Advertisement

എനിക്ക് മടിയാണെന്നത് സ്ഥിരം പല്ലവിയോ? മടിയുടെ യഥാര്‍ഥ കാരണം കണ്ടെത്താം; ഈ അഞ്ച് ഗ്രൂപ്പുകളില്‍ നിങ്ങളുണ്ടോ?

November 9, 2025
Google News 3 minutes Read
Five Common Forms Of Laziness And Simple Ways To Tackle Each

എനിക്ക് മടിയാണ്, അല്ലെങ്കില്‍ അവര്‍ക്ക് മടിയാണ് എന്ന് ഒറ്റവാക്കില്‍ നമ്മളെ തന്നെയോ മറ്റുള്ളവരേയോ വിധിച്ച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയാനോ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാനോ വളരെ എളുപ്പമാണ്. മടി എന്നത് പലര്‍ക്കും പല തരത്തിലായിരിക്കും. ചിലര്‍ വര്‍ഷങ്ങളായുള്ള തങ്ങളുടെ തെറ്റായ ശീലങ്ങളുടെ തടവറയിലായിരിക്കും. ചിലര്‍ വിഷാദം പോലുള്ള ചില മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ദൈംനദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലുമുള്ള ഊര്‍ജമില്ലാത്ത അവസ്ഥയിലായിരിക്കും. സ്വന്തം മടിയെക്കുറിച്ച്, അല്ലെങ്കില്‍ നമ്മുക്ക് ഏറെ കരുതലുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ മടിയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുകയും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. എല്ലാ മടിയും ഒന്നല്ല. വിവിധ തരത്തിലുള്ള ‘മടികളും’ പുറത്തുകടക്കാനുള്ള മാര്‍ഗങ്ങളും പരിശോധിക്കാം. (Five Common Forms Of Laziness And Simple Ways To Tackle Each)

പിന്നെ ചെയ്യാം( procrastination)

ഒന്ന് മുറി വൃത്തിയാക്കാന്‍, അല്ലെങ്കില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍, പഠിക്കാന്‍, ഓഫിസ് വര്‍ക് പൂര്‍ത്തിയാക്കാന്‍ ആലോചിക്കുമ്പോള്‍ പിന്നെയാകട്ടേ എന്ന ഒരു ചിന്ത നിങ്ങള്‍ക്ക് വരാറുണ്ടോ? ഈ പിന്നെ ചെയ്യാം, അല്ലെങ്കില്‍ നാളെ ചെയ്യാം എന്നത് നീളെ നീളെ നീണ്ടുപോകാറുണ്ടോ? ഇതും ഒരുതരം മടി തന്നെയാണ്. ചെയ്യാനുള്ള കാര്യങ്ങള്‍ വളരെ മുഷിപ്പിക്കുന്നതായും ഭീമമായും പ്രയാസമേറിയതായും ഒക്കെ നാം മുന്‍കൂട്ടി വിധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ മുന്നിലുള്ള ആ വലിയ ടാസ്‌കിനെ ചെറിയ ഭാഗങ്ങളായി മുറിക്കുകയും അതില്‍ ഒരു ഭാഗമെങ്കിലും അടിയന്തരമായി തീര്‍ത്ത് വയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ മടിയെ നമ്മുക്ക് മറികടക്കാം.

തീരുമാനമെടുത്ത് തളര്‍ന്നു

പലതും ചിന്തിച്ചും ആലോചിച്ചും പ്രവര്‍ത്തിച്ചും വട്ടുപിടിക്കുന്ന പോലൊരു അവസ്ഥയില്‍ അവനവനിലേക്ക് അല്ലെങ്കില്‍ അവളവളിലേക്ക് ഒതുങ്ങിപ്പോകുന്ന ഒരുതരം മടിയാണിത്. ഇതിനൊരു കാരണം നമ്മള്‍ ഒരുദിവസം നമ്മുടെ പരിധിക്കപ്പുറം എണ്ണത്തില്‍ തീരുമാനമെടുക്കുന്നു എന്നതാണ്.

ഉദാഹരണത്തിന് രാവിലെ എഴുന്നേല്‍ക്കുന്നു. ഇന്ന് എന്തുണ്ടാക്കണം എന്ന് തീരുമാനിക്കുന്നു. ഏത് ഡ്രസ് ധരിക്കണമെന്ന് തീരുമാനിക്കുന്നു. ഇങ്ങനെ കുറേയേറെ തീരുമാനങ്ങളെടുത്ത് കഴിയുമ്പോള്‍ അത് നമ്മുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

മള്‍ട്ടി ടാസ്‌കിങ് ഒഴിവാക്കുക എന്നതാണ് ഇതിനുള്ള ഒരു പോംവഴി. ഒരേ സമയം നൂറ് കാര്യം ചെയ്യാന്‍ നോക്കാതെ ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യുക. ഒരു ബുക്കെടുത്ത് ഇന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക. ചെയ്ത് കഴിഞ്ഞ് അതിന് നേരെ ശരിയടയാളം നല്‍കുക.

