Advertisement

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘പാര്‍ട്ടിക്കും സര്‍ക്കാരിനും ബന്ധമില്ല; ആര് തെറ്റ് ചെയ്താലും ശക്തമായ നിയമ നടപടി സ്വീകരിക്കും’; എം വി ഗോവിന്ദന്‍

November 19, 2025
Google News 2 minutes Read
MV GOVINDAN

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ആരെയും സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ വാസുവിനെ പറ്റിയുള്ള കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കും സ്വര്‍ണക്കൊള്ളയില്‍ യാതൊരു ഉത്തരവാദിത്തം ഇല്ലെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോറിന്റെ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ ആണ് എം വി ഗോവിന്ദന്റെ പ്രതികരണം.

ഒരാളെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട പ്രശ്‌നം ഇപ്പോഴില്ല. അതൊക്കെ കോടതിയുടെ മുന്നില്‍ വരട്ടെ. എനിക്കങ്ങനെ ഒരാളെ കുറിച്ചും ബോധ്യമില്ല. ഞാന്‍ ബോധ്യപ്പെടേണ്ട കാര്യവുമില്ല. കോടതിയുടെ മുന്നില്‍ കൃത്യമായിട്ട് ഒക്കെ വരും. അപ്പോള്‍ നമുക്ക് ആലോചിക്കാം – അദ്ദേഹം പറഞ്ഞു. എ പത്മകുമാറിനെ അറസ്റ്റ് ചെയ്‌തേക്കുമല്ലോ എന്ന ചോദ്യത്തിന് ആരുടെ അറസ്റ്റും തങ്ങള്‍ക്ക് പ്രശ്‌നമല്ല, സര്‍ക്കാരിനും പാര്‍ട്ടിക്കും ഇതുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം, നഷ്ടപ്പെടാന്‍ പാടില്ല. നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്‌ഐടി പുതിയ സംവിധാനം രൂപപ്പെടുത്തി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആരാണോ അതിന്റെ ഉത്തരവാദികള്‍ അവരെ പിടികൂടുക, നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ഫലപ്രദമായി ശിക്ഷിക്കുക – ഇതാണ് സിപിഐഎമ്മിന്റെ ഉന്നം – അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മതനിരപേക്ഷ വാദിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും വര്‍ഗീയ വാദികളെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മതത്തിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ പ്രക്രിയയാണ് വര്‍ഗീയത. വിശ്വാസമല്ല വര്‍ഗീയത. വിശ്വാസികളൊന്നും വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികളെ വര്‍ഗീയവാദികളായിട്ടും, മതനിരപേക്ഷവാദികളെ മതനിരപേക്ഷവാദികളായിട്ടും കാണണം. വിശ്വാസമല്ല അതിന് അടിസ്ഥാനം. എന്‍എന്‍ഡിപി യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലല്ലോ. അത് ഒരു സാമുദായിക സംഘടനയല്ലേ – അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ മതനിരപേക്ഷവാദി എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മതനിരപേക്ഷവാദിയായത് കൊണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തെറ്റായ പല പരാമര്‍ശങ്ങളും പലപ്പോഴും വരുന്നുണ്ട്. അതൊന്നും നമ്മള്‍ അംഗീകരിക്കേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു. ഇസ്ലാം രാഷ്ട്രം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിയെ മുന്നണിയുടെ ഭാഗമായി ഉള്‍ച്ചേര്‍ത്തിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക് വര്‍ഗീയതയ്ക്ക് എതിരെ പറയാനുള്ള എന്തവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Story Highlights : MV Govindan responds to political controversies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here