ല. ഇതു സംബന്ധിച്ചുള്ള രജിസ്റ്ററുകൾ ഒന്നും തന്നെ യഥാകാലം പാലിക്കുന്നുമില്ല. ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ പരിഗണനയും പ്രാധാന്യവും നൽകേണ്ടത് വിലപിടിപ്പുള്ള സ്വർണ്ണം, വെള്ളി, ഉരുപ്പടികളുടെ നടവരവിലും വിനിയോഗത്തിലുമാണ്. എന്നാൽ ഇന്ന് ഈ സംഗതിക്ക് ഏറ്റവും അവസാനത്തെ പരിഗണനയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങളും നടവരവായ ഉരുപ്പടികളും സുരക്ഷിതമാണോ എന്നു പോലും ആശങ്കപ്പെടേണ്ടതുണ്ട്. എത്രയും വേഗം തിരുവാഭരണങ്ങളുടെ നിയന്ത്രങ്ങൾ സംബന്ധിച്ച് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി അനുവർത്തിക്കുന്നതിന് എല്ലാ ദേവസ്വം ഉദ്യോഗസ്ഥന്മാർക്കും ഉത്തരവ് നൽകേണ്ടതാണ് എന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് അയച്ച കത്തിലെ പരാമർശം.
അതേസമയം, കെ എസ് ബൈജുവിന് ശേഷമുള്ള തിരുവാഭരണം കമ്മീഷണർ ആണ് ആർ ജി രാധാകൃഷ്ണൻ. 2019 ഒക്ടോബർ മാസമാണ് രാധാകൃഷ്ണൻ ചുമതലയേറ്റത്. ഡിസംബർ മാസത്തിൽ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിനു മുൻപ് ജൂലൈ 19നാണ് സ്വർണ്ണപ്പാളികൾ കൈമാറിയത്.
കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്‌ഐടി എത്തിയത്.
Story Highlights : ‘There was a blunder in the management of Sabarimala properties’; Former Deputy Commissioner RG Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