Read Also: പൊളിഞ്ഞുവീഴാറായ വീട്ടില്‍ 22 പേര്‍; വയനാട് കുറുമ്പാലക്കോട്ടയിലെ ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥയില്‍ ഇടപെട്ട് മന്ത്രി ഒ ആര്‍ കേളു

മെന്റല്‍ ബേണൗട്ട്

ചിലരുടെ വൈകാരിക പ്രശ്‌നങ്ങള്‍ നമ്മള്‍ പലപ്പോഴും അവരുടെ മടിയായി വിധിക്കാറുണ്ട്. ചിലര്‍ അവരുടെ ജോലിസ്ഥലത്തെ അമിത സമ്മര്‍ദം, വിഷാദരോഗം, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൊണ്ട് അവരവരിലേക്ക് ഒതുങ്ങിപ്പോകും. മണിക്കൂറുകളോളം പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഇരുന്നെന്ന് വരും. ധ്യാനം അടക്കമുള്ളവ ഇവര്‍ക്ക് ചെയ്ത് നോക്കാവുന്നതാണ്. എങ്കിലും തെറാപ്പി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തേടുന്നതാണ് ഉത്തമം.

മൂഡ് വരുന്നില്ല, മോട്ടിവേട്ടന്‍ കിട്ടിയില്ല

പുതിയ ഒരു മാറ്റം ജീവിതത്തില്‍ കൊണ്ടുവരുന്നത്‌ കാലങ്ങളായി ആലോചനയിലുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നില്ലെന്ന് പലരും പറയാറുണ്ട്. ഒരു മൂഡ് വരുന്നില്ല, മോട്ടിവേട്ടന്‍ കിട്ടിയില്ല എന്നതൊക്കെയാണ് കാരണങ്ങളായി പറയാറുള്ളത്. ഒരു വലിയ പദ്ധതി മാത്രം മനസില്‍ കാണുന്നതിന് പകരമായി ഏതെല്ലാം ദിവസം ഞാന്‍ അതിനായി എന്തൊക്കെ ചെയ്യുമെന്ന് കൃത്യമായി ആസൂത്രണം ചെയ്യുകയും ചെറിയ ചെറിയ ടാര്‍ജെറ്റുകള്‍ രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ ഈയൊരു മടിയെ എളുപ്പത്തില്‍ മറികടക്കാനാകും.

മടി എന്റെയൊരു ശീലമാണ്

കാലങ്ങളായി തെറ്റായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്നവര്‍, മയക്കുമരുന്ന് പോലുള്ളവ ഉപയോഗിക്കുന്നവര്‍, യാതൊരുവിധ വ്യായാമങ്ങളും ചെയ്യാത്തവര്‍, ഫോണ്‍ അഡിക്ട് ആയവര്‍ ഒക്കെ ഈ ശീലങ്ങളുടെ ഭാഗമായി മടിയെക്കൂടി തങ്ങളുടെ ശീലമായി ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. മടിപിടിച്ചിരിക്കുക എന്നത് അവര്‍ വര്‍ഷങ്ങളായി വളരെ നോര്‍മലായി കാണുകയായിരിക്കും. മാറാനുള്ള മനസാണ് ആദ്യം വേണ്ടത്. ശരിയാണ് ഉറച്ചുപോയ മടിയെന്ന ശീലത്തെ മറികടക്കാന്‍ ഇത്തിരി പാടാണ്. പക്ഷേ ഓരോ ദിവസവും ഓരോ ചെറിയ മാറ്റങ്ങള്‍ വീതം ജീവിതത്തില്‍ വരുത്തി കൊച്ചുകൊച്ച് സ്‌റ്റെപ്പുകള്‍ വച്ചുവേണം ഇതിനെ മറികടക്കാന്‍. അഡിക്ഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രൊഫഷണല്‍ സഹായവും തേടാവുന്നതാണ്. സ്ഥിരമായി ഡയറി എഴുതുന്നത് ഇക്കൂട്ടരെ വലിയൊരു അളവോളം സഹായിക്കും. ധ്യാനം പോലുള്ളവ പരിശീലിക്കുന്നതും ഇവര്‍ക്ക് സഹായകരമായിരിക്കും.

Story Highlights : Five Common Forms Of Laziness And Simple Ways To Tackle Each

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here