Advertisement

പാകിസ്താന്‍ പലസ്തീനെ വഞ്ചിച്ചോ ? ലണ്ടനില്‍ ഇസ്രയേല്‍ പ്രതിനിധിക്ക് കൈ കൊടുത്തത് വന്‍ ചര്‍ച്ച

November 15, 2025
Google News 3 minutes Read
PAKISTAN

ഈ മാസം ആദ്യം ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) രണ്ട് പേര്‍ തമ്മില്‍ നടത്തിയ അഭിവാദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഇസ്രയേല്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പാകിസ്താന്റെ ടൂറിസം ഉപദേഷ്ടാവിന് ഹസ്തദാനം നല്‍കുന്നതും ഇരുവരും കാര്യമായി സംഭാഷണത്തിലേര്‍പ്പെടുന്നതുമാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഹ്രസ്വമായ ഈ കൂടിക്കാഴ്ച പാകിസ്താന്റെ മാറുന്ന താത്പര്യങ്ങളെ കുറിച്ചുള്ള വിശാലമായ അനുമാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെസ്റ്റ് ഏഷ്യയുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ പുതുക്കുന്ന ഘട്ടത്തില്‍.

ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ലെങ്കിലും ഗസയില്‍ 20000ത്തോളം സൈനികരെ ഇസ്രയേല്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹസ്തദാനം കൊടുങ്കാറ്റായപ്പോള്‍

ലണ്ടനില്‍ എല്ലാ വര്‍ഷവും നടക്കുന്ന പ്രധാനപ്പെട്ട ഒരു ഇവന്റ് ആണ് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാര്‍, അന്താരാഷ്യ തലത്തിലുള്ള മറ്റ് പ്രതിനിധികള്‍, എയര്‍ലൈന്‍ കമ്പനികള്‍, യാത്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവരെല്ലാം പരിപാടിയില്‍ ഒരുകുടക്കീഴില്‍ അണിനിരക്കും. 180ഓളം രാജ്യങ്ങളുടെ പങ്കാളിത്തം വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലുണ്ടാകും. ഈ മാസം നാലിനാണ് പരിപാടി നടന്നത്.

പരിപാടിയില്‍ വച്ച് ഇസ്രയേല്‍ ടൂറിസം ഡയറക്ടര്‍ ജനറല്‍ മൈക്കല്‍ ഇഷാക്കോവും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍ദാര്‍ യാസിര്‍ ഇല്യാസ് ഖാനും ഹസ്തദാനം നല്‍കി പരസ്പരം സംസാരിക്കുന്ന വീഡിയോയാണ് വൈറലായത്. പാകിസ്താന്റെ പവലിയനിലേക്ക് നടന്നെത്തിയ ഇഷാക്കോവ് യാസിര്‍ ഇല്യാസ് ഖാനെ അഭിവാദ്യം ചെയ്യുകയായിരുന്നു. സൗഹൃദപരമെന്ന് തോന്നിക്കുന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൊരു ബോംബ് കണക്കെ പൊട്ടിത്തെറിച്ചു.

ഇസ്രയേലും പാകിസ്താനും തമ്മില്‍ നയതന്ത്ര ബന്ധമില്ല. തങ്ങളുടെ പൗരന്‍മാര്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത് പാകിസ്താന്‍ വിലക്കിയിട്ടുമുണ്ട്. പലസ്തീനോടുള്ള പാകിസ്താന്റെ പ്രഖ്യാപിത ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി വളരെക്കാലമായി ഈ വിലക്ക് നിലനില്‍ക്കുന്നു. ഒരു പ്രധാനപ്പെട്ട ആഗോള പരിപാടിയില്‍ ഇസ്രയേലിന്റെ പങ്കാളിത്തം അസാധാരണമൊന്നുമല്ല. എന്നാല്‍ പാകിസ്താന്‍ പവലിയനിലേക്കുള്ള അവരുടെ സന്ദര്‍ശനവും സൗഹൃദം പങ്കുവെയ്ക്കലും അത്ര സാധാരണമല്ല. കാരണം ഇസ്ലാമാബാദും ടെല്‍ അവീവും തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങളൊന്നും പരസ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ല.

