വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍; കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എം പിയുമായ ഡോ ശശി തരൂരിനെ കോണ്‍ഗ്രസിന് എത്രകാലം സഹിക്കാന്‍ കഴിയും? ഇനി അധികകാലം കോണ്‍ഗ്രസില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രഖ്യാപനമാണോ, വീണ്ടും നടത്തിയ മോദി സ്തുതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സംശയിക്കുന്നത്. കുറച്ചുകാലമായി ഡോ ശശി തരൂര്‍ എം പി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുന്നത് തുടരുകയാണ്. (Shashi Tharoor Praises PM Again Risks Congress Fury)
വികസനത്തിനായി വ്യഗ്രതയുള്ളൊരു ഭരണാധികാരിയാണ് മോദിയെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്. മോദിയുടെ കീഴില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായാണ് തരൂരിന്റെ വാദം. ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് തരൂരിന്റെ പ്രസ്താവന. മഹാമാരികള്‍ അതിജീവിച്ചു, രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി ലോകശ്രദ്ധനേടിയെന്നും മോദി പറഞ്ഞതായി തരൂര്‍ ഉദ്ധരിക്കുന്നുണ്ട്.
കൊളോണിയല്‍ മാനസികാവസ്ഥയെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനഭാഗമാണ് തരൂര്‍ തന്റെ കുറിപ്പില്‍ പറയുന്നത്. സാമ്പത്തിക വീക്ഷണത്തിനായും വികസനത്തിനുവേണ്ടിയും വ്യഗ്രതയോടെയിരിക്കാന്‍ രാജ്യത്തോടുള്ള ഒരു സാംസ്‌കാരിക ആഹ്വാനമായിരുന്നു മോദിയുടെ പ്രസംഗമെന്നാണ് തരൂരിന്റെ സ്തുതി. സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരത്തുനിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍ രാജ്യത്തെ ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും തുടര്‍ച്ചയായി പ്രകീര്‍ത്തിച്ച് രംഗത്തുവരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പഹല്‍ഗാം അക്രമവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോദിയേയും ബിജെപി സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി പഹല്‍ഗാം അക്രമത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തിറങ്ങിയ അതേ കാലഘട്ടത്തിലാണ് തരൂര്‍ മോദിയുടെ നിലപാടുകളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നത്. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തെകുറിച്ച് വിശദീകരിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സംഘത്തെ നിയോഗിച്ചപ്പോള്‍ തരൂര്‍ പ്രധാനതാരമായി. പാര്‍ട്ടിയുമായി ആലോചിക്കാതെ തരൂര്‍ സംഘത്തെ നയിക്കാന്‍ എത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി തരൂര്‍ അകലുകയായിരുന്നു. രാജ്യത്തിന്റെ ക്ഷേമമാണ് തനിക്ക് മുഖ്യമെന്നായിരുന്നു തരൂരിന്റെ ഈ വിവാദത്തിലുള്ള നിലപാട്. ഇതിന് ശേഷവും തരൂര്‍ നിരവധി തവണ മോദിയെ സ്തുതിച്ച് രംഗത്തെത്തി.
കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെത്തെ കുറിച്ച് ഒരു മലയാള പത്രത്തില്‍ തരൂര്‍ ലേഖനമെഴുതിയത്. നെഹ്രുകുടുംബത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനമെഴുതിയ തരൂര്‍ ഹൈക്കമാന്റിന്റെ കടുത്ത എതിരാളിയായി മാറിയിരുന്നു. പലയവസരങ്ങളിലും തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോവുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമായി തുടരുകയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനിയെ പ്രകീര്‍ത്തിച്ചതടക്കം തരൂരിനെതിരെയുള്ള നിരവധി പരാതികള്‍ എ ഐ സി സിയുടെ മുന്നില്‍ എത്തിയെങ്കിലും ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാക്കി തരൂരിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍വിജയം നേടാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനായി ഉന്നതാധികാര സമിതി രൂപീകരിക്കുകയും തരൂരിനെ അടക്കം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിക്കാമെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായി കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിന് തിരുവനന്തപുരം എം പി വിനയാവുമോ എന്ന ഭയമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ തരൂര്‍ അടക്കം മോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന പ്രചാരണമാണ് എതിരാളികളായ ബിജെപി നടത്തുന്നത്. ഇത്തരത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന തരൂരിനെ എങ്ങനെ പ്രചരണത്തില്‍ സഹകരിപ്പിക്കുമെന്ന ആശങ്കയിലാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തരൂര്‍ പൂര്‍ണമായും മോദി പക്ഷക്കാരനായി മാറിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആരോപണം. തരൂര്‍ ബിജെപി ചേരിയിലേക്ക് വഴിമാറുന്നതായുള്ള ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തലിനെ തുടര്‍ച്ചയായി തിരുത്തുന്ന തരൂര്‍ താന്‍ കോണ്‍ഗ്രസിനോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്ത പുലര്‍ത്തുന്നു എന്നാണ് പ്രതികരിച്ചിരുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് നേരത്തെ തന്നെ അകലം പാലിച്ചിരുന്ന തരൂര്‍ ജി 23യുടെ ഭാഗമായിരുന്നു. പിന്നീട് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു. ഇതോടെയാണ് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ അകന്നത്. വീണ്ടും മോദിയെ സ്തുതിച്ച് രംഗത്തെത്തിയ ശശി തരൂരിനോട് ഇനിയും മൃദുസമീപനം സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉടന്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പിളരുമെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തരൂരിനെ പുറത്താക്കിയാല്‍ അത് സംഭവിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.
Story Highlights : Shashi Tharoor Praises PM Again, Risks Congress Fury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




