ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രണയ യാത്ര; ‘ഇത്തിരി നേരം’ സിനിമ റിവ്യു
ചില സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ മനസ് വല്ലാതെ തണുക്കുകയും, ഇത്തിരി നേരം കൂടി സിനിമയുണ്ടായിരുന്നെങ്കിലെന്ന് തോന്നുകയും ചെയ്യാറുണ്ട്. അങ്ങനെ ഒരു സിനിമ തന്നെയാണ് റോഷന്‍ മാത്യു നായകനായ ‘ഇത്തിരി നേരം’. പ്രണയം അത് ആ വാക്കില്‍ തന്നെ സുന്ദരമായിരിക്കുകയും പ്രണയം അവസാനിക്കാതെ മനസ്സില്‍ നിലയുറപ്പിക്കുകയും ചെയ്യുമെന്ന് പറയുന്നത് വെറും വാക്കല്ല എന്ന് ഈ സിനിമ ഹൃദ്യമായി പറഞ്ഞുവെക്കുന്നു. (ithiri neram movie review)
‘ഇത്തിരി നേരം’ എന്ന ടോക്ക് ഷോയുടെ അവതാരകനായ അനീഷിന്റെ ഫോണിലേക്ക് നിനച്ചിരിക്കാത്തതൊരു സമയത്ത് തന്റെ മുന്‍ കാമുകി അഞ്ജനയുടെ കോള്‍ വരുന്നതും അവരൊന്നിച്ചുള്ള ആ രാത്രിയിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍പ് പ്രണയിച്ചിരുന്ന ഇരുവരും കണ്ടുമുട്ടുമ്പോള്‍ അനീഷ് വിവാഹിതനായിരുന്നു അഞ്ജന അന്നും അവിവാഹിതയായി തുടരുകയും ചെയ്യുകയായിരുന്നു. പ്രണയം ഇങ്ങനെയാകണം അങ്ങനെയാകണം എന്ന വാര്‍പ്പുമാതൃകകളെ പൊളിക്കുന്ന സിനിമ തന്നെയാണ് ഇത്തിരി നേരം. റോഷന്‍ മാത്യു അവതരിപ്പിക്കുന്ന അനീഷിനും സറിന്‍ ഷിഹാബ് അവതരിപ്പിച്ച അഞ്ജനയ്ക്കും ഇത്തിരി നേരം ജീവിതത്തില്‍ കിട്ടിയിരുന്നെങ്കിലെന്ന് പലകുറി പ്രേക്ഷകന് തോന്നുന്നത് തന്നെയാണ് ഈ സിനിമയുടെ വിജയം.
ഒരൊറ്റ രാത്രിയില്‍ സംഭവിക്കുന്ന ഈ സിനിമ പ്രേക്ഷകനെ കണ്ണെടുക്കാതെ ഹൃദയം നല്‍കി കണ്ടിരിക്കുന്ന മികവുറ്റ സിനിമയാക്കി മാറ്റാന്‍ സംവിധായകാന്‍ പ്രശാന്ത് വിജയിക്ക് കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകനായ അബ്‌ജോത് വര്‍ഗീസിന്റെ ‘നിര്‍ത്താതെ ഓടിയ ഓട്ടങ്ങള്‍’ എന്ന കുറിപ്പിനെ അടിസ്ഥാനമാക്കി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. പ്രണയത്തിന്റെ സുന്ദരമായ ഭാവങ്ങളെ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന സിനിമ കഥാപാത്രങ്ങള്‍ കടന്നുപോകുന്ന അനിശ്ചിതത്വങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.. ഭംഗിയുള്ള ഒരു രാത്രി സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങള്‍ അത് സിനിമയുടെ അടുത്തതെന്താകും എന്ന ആകാംഷയോടെ കണ്ടിരിക്കാന്‍ പ്രേക്ഷകന് അവസരമൊരുക്കുന്നുണ്ട്. റോഷനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കൂട്ടുകാരായി സിനിമയിലെത്തുന്ന നന്ദുവും, ആനന്ദ് മന്‍മഥനും ആദ്യ ദിനം തന്നെ പ്രക്ഷക കയ്യടി നേടുന്നുണ്ട്.
നിനച്ചിരിക്കാത്ത സമയത്ത് പലകാരങ്ങള്‍കൊണ്ടും മുറിഞ്ഞ് പോകുന്ന ബന്ധങ്ങളുടെ കാലത്ത് പ്രണയത്തിന്റെ സൗന്ദര്യത്തെ അതിന്റെ ഇഴമുറിയാത്ത അടുപ്പത്തെ വരച്ചിടുന്നതില്‍ ഈ സിനിമ വിജയിക്ക തന്നെ ചെയ്യുന്നുണ്ട്. ആസ്വദിച്ച് ചിരിക്കാനുള്ള വകയും സിനിമ പ്രേക്ഷകന് നല്‍കുന്നുണ്ട്. സിനിമയോട് 100 % നീതി പുലര്‍ത്തുന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും ഒരുക്കിയിരിക്കുന്നത് സി.ജെ. ബേസിലാണ്. തിരുവനന്തപുരത്തിലൂടെയുള്ള യാത്ര കൂടിയായ സിനിമ യാത്രയുടെ ഭംഗിയും രാത്രിയുടെ ഭംഗിയും സുന്ദരമായി പ്രക്ഷകര്‍ക്കെത്തിച്ചിരിക്കുന്നത് രാകേഷ് ധരനാണ്. പ്രണയ നഷ്ടം വേദനയുടെ ഓര്‍മകള്‍ക്കൊപ്പം കുറെയധികം തിരിച്ചറിയലുകളും സമ്മാനിക്കുമെന്നുറപ്പാണ്. റിലീസ് ദിനം തന്നെ പ്രേക്ഷകന്റെ ഹൃദയത്തില്‍ കസേര വലിച്ചിട്ടിരിക്കുന്ന സിനിമ, വരും ദിവസങ്ങളില്‍ കാഴ്ചക്കാരന്റെ ഇഷ്ടം കൂടുതല്‍ കൂടുതല്‍ നേടുമെന്നുറപ്പാണ്.
Story Highlights : ithiri neram movie review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




