Advertisement

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല; സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക്

November 6, 2025
Google News 2 minutes Read
p s p

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല. പി എസ് പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിക്ക് കാലാവധി നീട്ടി നല്‍കണ്ടെന്നാണ് സര്‍ക്കാരിലെ ധാരണ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും അന്തിമ തീരുമാനം. പി എസ് പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണ് പിഎസ് പ്രശാന്തിനും എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് എത്തിച്ചത് എന്നാണ് വിവരം. മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട് കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ പുറത്ത് വരുന്നത്. നിലവിലുള്ള ദേവസ്വം ബോര്‍ഡിനെയും കുറ്റക്കാരാക്കിക്കൊണ്ട് ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു. ഇതോടെയാണ് കാലാവധി നീട്ടി നല്‍കിയാല്‍ മറ്റ് രാഷ്ട്രീയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്ന് നേതാക്കള്‍ വിലയിരുത്തിയത്.

ഇക്കാര്യം സിപിഐയെയും അറിയിച്ചിട്ടുണ്ട്. വിളപ്പില്‍ രാധാകൃഷ്ണന്‍ സിപിഐയുടെ പ്രതിനിധിയായി ദേവസ്വം ബോര്‍ഡ് അംഗമാകുമെന്നാണ് വിവരം. ഇതോടെ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈഴവ വിഭാഗത്തില്‍ നിന്നാകുമെന്ന് ഉറപ്പായി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയ നിഴലില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഹൈകോടതിയുടെ ഭാഗത്ത് ഇന്നലെയും ഉണ്ടായിരുന്നു. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്ന് കണ്ടെത്തല്‍. 2025ല്‍ കോടതി അനുമതി തേടാതെ ദ്വാരപാലകപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തുവിട്ടത് 2019 ലെ ക്രമകേട് മറച്ചുവെക്കാനെന്നും ഹൈകോടതി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം.

Story Highlights : Travancore Devaswom Board President P.S. Prasanth term will not be extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here