പാകിസ്താന്‍ പ്രതിനിധി പറയുന്നത്

വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പാക് പ്രതിനിധി സര്‍ദാര്‍ യാസിര്‍ ഇല്യാസ് ഖാന്‍ സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു ഔദ്യോഗിക പ്രസ്താവനതന്നെ പുറത്തിറക്കി. താന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരിപാടിക്കിടെ, ഇസ്രായേലില്‍ നിന്നുള്ള ഒരു കൂട്ടം വ്യക്തികള്‍ മുന്‍കൂട്ടി അറിയിക്കാതെ പാകിസ്താന്‍ പവലിയന്‍ സന്ദര്‍ശിച്ചുവെന്നും സ്വയം പരിചയപ്പെടുത്താതെ പാകിസ്താന്‍ പ്രതിനിധി സംഘത്തെ കണ്ടുവെന്നുമാണ് പ്രസ്താവന.

പാകിസ്താന്റെ പ്രതികരണം

വിഷയം കത്തിയതോടെ മാധ്യമ പ്രവര്‍ത്തകരുടെ ഇതേക്കുറിച്ചുള്ള ചോദ്യത്തില്‍ പാക് വിദേശകാര്യ വക്താവ് താഹിര്‍ ഹുസൈന്‍ അന്‍ഡ്രാബി പ്രതികരിച്ചിട്ടുണ്ട്. അത്തരമൊരു മീറ്റിംഗോ ഇടപെടലോ നടന്നിട്ടുണ്ടെങ്കില്‍ തന്നെ, അത് അനുമതിയില്ലാതെയായിരുന്നു. ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് യാതൊരു വിവരവും അറിയില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഇത് നടന്നിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ജൂത കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഡാനിയേല്‍ റോസനെ കണ്ടിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള യുഎസ് ആസ്ഥാനമായുള്ള രാഷ്ട്രീയ ശൃംഖലയിലെ സുപ്രധാന കണ്ണിയാണ് റോസന്‍.

പാകിസ്താനില്‍ നിന്നുള്ളവര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചതിലും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അത്തരം യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സ്ഥിരീകരിച്ചാല്‍ അത് പാസ്പോര്‍ട്ട് നിയമ ലംഘനങ്ങളുടെ പരിധിയില്‍ വരുമെന്നും മന്ത്രാലയം വിശദീകരിച്ചു. ഇസ്രയേല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നതിന് പാകിസ്താന്‍ അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

പാകിസ്താന്‍ രാഷ്ട്രീയ ലോകത്തിന്റെ പ്രതികരണം

രൂക്ഷ വിമര്‍ശനമാണ് പലസ്തീനെ അനുകൂലിക്കുന്ന മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ഉന്നയിക്കുന്നത്. കൊലപാതകികള്‍ക്ക് ഹസ്തദാനം നല്‍കിയത് ഗസയോടും പലസ്തീനോടുമുള്ള ചതിയെന്ന് ജമാഅത്തെ ഇസ്ലാമി മുന്‍ സെനറ്റര്‍ മുശ്താഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. ഇസ്രയേലി ടൂറിസം ഡയറക്ടര്‍ ജനറല്‍ പാകിസ്താന്റെ പവലിയന്‍ സന്ദര്‍ശിച്ചത് നാണക്കേടെന്നും പാകിസ്താനികളുടെ മുറിവില്‍ ഉപ്പ് തേക്കുന്ന നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ഇതിനെ ശക്തമായി അപലപിക്കുന്നതായും പലസ്തീന്‍ ജനതയെ വഞ്ചിച്ചവരോട് രാഷ്ട്രം ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉറ്റുനോക്കി അമേരിക്ക

ദക്ഷിണ – മധ്യ ഏഷ്യയിലുള്ള ഇടപെടലുമായി ബന്ധപ്പെട്ട് പാകിസ്താനെ സുപ്രധാന പങ്കാളിയായി ട്രംപ് ഭരണകൂടം കാണുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗസ സ്റ്റബിലൈസേഷന്‍ മുതല്‍ പ്രാദേശിക ഊര്‍ജ്ജ, ഗതാഗത ഇടനാഴികള്‍ വരെ അമേരിക്കയുടെ വമ്പന്‍ പദ്ധതികളില്‍ പാകിസ്താന്റെ സജീവമായ ഇടപെടല്‍ ഇന്ത്യ, ഇറാന്‍, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ അമേരിക്ക പാകിസ്താന് നല്‍കുന്ന പിന്തുണയുമായൊക്കെയാണ് ഈ സംഭവം കൂട്ടിവായിക്കപ്പെടുന്നത്.

Story Highlights : Pakistani prime minister’s coordinator on tourism, Sardar Yasir Ilyas, meeting with the director general of Israel’s Ministry of Tourism Michael Izhar-Kov

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here