Advertisement

ഇന്നസെന്റിന്റെ മികച്ച വേഷങ്ങൾക്കെല്ലാം ഇങ്ങനെയൊരു പ്രത്യേകതയുണ്ടല്ലേ? ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

November 9, 2025
Google News 2 minutes Read

മലയാള സിനിമയുടെ അതുല്യ പ്രതിഭ ഇന്നസെന്റ് രണ്ട് വര്ഷം പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളുടെ ഒരു പൊതുവായ സവിശേഷതയെ പറ്റി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ ആസ്ഥാന രഹസ്യം സൂക്ഷിപ്പുകാരനാണത്രെ ഇന്നസെന്റ്.

അതായത് ഇന്നസെന്റ് അവിസ്മരണീയമാക്കിയ മിക്ക കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയെ നിർണ്ണയിക്കുന്ന അതിപ്രധാനമായ ഒരു രഹസ്യം സൂക്ഷിക്കാൻ വിധിക്കപ്പെട്ടവരാണെന്ന് സാരം. അത് മിക്കപ്പോഴും ഹാസ്യ കഥാപാത്രങ്ങളാണ് എങ്കിലും വളരെ വികാരഭരിതമായ ഗൗരവമുള്ള വേഷങ്ങളും ഇതേ വിധി പേറി നടക്കുന്നുണ്ട്.

ഇന്നസെന്റിനെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ ‘ഗോഡ്ഫാദറിലെ’ സ്വാമിനാഥൻ ലോകത്തിനു മുന്നിൽ പ്രത്യേകിച്ചും തന്റെ പിതാവിന് മുന്നിൽ ഒളിച്ചു പിടിക്കുന്നത് തന്റെ ഇരട്ട വ്യക്തിത്വമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ ക്ലാസിക്ക് കോമഡി ചന്ദ്രലേഖയിൽ, കിടപ്പിലായ ചന്ദ്രയുടെ ഭർത്താവ് ആയ ആൽഫിയല്ല മോഹൻലാലിൻറെ അപ്പു എന്ന കഥാപാത്രമെന്ന രഹസ്യം ഇന്നസെന്റിന്റെ കഥാപാത്രം ഇരവിക്കുട്ടി പിള്ളയെ കുറച്ചൊന്നുമല്ല വീർപ്പുമുട്ടിക്കുന്നത്.

രസതന്ത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ പ്രേമചന്ദ്രൻ എന്ന കഥാപാത്രം കണ്മണി എന്ന പെൺകുട്ടിയെ ആൺവേഷം കെട്ടിച്ച് കൂടെ പാർപ്പിക്കുന്ന രഹസ്യം അറിഞ്ഞശേഷം അത് പിന്നീട് കൊണ്ട് നടക്കാൻ കഴിയാതെ മലമുകളിൽ കയറി നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട് ഇന്നസെന്റ്. ഉള്ളിൽ രഹസ്യങ്ങളെ ഒരു മല വെള്ള പാച്ചില്ലെന്ന പോലെ ഒഴുക്കി കളഞ്ഞ ശേഷം പുള്ളിയുടെ ഒരു അട്ടഹാസമുണ്ട്.

ഉദയപുരം സുൽത്താനിൽ ദിലീപിന്റെ കഥാപാത്രം ഹിന്ദുവല്ല മുസ്ലിമാണെന്ന രഹസ്യവും ഇങ്ങനെ ഒരു തുറസായ സ്ഥലത്തേയ്ക്ക് ഉച്ചത്തിൽ ഒഴുക്കി വിടുന്ന ഇന്നസെന്റിനെ കാണാം. മോഹൻലാലും മുകേഷും ആൾമാറാട്ടം നടത്തി പ്രേക്ഷകരെ ചിരിപ്പിച്ച കാക്കക്കുയിലിൽ അവരുടെ തട്ടിപ്പിന്റെ രഹസ്യം നെടുമുടിയുടെ കഥാപാത്രത്തെ അറിയിക്കാൻ പെടാപ്പാട് പെടുന്ന പൊതുവാളായി ഇന്നസെന്റ് എത്തി.

രഹസ്യം ഉള്ളിൽ വെച്ച് ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും ഇങ്ങേരെ കഴിഞ്ഞേ ഉള്ളൂ അത്രേ മറ്റൊരു നടൻ. വിനോദയാത്രയിൽ പുറത്തു പഠിക്കാൻ പോയ മകൾ ആരുടേയും ഒപ്പം ഒളിച്ചോടിയതല്ല മറിച്ച് കൊല്ലപ്പെട്ടതാണെന്ന ഭാര്യയിൽ നിന്നും മറച്ചു പിടിക്കുന്ന കഥാപാത്രം ദിലീപിന് മുന്നിൽ അൽപ നേരം തന്റെ രസിക ഭാവം അഴിച്ചു വെക്കുന്നുണ്ട്. വളരെ ചിരിച്ച് കളിച്ച് ഒടുവിൽ നെഞ്ച് പിടച്ചുകൊണ്ട് ഇന്നസെന്റ് കഥ പറയുമ്പോൾ നോവുന്നത് പ്രേക്ഷകന്റെ ഉള്ളാണ്.

വേഷം എന്ന മമ്മൂട്ടി ചിത്രത്തിൽ തനിക്ക് പറ്റിയ ആക്സിഡന്റിനു പിന്നിലെ രഹസ്യത്തെ മറച്ചു വെച്ച് അവസാനം മകനോട് വെട്ടി തുറന്നു പറയുമ്പോൾ ചിത്രത്തിന്റെ സ്വഭാവത്തെ തന്നെ അടിമുടി മാറ്റുന്നുണ്ട്. ഇത്തരം വൈഷമ്യങ്ങൾ ഉള്ളിൽ പേറികൊണ്ട് ചിത്രത്തിന്റെ കഥയെ തന്നെ ഇൻട്രസ്റ്റിങ് ആക്കാൻ അദ്ദേഹമല്ലാതെ വേറെയാരാണ് നമുക്ക് ഉണ്ടായിരുന്നത് എന്ന് പുതു തലമുറ ചോദിക്കുമ്പോൾ ഇന്നസെന്റ് എന്ന നടൻ മലയാളിയുടെ സിനിമ സംസ്കാരത്തിൽ എത്രത്തോളം ആഴത്തിൽ സ്പർശിച്ചിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.

Story Highlights :Don’t all of actor Innocent’s best roles have this special quality? Social media is discussing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here