ശബരിമലയിലെ സ്വര്‍ണക്കെള്ള: മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറും അറസ്റ്റില്‍; സിപിഐഎം കടുത്ത പ്രതിരോധത്തില്‍
ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ നിര്‍ത്താന്‍ ശ്രമിച്ച സിപിഐഎം ഇപ്പോള്‍ അയ്യപ്പ ഭക്തരുടെ മുന്നില്‍ മുട്ടടിച്ചു നില്‍ക്കുകയാണ്. സിപിഐഎമ്മിന്റെ രണ്ട് പ്രമുഖരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായിരുന്ന എന്‍ വാസു, എ പത്മകുമാര്‍ എന്നിവര്‍ അറസ്റ്റിലായതാണ് സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനും തലവേദനയായി മാറിയത്. (CPIM is facing political pressure after a padmakumar’s arrest in sabrimala gold issue)
എ പത്മകുമാര്‍ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവുമാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരിക്കെ എന്‍ വാസു ദേവസ്വം ബോഡര്‍ഡ് കമ്മീഷണറായിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ്പാളിയാക്കിമാറ്റിയത് ഇവരുടെ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറായി വിരമിച്ച വാസു പിന്നീട് സിപിഐഎം നേതാക്കളുടെ ഇഷ്ടക്കാരനെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി. ശബമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള അവസരമൊരുക്കിയത് പത്മകുമാറാണെന്നാണ് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ശബരിമലയില്‍ സ്വര്‍ണം കാണാതായതായി പരാതി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ തന്നെ സംശയ നിഴലിലായിരുന്നു മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായ എ പത്മകുമാറും എന്‍ വാസുവും. തനിക്ക് സ്വര്‍ണക്കവര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു എ പത്മകുമാറിന്റെ പ്രതികരണം. വിദേശ സന്ദര്‍ശനം നടത്തിയത് ആരാണെന്ന് അന്വേഷിച്ചാല്‍ ആരാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാവുമെന്നും താന്‍ വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു പത്മകുമാര്‍ പറഞ്ഞിരുന്നത്.
മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഐഎമ്മിന് ശബരിമല വിഷയത്തില്‍ വ്യക്തമായ മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമാണ്. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന എന്‍ വാസുവിനെ ന്യായീകരിച്ച് മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി രംഗത്തുവന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. കടകംപള്ളിയെ പാര്‍ട്ടി സെക്രട്ടറി തള്ളിയെങ്കിലും അന്വേഷണം മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയില്‍ എത്തുമോ എന്ന ഭയവും സിപിഐഎം നേതാക്കള്‍ക്കുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്മാര്‍ അറസ്റ്റിലായത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പ് കാലത്ത് യുവതി പ്രവേശനവുമായി ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് വിശ്വാസി സമൂഹത്തോടൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇടതുപക്ഷത്തിന് സ്വര്‍ണക്കവര്‍ച്ചാ കേസ് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് സ്വീകരിച്ചുവെങ്കിലും അറസ്റ്റ് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണതട്ടിപ്പ് വിവാദം രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രിയുടെ ആരോപണം. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെ കരിതേച്ചുകാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതോടെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ പുറത്തുവരികയായിരുന്നു.
Story Highlights : CPIM is facing political pressure after a padmakumar’s arrest in sabrimala gold issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




